
അധികാരകേന്ദ്രങ്ങള്‍ നിഷ്പക്ഷമാവണം; ദീര്‍ഘവീക്ഷണമുള്ളവരാകണം. വരും തലമുറയുടെ നന്മയെ മുന്നില്‍ കണ്ട് യുവതയെ നേര്‍വഴിക്കു നടത്തുന്നവരാകണം. ലഹരിക്കടിമയായ യുവത ഒരു ദേശത്തിന്റെ ശാപമാണ്. കുറേക്കാലമായി കേരളത്തിന്റെ തെരുവുകളില്‍ ലഹരിക്കടിമയായവര്‍ ഏറ്റുമുട്ടുന്നതും മയക്കുമരുന്നു വിതരണം പരസ്യമായി നടത്തുന്നതും ഒരു സാധാരണ കാഴ്ചയായി കേരളത്തിലും മാറിയിരുന്നു. മാരക ലഹരിമരുന്നുകളുപയോഗിച്ച് 'അതിഥികള്‍' അഴിഞ്ഞാടിയ പെരുമ്പാവൂരില്‍ നാട്ടുകാരുടെ ജീവിതം നരകമയമായപ്പോള് അവര്‍ സംഘടിച്ച് ചെറുക്കേണ്ടിവന്ന ഗതികേടും കേരളം കണ്ടതാണ്. എന്നിട്ടും സ്വച്ഛജീവിതം പെരുമ്പാവൂരടക്കമുള്ള പല പ്രദേശങ്ങളിലും സ്വപ്നം മാത്രമായി തീര്‍ന്നിരുന്നു.
ദിനേന കേട്ടുണരുന്ന സാദാ വര്‍ത്തമാനങ്ങളായി കേട്ടാലറയ്ക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും. സ്്ത്രീകള്‍ക്കു നേരേയുള്ള അക്രമങ്ങള്‍ എന്നത്തേക്കാളുമേറെ പെരുകി. കുട്ടികള്‍ വീടുകള്‍ക്കുള്ളില്‍ അരക്ഷിതരായി. എന്നിട്ടും അധികാരകേന്ദ്രങ്ങള്‍ അനങ്ങാതിരുന്നപ്പോള്‍ കേരളം ലഹരിയുടെ ഹബ്ബായി. നേതാക്കളുടെ മക്കള്‍ ലഹരിയുമായി പിടിക്കപ്പെട്ടപ്പോള്‍ പിടിച്ചവര്‍ പ്രതികളായപ്പോള്‍ ഊര്‍ജം നഷ്ടപ്പെട്ടത് നമ്മുടെ പോലീസിന്റെയും എക്സൈസിന്റേതുമായിരുന്നു. അവിടേയ്ക്കാണ് പോലീസ് 'ഓപ്പറേഷന് തൂഫാന് ദ് നാര്‍ക്കോ ഹണ്ട് 'പദ്ധതി നടപ്പിലാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്തമായി നടത്തിയ കാമ്പെയിനും നടപടികളും കേരളത്തില്‍ വരുത്തിയ മാറ്റം വലുതായിരുന്നു.
ഭരിക്കുന്നവര്‍ക്ക് ഇച്ഛാശക്തിയും പോലീസിനും എക്സൈസിനും പൂര്‍ണ സ്വാതന്ത്ര്യവും നല്കിയാല് ഇവിടെ ലഹരിമാഫിയയുടെ വേരറുക്കാനാവുമെന്ന് ഓപ്പറേഷന് തൂഫാന് തെളിയിച്ചിരിക്കുകയാണ്. പൊതുജനങ്ങള്‍ നെഞ്ചേറ്റിയ ഒരു കാമ്പയിനായി ഓപ്പറേഷന് തൂഫാന് മാറിക്കഴിഞ്ഞിരിക്കുന്നു. കാരണം കേരളം അത്രമേല്‍ സഹിച്ചു കഴിഞ്ഞിരിക്കുന്നു;സഹിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞയാഴ്ചവരെ പോലീസിന്റെ കണക്കു പ്രകാരം ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പിടിച്ചെടുത്തത് നാലുകിലോയോളം എം.ഡി.എം.എ, അര ടണ്ണോളം കഞ്ചാവ്, പിന്നെ ഹെറോയിന്‍, ഹാഷിഷ് എന്നിവയും. അയ്യായിരത്തിലേറെപ്പേര്‍ അറസ്റ്റിലുമായി. ഇതു പിടിയിലായവരുടെയും പിടികൂടിയവയുടെയും കണക്ക്. യാഥാര്‍ഥ്യം ഇതിന്റെ എത്രയോ മടങ്ങായിരിക്കും.
ഇതിന്റെ ഇരകള്‍ ഏറെയും കൗമാരക്കാര്‍ മുതല്‍ യുവാക്കള്‍ വരെയാണ് എന്നത് നടുക്കുന്ന യാഥാര്‍ഥ്യമാണ്.
ഞായറാഴ്ച എറണാകുളം ജില്ലയില്‍ മാത്രം ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടന്ന സ്പെഷല്‍ ൈഡ്രവില്‍ 85 പേരാണ് അറസ്റ്റിലായത്. അന്നേദിവസം തന്നെ കൂത്തുപറമ്പില്‍നിന്ന് മുപ്പതുകിലോയോളം കഞ്ചാവടക്കം മൂന്നുപേരേയാണ് പോലീസ് പിടികൂടിയത്. പതിനേഴുകോടിയുടെ പതിനാറു കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയതും കഴിഞ്ഞ ദിവസമാണ്.
ഈ കണക്കുകളൊക്കെ വിരല്‍ ചൂണ്ടുന്ന ഒരു യാഥാര്‍ഥ്യമുണ്ട്. നാടിന്റെ മുക്കിലും മൂലയിലും നെല്ലാരു സംഖ്യ വ്യക്തികള്‍ സ്വബോധത്തിലല്ല സഞ്ചരിക്കുന്നതെന്ന്. ലഹരിക്കടിമയായി എന്തിനും തയാറായി കുറ്റവാളി മനസോടെ പതിയിരിക്കുന്നവരാണ് പലരും. നമ്മുടെ കുഞ്ഞുങ്ങളും സ്ത്രീകളും ഇതിനിടിയില്‍ എത്രമാത്രം അരക്ഷിതരാണ് എന്ന്. ഇരുളൊന്നു വീണാല്‍, കണ്ണൊന്നു തെറ്റിയാല്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിനിടയിലെ ദുര്‍ബലമായ സുരക്ഷയുടെ നൂല്പാലത്തിലൂടെയാണ് അവരുടെ യാത്രയും ജീവിതവും. ലഹരി തല്ലിക്കൊഴിച്ച ജീവതങ്ങള്‍ നിരവധി നമുക്കു മുന്നിലുണ്ട്. ഒരു ദിവസം കൊണ്ടോ മാസങ്ങള്‍ കൊണ്ടോ ലഹരി മാഫിയയുടെ വേരറുക്കാന്‍ ആര്‍ക്കുമാകില്ല. അടിമപ്പെട്ടവരെ ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ കാലങ്ങളുടെ ചികിത്സയും ബോധവല്‍ക്കരണവും വേണം. അവരെ വെറുക്കപ്പെട്ടവരായി വഴിയിലുപേക്ഷിക്കാതെ നമുക്കു നമ്മുടെ കുഞ്ഞുങ്ങളെ നേര്‍വഴിയിലാക്കി കൂടെ ചേര്‍ക്കാനുള്ള നടപടികള്‍ കൂടിയാണ് വേണ്ടത്.
ഓപ്പറേഷന് തൂഫാന് കാമ്പെയിന് അതിന്റെ നേരായ വഴിയിലൂടെ മുന്നേറുമ്പോള്‍ കേരളം ആശ്വസിക്കുന്നത് തങ്ങളുടെ കുട്ടികളെയോര്‍ത്താണ്. തുടക്കത്തിലെ ആവേശം വഴിയില്‍ ചോര്‍ന്നുപോകാതിരിക്കാനുള്ള ആര്‍ജവവും ജാഗ്രതയുമാണ് ഇനി പോലീസിനും സര്‍ക്കാരിനും വേണ്ടത്. പോലീസ് നടപടികളെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും സര്‍ക്കാരും നാടും ഒരുമിച്ചു ചേര്‍ന്ന് തല്ലിക്കെടുത്തുകയാണ് വേണ്ടത്. നാടൊന്നിച്ച് തൂഫാന് യോദ്ധാക്കളാകുമ്പോള് മാത്രമേ അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പൂര്‍ണതയിലെത്തുകയുള്ളൂ. അതിനായ് നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം.





