
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനു നികുതി കുറച്ച സർക്കാർ നിലപാടിനെ പിന്തുണച്ച് മന്ത്രി കെ. മുരളീധരൻ. ബജറ്റ് നിർദേശം ധനബില്ലിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബില്ല് പാസായാൽ യുഡിഎഫിൽ ആലോചിക്കും. സർക്കാർ നിലപാട് സദുദ്ദേശപരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്പിരിറ്റ് കലക്കി കൊടുക്കുന്ന സിസ്റ്റം ഇല്ല. കേരളം സമ്പൂർണ മദ്യ നിരോധനം എന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ല. വീര്യം കൂടിയ മദ്യത്തിനല്ലല്ലോ നികുതി കുറച്ചത്. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന രീയിലല്ല ഇത്. സർക്കാരിന്റെ ഉദ്ദേശ്യം നല്ലതാണ് എന്നും പ്രതിപക്ഷം ഇതിനെ ദുരുദ്ദേശപരമായി കാണുന്നത് നിർഭാഗ്യകരമാണെന്നും കെ. മുരളീധരൻ പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിനു നികുതിയിളവ് നൽകുന്ന ബജറ്റ് നിർദേശത്തെ ചൊല്ലി കോൺഗ്രസ്സിലും മുന്നണിയിലുമടക്കം പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ അനുനയന നീക്കങ്ങൾ ഫലം കണ്ടു എന്നാണ് സൂചന. ഇപ്പോൾ മുസ്ലീം ലീഗ് അടക്കമുള്ള വിമർശകർ മൃദുസമീപനത്തിലെത്തിയെന്നാണ് സൂചനകൾ.






