
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് കോച്ച് ആയ പ്രതിക്ക് 48 വര്‍ഷം കഠിന തടവും 79,000 രൂപ പിഴയും ശിക്ഷ. വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനു(40)വിനെയാണ് മൂന്നാമത്തെ കേസില്‍ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ള ശിക്ഷിച്ചത്. നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടത്തി. ആദ്യ രണ്ടു കേസിലെയും ശിക്ഷാ കാലാവധിക്കു ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ എന്നും വിധിന്യായത്തില്‍ പറയുന്നു. ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 427 പ്രകാരം, പ്രതിയുടെ മറ്റു കേസുകളിലെ ശിക്ഷ കാലാവധി കഴിഞ്ഞതിനു ശേഷം ഈ ശിക്ഷകള്‍ നടപ്പിലാക്കണമെന്ന്് പ്രോസിക്യൂഷന് വാദിച്ചു. ഇതു പരിഗണിച്ചാണ് കോടതി പ്രത്യേകം ശിക്ഷ കാലാവധി വിധിച്ചത്.
തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിങ് സെന്ററില്‍ 2018-ല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കോച്ചിങ്ങിനായി കുട്ടി എത്തുന്നത്. കുറച്ചുനാളുകള്‍ക്ക് ശേഷം കുട്ടിയെ പരിശീലനത്തിനെന്നു പറഞ്ഞ് അവിടത്തെ നെറ്റ്സിലും ജിമ്മിലും മറ്റും കൊണ്ടുപോയാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതു കൂടാതെ കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രതി പകര്‍ത്തുകയും ചെയ്തു. ഇതു കൂടാതെ കുട്ടിയുടെ വീട്ടിലുള്ള നെറ്റ്സില്‍ വച്ചും ലൈംഗികമായി പീഡിപ്പിച്ചു. സ്വകാര്യ കോച്ചിങ്ങിന്റെ പേരു പറഞ്ഞായിരുന്നു പീഡനം. തുടര്‍ന്ന് 2021-ല്‍ കുട്ടി കോച്ചിങ്ങിനായി മറ്റൊരു സ്ഥലത്തേക്കു പോയി. പീഡനം പുറത്ത് പറഞ്ഞാല്‍
ക്രിക്കറ്റ് ഭാവി തകര്‍ക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. 2024 മാര്‍ച്ച് 28-ന് തിരുവനന്തപുരത്ത് നടന്ന പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കടുക്കാന്‍ എത്തിയ കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ കണ്ടതിനെത്തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം ഉണ്ടാവുകയും ഭയന്ന് ബഹളം വയ്ക്കുകയും ചെയ്തു. ഇതു കണ്ട് കൂടെയുള്ളവര്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ഈ കുട്ടി പരാതിപ്പെട്ടതോടെയാണ് മറ്റ് കുട്ടികള്‍ക്കും പരാതി നല്‍കാനുള്ള ധൈര്യം ലഭിച്ചത്. തുടര്‍ന്ന് പ്രതിക്കെതിരേ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ നാലു കേസുകളുടെ വിചാരണ പൂര്‍ത്തിയായി. മൂന്നു കേസുകളില്‍ ശിക്ഷ വിധിച്ചു. കുറ്റക്കാരന്‍ ആയി കണ്ടെത്തിയ നാലാമത്തെ കേസില്‍ തിങ്കളാഴ്ച വിധി പറയും.






