കാവേരി നദീജല തര്‍ക്ക ട്രിബ്യൂണലിന്റെ അന്തിമ വിധിയും ഇതിനെതിരേ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ടായ വിധിയും കേരളത്തിന് വലിയൊരു സാധ്യതയാണ് തുറന്നുനല്‍കിയത്.
പുതിയ വിധി പ്രകാരം തമിഴ്നാടിന്റെയും കര്‍ണാടകയുടെയും വിഹിതത്തില്‍ മാറ്റങ്ങള്‍ വന്നപ്പോഴും കേരളത്തിന് അനുവദിച്ച 30 ടി.എം.സി< വെള്ളത്തിന്റെ അളവില്‍ മാറ്റമൊന്നും വരുത്തിയില്ല. കാവേരിയുടെ കൈവഴികളായ പാമ്പാര്‍ (3 ടി.എം.സി), ഭവാനി (6 ടി.എം.സി), കബനി (21 ടി.എം.സി) എന്നിങ്ങനെയാണ് കേരളത്തിനു ലഭിച്ചിട്ടുള്ള ജലവിഹിതം.
തമിഴ്നാട്ടിലെ ഭൂഗര്‍ഭജല ലഭ്യത കണക്കിലെടുത്തു സംസ്ഥാനത്തിന്റെ വിഹിതം 419 ടി.എം.സിയില്‍നിന്ന് 404.25 ടി.എം.സിയായാണു കുറച്ചത്. ബംഗളൂരു നഗരത്തിലെ കുടിവെള്ള ആവശ്യങ്ങള്‍ക്കായി കര്‍ണാടകയുടെ വിഹിതം 270 ടി.എം.സിയില്‍നിന്ന് 284.75 ടി.എം.സിയായി ഉയര്‍ത്തി. ഇതനുസരിച്ചു തമിഴ്നാടിനു കര്‍ണാടക നല്‍കേണ്ട വാര്‍ഷിക വെള്ളം 192 ടി.എം.സിയില്‍നിന്ന് 177.25 ടി.എം.സിയായി കുറഞ്ഞു.
പാമ്പാറില്നിന്ന് 3 ടി.എം.സി. വെള്ളമാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. കാന്തല്ലൂരിലെ ചെക്ക് ഡാമൊഴിച്ചാല് വെള്ളം ഉപയോഗിക്കുന്നതിനുള്ള ശാസ്ത്രീയ പദ്ധതി ഇനിയും ഇല്ല എന്നുള്ളതാണു വസ്തുത. കാന്തല്ലൂര്‍, വട്ടവട, മറയൂര്‍ ഉള്‍പ്പെടെ കേരളത്തിലെ മഴനിഴല്‍ പ്രദേശം മുഴുവന്‍ ജലസേചന സൗകര്യം ഒരുക്കുന്നതിന് ഈ വെള്ളം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. മഴനിഴല്‍ പ്രദേശം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശാസ്ത്രീയമായി വെള്ളം ഉപയോഗിച്ചാല്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍, നെല്‍കൃഷി, കരിമ്പുകൃഷി, കാലി വളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയ്ക്ക് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തെളിയിക്കാന്‍ സഹായിക്കും.
ഭവാനി നദീതടത്തില്‍നിന്നുള്ള 6 ടി.എം.സി. വെള്ളം അട്ടപ്പാടി ഉള്‍പ്പെടെ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഫലപ്രദമായി ഉപയോഗിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണ്. പച്ചക്കറി, പഴവര്‍ഗങ്ങള്‍, നെല്‍കൃഷി, തെങ്ങ്, കമുക്, കൊക്കോ, ജാതി ഗ്രാമ്പു ഉള്‍പ്പെടെ വിവിധ കൃഷി ആവശ്യങ്ങള്‍ക്കും കാലിവളര്‍ത്തല്‍, തുടങ്ങിയവയും ഈ വെള്ളം ഉപയോഗിക്കാന്‍ നടപടികള്‍ നടപ്പാക്കേണ്ടതുണ്ട്. കബനിയില്‍ നിന്ന് വയനാടിന് 21 ടി.എം.സി വെള്ളമാണ് അനുവദിച്ചിട്ടുള്ളത്. വയനാടിന്റെ സമഗ്ര വികസനത്തിന് ഈ വെള്ളം ഫലപ്രദമായി ഉപയോഗിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ട്. ഇടുക്കി ജില്ലയിലെ മഴനിഴല്‍ പ്രദേശമായ കാന്തല്ലൂര്‍, വട്ടവട, മറയൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും അട്ടപ്പാടി ഉള്‍പ്പെടെയുള്ള പാലക്കാടന്‍ ഗ്രാമങ്ങളിലും വടനാട് ആകമാനവും കാവേരി നദീജലം ഉപയോഗിച്ചുള്ള കൃഷിക്കു ശാസ്ത്രീയത ഉണ്ടാവേണ്ടതുണ്ട്.
കേരളത്തിന് ആവശ്യമായ പഴം, പച്ചക്കറികള്‍, പാല്, നെല്ല്, മാംസം എന്നിവയുടെ ഉത്പാദനത്തിന് ഇതു സഹായകരമാവും. ഇസ്രയേല്‍, വിയറ്റ്നാം രാജ്യങ്ങളുടെ ജല ഉപയോഗ രീതികള്‍ കേരളത്തില്‍ നടപ്പാക്കാവുന്നതാണ്. അതിന് ഒരു ജലനയം നമുക്ക് ഉണ്ടാവേണ്ടതുണ്ട്. ഐ.ഐ.ടി. വിദഗ്ധര്‍ ഇസ്രയേല്‍ പോലുള്ള രാജ്യങ്ങളിലെ വിദഗ്ധര്‍ എന്നിവരുടെ സഹായത്തോടെ ജലനയം രൂപവത്കരിച്ച് കേരളത്തിലെ കാര്‍ഷികമേഖല പുനര്ജീവിപ്പിക്കേണ്ടതുണ്ട്. വരുംകാലങ്ങളില്‍ പൊന്നു വിളയിക്കുന്ന വിദ്യാസമ്പന്നരുടെ നാടായി കേരളം മാറുന്നതിന് വലിയ ആലോചനകളും വൈദഗ്ധ്യത്തോടെ പുതിയ ജലനയവും കൃഷിനയവും നടപ്പാക്കേണ്ടതുണ്ട്. കാവേരി നദീജലത്തില്‍നിന്ന് ജലം ഉപയോഗിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം പുതിയ ജലനയവും കൃഷി നയവും കേരളത്തിന് ഉണ്ടാകേണ്ടതുണ്ട്.
കുരുമുളക്, ഏലം കൃഷികള്‍ക്കും വാഴ, ഇഞ്ചി, മഞ്ഞള്‍, കപ്പ, കാച്ചില്, ചേന, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങി എല്ലാ കൃഷികള്‍ക്കും സഹായകരമായി ജലം ഉപയോഗിക്കാനുള്ള നടപടികളാണ് വേണ്ടത്. സമഗ്ര കൃഷി രീതിക്ക് ഉപയോഗമാവുന്ന പദ്ധതി നിര്‍വഹണമാണ് ആവിഷ്കരിക്കേണ്ടത്. ഉള്‍നാടന്‍ മത്സ്യകൃഷിയുടെ വിപുലീകരണവും ഈ ജലം ഉപയോഗിച്ച് സാധിക്കാവുന്നതാണ്. മറയൂര്‍, വട്ടവട, കാന്തല്ലൂര്‍, അട്ടപ്പാടി, വയനാട് എന്നിവിടങ്ങളില്‍ കാലാവസ്ഥ അനുകൂലമായതുകൊണ്ട് പൂകൃഷി ലാഭകരമായി ചെയ്യാനാവും. വലിയ സമ്പത്ത് കൃഷിക്കാര്‍ക്ക് ലഭിക്കുന്ന ഒരു കൃഷിയായി പൂകൃഷി മാറ്റാനാവും. കൃഷി, വൈദ്യുതി, ഇറിഗേഷന്‍ മന്ത്രാലയങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ഈ കാര്യങ്ങളില്‍ ഉണ്ടാവേണ്ടതുണ്ട്. സംസ്ഥാനത്തിനും കൃഷിക്കാര്‍ക്കും വലിയ വരുമാന വര്‍ധന ഉണ്ടാവുന്നതിനുള്ള സാഹചര്യം ജലനയ രൂപീകരണത്തിലൂടെയും ആധുനിക കൃഷി രീതിയിലൂടെയും നമ്മുടെ നാടിനെ മാറ്റിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഉരിത്തിരിയേണ്ടത് ആവശ്യമാണ്.
കേരളത്തിന്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥ പ്രധാനമായും സുഗന്ധവ്യജ്ഞനങ്ങളും നാണ്യ വിളകളും നെല്ലും ഇടകലര്‍ന്നതാണ്. മികച്ച കാലാവസ്ഥയും ഫലഭൂയിഷ്ടമായ മണ്ണും കാരണം സംസ്ഥാനത്തു വിവിധതരം വിളകള്‍ കൃഷി ചെയ്യാന്‍ സാധ്യമാണ്. റബര്‍, കാപ്പി, തേയില, ഏലം എന്നിവയാണ് മലയോര മേഖലകളിലെ പ്രധാന വിളകള്‍. കുരുമുളക്, ഗ്രാമ്പു, ജാതിക്ക, ഇഞ്ചി, മഞ്ഞള്‍, നെല്‍കൃഷി, വാഴകൃഷി, മരച്ചീനി കൃഷികളും, തെങ്ങ്, കവുങ്ങ്, തുടങ്ങിയവരും ഇടവേള കൃഷികളും ശാസ്ത്രീയമായി നടപ്പാക്കേണ്ടതുണ്ട്.
പ്രകൃതി അനുഗ്രഹിച്ച് നല്‍കിയിരിക്കുന്ന ഭൂപ്രദേശങ്ങളാണ് കാവേരി ജലം ഉപയോഗിച്ച് കൃഷി ചെയ്യാവുന്ന സ്ഥലങ്ങള്‍ എന്നത് വലിയ പ്രത്യേകതയാണ്. ആരോഗ്യകരമായ കൃഷി ഇവിങ്ങളില്‍ നടപ്പായാല്‍ ഫാം ടൂറിസത്തിന് വലിയ സാധ്യതകള്‍ക്ക് വഴിതുറക്കും. അങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ മേഖലയും വികസിച്ചാല്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷിക്കാത്ത മുന്നേറ്റത്തിന് വഴിതുറക്കാവുന്ന ജലനയവും കൃഷിനയവും നമുക്ക് ഉണ്ടാവേണ്ടതുണ്ട്.
അഡ്വ: റോയി വാരികാട്ട്





