
തിരുവനന്തപുരം: 2029 ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച മുന്നേറ്റമുണ്ടാക്കാൻ ലക്ഷ്യമിട്ട് പ്രത്യേക പദ്ധതിയുമായി ബിജെപി. മത്സരരംഗത്തിറങ്ങാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളെ അതാത് മണ്ഡലങ്ങളുടെ ചുമതല നൽകി പ്രഭാരിമാരായി നിയമിക്കാനാണ് പാർട്ടിയുടെ നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളിലാണ് ഈ പുതിയ പരീക്ഷണം നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽ മിന്നും വിജയം നേടിയതോടെ കൈവന്ന വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി ഇപ്പോൾ തന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ പ്രഭാരിയാകും. ആറ്റിങ്ങലിൽ കെ. സുരേന്ദ്രൻ, പത്തനംതിട്ടയിൽ അനൂപ് ആന്റണി, ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ അല്ലെങ്കിൽ സന്ദീപ് വചസ്പതി, കൊല്ലത്ത് ചാത്തന്നൂർ എംഎൽഎയായ ബി.ബി. ഗോപകുമാർ എന്നിവരെയാണ് പ്രഭാരിമാരായി പരിഗണിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ നിയമനങ്ങളിൽ അന്തിമ തീരുമാനമുണ്ടാകും. ഇതിനുശേഷം നേതാക്കൾ മണ്ഡലങ്ങളിൽ പൂർണ്ണസമയം ചെലവഴിച്ച് പ്രവർത്തിക്കാനാണ് നേതൃത്വത്തിന്റെ കർശന നിർദ്ദേശം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയുണ്ടായിട്ടും പാലക്കാട് ഉൾപ്പെടെയുള്ള ചില സീറ്റുകൾ ബിജെപിക്ക് നഷ്ടമായിരുന്നു. പാലക്കാട് മണ്ഡലത്തിൽ ശോഭ സുരേന്ദ്രൻ പരാജയപ്പെടാൻ കാരണം മണ്ഡലം കേന്ദ്രീകരിച്ച് കൃത്യമായി പ്രവർത്തിക്കാത്തതാണെന്ന കടുത്ത വിമർശനം ബിജെപി കോർ കമ്മിറ്റിയിൽ ഉയർന്നിരുന്നു. ഈ പാഠങ്ങൾ ഉൾക്കൊണ്ടു കൂടിയാണ്, വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേതാക്കളെ ഇപ്പോൾ മുതൽ തന്നെ അതത് മണ്ഡലങ്ങളിലേക്ക് മുഴുവൻ സമയ പ്രവർത്തനങ്ങൾക്കായി ബിജെപി നിയോഗിക്കുന്നത്.






