
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎൽ ഡയറക്ടർ ശരൺ എസ്. കർത്ത വീണ്ടും ഇ.ഡി. ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ രാവിലെ പത്തരയോടെയാണ് നടപടികൾ ആരംഭിച്ചത്. ഇത് രണ്ടാം തവണയാണ് ശരണിനെ ഇ.ഡി. ചോദ്യം ചെയ്യുന്നത്. നേരത്തെ പത്ത് മണിക്കൂറോളം ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ടി. വീണയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് ശരണിനെ വിളിപ്പിച്ചിരിക്കുന്നത്. എക്‌സാലോജിക്സിന് കരാർ നൽകിയതിന്റെ പശ്ചാത്തലം, 2016-2021 കാലയളവിൽ സർക്കാരിൽ നിന്ന് ലഭിച്ച സഹായങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഇ.ഡി. പരിശോധിക്കുന്നത്.
എസ്.എഫ്.ഐ.ഒ. കുറ്റപത്രത്തിന്റെ അനുബന്ധ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ടി. വീണയെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. എന്നാൽ സിഎംആർഎൽ ഉന്നതരും വീണയും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഇ.ഡി. വിലയിരുത്തുന്നു. ഈ വൈരുദ്ധ്യങ്ങളിൽ വ്യക്തത വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശരൺ എസ്. കർത്തയെ വീണ്ടും ചോദ്യം ചെയ്യുന്നത്.






