
കേരളത്തിലെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിയമനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷ വീണ്ടും അസ്ഥാനത്തായിരിക്കുകയാണ്. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ താല്കാലിക വൈസ് ചാന്‍സലര്‍ നിയമനത്തെ ചൊല്ലിയ വിവാദം കെട്ടടങ്ങും മുമ്പേ കാര്‍ഷിക സര്‍വകലാശാലയിലും സമാനമായ തര്‍ക്കം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. ഇനി സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള നടപടികളിലേക്ക് കടക്കാന്‍ ഗവര്‍ണര്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകളും പുറത്തുവരുന്ന സാഹചര്യത്തില്‍, ഈ ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിക്കാനാണ് സാധ്യത. ഭരണകൂടത്തിന്റെ രാഷ്ട്രീയ നിലപാടും രാജ്ഭവന്റെ ഭരണഘടനാപരമായ അധികാരവും തമ്മിലുള്ള പോരാട്ടമായി ഇതിനെ ചുരുക്കിക്കാണാന്‍ കഴിയില്ല. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാവിയും സര്‍വകലാശാലകളുടെ സ്വയംഭരണവും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ അക്കാദമിക ജീവിതവും ഈ തര്‍ക്കത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുകയാണ്. അതുകൊണ്ടുതന്നെ ഇത് ഒരു രാഷ്ട്രീയ വിവാദമല്ല, പൊതുസമൂഹത്തിന്റെ ആശങ്കയാകേണ്ട വിഷയമാണ്.
ഏതാനും വര്‍ഷങ്ങളായി ബി.ജെ.പി. ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവുകാഴ്ചയായി മാറിയിരിക്കുകയാണ്. തമിഴ്നാട്, പശ്ചിമ ബംഗാള്‍, പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമനങ്ങള്‍, ബില്ലുകള്‍, സര്‍വകലാശാലകള്‍, ഭരണപരമായ അധികാരങ്ങള്‍ എന്നിവയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിരന്തരം കോടതികളിലെത്തി. കേരളത്തിലും മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇടതു സര്‍ക്കാരും തമ്മില്‍ സര്‍വകലാശാലകളുടെ ഭരണവും വൈസ് ചാന്‍സലര്‍ നിയമനവും പ്രധാന സംഘര്ഷവിഷയമായിരുന്നു. പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അധികാരമേറ്റതും സംസ്ഥാനത്ത് സര്‍ക്കാര്‍ മാറിയതും ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷ ഉണ്ടാക്കിയിരുന്നു. എന്നാല്‍, മഹാത്മാഗാന്ധി സര്‍വകലാശാലയിലും ഇപ്പോള്‍ കാര്‍ഷിക സര്‍വകലാശാലയിലും ഉണ്ടായ സംഭവവികാസങ്ങള്‍ കാണിക്കുന്നത് വ്യക്തികള്‍ മാറിയെങ്കിലും സമീപനങ്ങള്‍ക്ക് മാറ്റമില്ലെന്നാണ്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പേരുകള്‍ ഗവര്‍ണര്‍ അംഗീകരിക്കുന്നില്ലെന്നും, സര്‍ക്കാര്‍ നിയമനടപടികള്‍ പാലിക്കുന്നില്ലെന്നും പരസ്പരം ആരോപണങ്ങള്‍ ഉയരുകയാണ്. ഇരുവിഭാഗവും തങ്ങളുടെ നിലപാടിന് നിയമപരമായ ന്യായീകരണങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും, അതിന്റെ യഥാര്‍ഥ പ്രത്യാഘാതം അനുഭവിക്കുന്നത് സര്‍വകലാശാലകളാണ്.
ഈ തര്‍ക്കങ്ങളില്‍ ഏറ്റവും ദുരന്തകരമായ വസ്തുത, സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ലാതെ കേരളത്തിലെ സര്‍വകലാശാലകള്‍ ദീര്‍ഘകാലം പ്രവര്‍ത്തിക്കേണ്ടിവരുന്നു എന്നതാണ്. താല്കാലിക ചുമതലകള്‍ നല്കി സര്‍വകലാശാലകളെ മുന്നോട്ടു നയിക്കാനാകുമെങ്കിലും, അക്കാദമിക നേതൃത്വം താല്ക്കാലികമാകുമ്പോള് സ്ഥാപനങ്ങളുടെ ദീര്‍ഘകാല വികസനം അസാധ്യമാകുന്നു. ഗവേഷണ പദ്ധതികള്‍ വൈകുന്നു, ദേശീയ രാജ്യാന്തര അക്കാദമിക സഹകരണങ്ങള്‍ തടസ്സപ്പെടുന്നു, പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിലും അധ്യാപക നിയമനങ്ങളിലും ഭരണപരമായ തീരുമാനങ്ങളിലും അനിശ്ചിതത്വം സൃഷ്ടിക്കപ്പെടുന്നു. ഈ സാഹചര്യത്തെക്കുറിച്ച് കേരള ഹൈക്കോടതി തന്നെ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിരം വൈസ് ചാന്‍സലര്‍മാരില്ലാത്ത അവസ്ഥ സര്‍വകലാശാലകളുടെ കാര്യക്ഷമതയെയും വിദ്യാര്‍ഥികളുടെ താല്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിയമപരമായ ചിത്രം കൂടി ഇന്ന് ഏറെ വ്യക്തമാണ്. വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് -കം-സെലക്ഷന് കമ്മിറ്റി യു.ജി.സി. ചട്ടങ്ങള്ക്കനുസൃതമായിരിക്കണമെന്ന സുപ്രീംകോടതിയുടെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പാക്കുന്നതിനുള്ള യു.ജി.സി. മാനദണ്ഡങ്ങള്‍ സംസ്ഥാന നിയമങ്ങളെക്കാള്‍ മുന്‍തൂക്കം അര്‍ഹിക്കുന്നവയാണെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം, താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനങ്ങളടക്കമുള്ള കാര്യങ്ങളില്‍ ബന്ധപ്പെട്ട സര്‍വകലാശാലാ നിയമങ്ങള്‍ അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ടെന്നും കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ നിയമത്തെ ആയുധമാക്കി പരസ്പരം ഏറ്റുമുട്ടുന്നതിനേക്കാള്‍ നിയമത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് യോജിച്ച നടപടിക്രമത്തിലൂടെ നിയമനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും കടമ.
നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നടക്കുന്നത് അതല്ല. ഓരോ നിയമനവും കോടതിയിലെത്തുന്നു. ഓരോ കോടതി വിധിയും അപ്പീലാകുന്നു. പൊതുഖജനാവില്‍നിന്നുള്ള പണം ഉപയോഗിച്ച് രാജ്ഭവനും സര്‍ക്കാരും പരസ്പരം നിയമപോരാട്ടം നടത്തുകയാണ്. സര്‍ക്കാര്‍ ചെലവഴിക്കുന്നത് ജനങ്ങളുടെ നികുതിപ്പണമാണ്;രാജ്ഭവന്റെ ചെലവും അതേ ജനങ്ങളുടെ പണമാണ്. ഭരണഘടനാപരമായ രണ്ടു സ്ഥാപനങ്ങള്‍ പൊതുപണം ചെലവഴിച്ച് പരസ്പരം കേസുകള്‍ നടത്തുകയും സര്‍വകലാശാലകളെ അതിന്റെ ഇരകളാക്കുകയും ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയല്ലാതെ മറ്റൊന്നുമല്ല. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനുള്ള വേദി കോടതിയാകാം;പക്ഷേ സര്‍വകലാശാലകള്‍ അതിന്റെ പരീക്ഷണശാലയാകരുത്.
അതിലേറെ അപകടകരമായ മറ്റൊരു പ്രവണതയാണ് വൈസ് ചാന്‍സലര്‍ നിയമനങ്ങളെ രാഷ്ട്രീയ വിശ്വാസത്തിന്റെ കണ്ണിലൂടെ വിലയിരുത്തുന്നത്. ഒരാളെ ഒരു രാഷ്ട്രീയ ആശയധാരയോട് അടുപ്പമുണ്ടെന്ന പേരില്‍ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നതും, മറുവശത്ത് ഭരണകക്ഷിയോട് അടുപ്പമുണ്ടെന്ന പേരില്‍ മറ്റൊരാളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും സര്‍വകലാശാലകളുടെ ആത്മാവിനെ തന്നെ തകര്‍ക്കുന്നതാണ്. വൈസ് ചാന്‍സലര്‍ ഒരു രാഷ്ട്രീയ പ്രതിനിധിയല്ല;അക്കാദമിക മികവിന്റെയും ഗവേഷണ പ്രതിബദ്ധതയുടെയും സ്ഥാപനനേതൃത്വത്തിന്റെയും പ്രതീകമാണ്. നിയമനത്തിന്റെ ഏക മാനദണ്ഡം അക്കാദമിക യോഗ്യതയും ഭരണപരമായ കഴിവും നിഷ്പക്ഷതയും മാത്രമായിരിക്കണം. സര്‍വകലാശാലകളെ രാഷ്ട്രീയ സ്വാധീനമേഖലയായി കാണുന്ന മനോഭാവം ഭരണാധികാരികള്‍ ഉപേക്ഷിക്കാതെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം മുന്നോട്ടുപോകില്ല.
ഗവര്‍ണറും സര്‍ക്കാരും ഭരണഘടന വിഭാവനം ചെയ്ത രണ്ട് സ്ഥാപനങ്ങളാണ്. പരസ്പരം മത്സരിക്കാനല്ല, ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് അവ രൂപകല്പന ചെയ്തിരിക്കുന്നത്. സര്‍വകലാശാലകളുടെ ഭരണം ഏറ്റുമുട്ടലിന്റെ വേദിയാകുമ്പോള്‍ നഷ്ടമാകുന്നത് ഒരു സര്‍ക്കാരിന്റെയോ ഒരു ഗവര്‍ണറുടെയോ പ്രതിച്ഛായയല്ല;ഒരു തലമുറയുടെ വിദ്യാഭ്യാസാവസരങ്ങളാണ്. അതിനാല്‍ ഇനി നടക്കാനിരിക്കുന്ന സ്ഥിരം വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ മറ്റൊരു രാഷ്ട്രീയ യുദ്ധത്തിന്റെ തുടക്കമാകാതെ, ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള അവസരമാകണം. യു.ജി.സി. മാനദണ്ഡങ്ങളും സര്‍വകലാശാലാ നിയമങ്ങളും കോടതി വിധികളും കൃത്യമായി പാലിച്ച്, രാഷ്ട്രീയ ചായ്വല്ല അക്കാദമിക മികവാണ് നിര്‍ണായകമെന്ന സന്ദേശം നല്കുന്ന നിയമനങ്ങളാണ് കേരളത്തിന് വേണ്ടത്. വിദ്യാര്‍ഥികളുടെ ഭാവിയാണ് സര്‍വകലാശാലകളുടെ കേന്ദ്രബിന്ദു;ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും അധികാരപ്പോരല്ല. ആ അടിസ്ഥാന സത്യം തിരിച്ചറിയാന്‍ ഇനിയെങ്കിലും ഇരുകൂട്ടരും തയാറാകേണ്ടതുണ്ട്.




