കേപ് വെര്‍ദെയെ ലോകകപ്പ് ഫുട്ബോള്‍ നോക്കൗട്ടിലെത്തിച്ചു ചരിത്ര പുരുഷനായ വോസീഞ്ഞ്യക്കു വേണ്ടത് ഒരു ജോലി. പോര്‍ചുഗീസ് ക്ലബ് ഡിപ്പോര്‍ട്ടീവ ഷാവേസുമായുള്ള കരാര്‍ അവസാനിച്ചതിനാല്‍ ലോകകപ്പ് അവസാനിക്കുന്നതോടെ താരത്തിനു പുതിയ ടീമിനെ കണ്ടെത്തണം.
അരങ്ങേറ്റ ലോകകപ്പില്‍ തന്നെ നോക്കൗട്ടിലെത്തുന്ന രണ്ടാമത്തെ രാജ്യമാണ് കേപ് വെര്‍ദെ. 2010 ലോകകപ്പില്‍ കന്നിക്കാരായി നോക്കൗട്ട് കടന്ന സ്ലോവാക്യയാണു മുന്‍ഗാമി. നോക്കൗട്ടില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയെ നേരിടുന്നതില്‍ ഭയമില്ലെന്നും ഒരു ബ്രസീല്‍ ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ വോസീഞ്ഞ്യ പറഞ്ഞു. ലോകകപ്പില്‍ ഒന്നിലധികം ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ ഗോള്‍ കീപ്പറെന്ന നേട്ടത്തില്‍ ഇംഗ്ലണ്ടിന്റെ പീറ്റര്‍ ഷില്‍ട്ടണ്‍, ഇറ്റലിയുടെ ദിനോ സോഫ് എന്നിവരുടെ നേട്ടത്തിനൊപ്പമെത്താനും വോസീഞ്ഞ്യക്കായി.





