
ബ്രിസ്റ്റോള്‍: നെതര്‍ലന്‍ഡ്സിനെതിരേ നടന്ന വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് 1 മത്സരത്തില്‍ പാകിസ്താന് 37 റണ്‍ ജയം.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ആറ് വിക്കറ്റിനു് 126 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഡച്ച് വനിതകള്‍ 18-ാം ഓവറില്‍ 89 റണ്ണിന് ഓള്‍ഔട്ടായി. പാക് വനിതകളുടെ ലോകകപ്പിലെ ആദ്യ ജയമാണിത്. അഞ്ച് കളികളില്‍നിന്നു രണ്ട് പോയിന്റ് മാത്രം നേടിയ അവര്‍ അഞ്ചാം സ്ഥാനത്താണ്. നാല് തോല്‍വികളാണ് അവര്‍ വഴങ്ങിയത്. ഡച്ച് വനിതകള്‍ കളിച്ച അഞ്ച് മത്സരങ്ങളും തോറ്റു. നാല് കളികളില്‍നിന്ന് എട്ട് പോയിന്റുള്ള ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും ആറ് പോയിന്റ് വീതമുള്ള ഇന്ത്യ രണ്ടാമതും ദക്ഷിണാഫ്രിക്ക മൂന്നാമതുമാണ്്. ഇന്നലെ ടോസ് നേടിയ പാക് നായിക ഫാതിമ സന ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
52 പന്തില്‍ 63 റണ്ണുമായി പുറത്താകാതെനിന്ന ഗുല്‍ ഫെറോസയാണ് അവരെ മികച്ച സ്കോറിലെത്തിച്ചത്. അയേഷ സഫര്‍ 29 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 32 റണ്ണെടുത്തു. നായിക ബാബെറ്റ ഡാ ലീഡ് (41 പന്തില്‍ 30), ഓപ്പണര്‍ ഹീതര്‍ സീഗേഴ്സ് (16 പന്തില്‍ 24) എന്നിവര്‍ മാത്രമാണു ഡച്ചുകാരികളില് പിടിച്ചു നിന്നത്. ഫാതിമ സനയും അയേഷ സഫറും മൂന്ന് വിക്കറ്റ് വീതമെടുത്തു. ഡിയാന ബെയ്ഗും നഷ്റ സന്ധുവും ഒരു വിക്കറ്റ് വീതമെടുത്തു.





