
അയോധ്യയിലെ ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ടതായി ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ സാധാരണ അഴിമതിക്കേസുകളുടെ കൂട്ടത്തില്‍പ്പെടുത്താവുന്ന ഒന്നല്ല. കാരണം, ഇവിടെ ആരോപിക്കപ്പെടുന്നത് ഒരു ട്രസ്റ്റിന്റെയോ സ്ഥാപനത്തിന്റെയോ പണം ദുരുപയോഗം ചെയ്തുവെന്നല്ല. മറിച്ച്, ഭക്തര്‍ ദൈവത്തിന് സമര്‍പ്പിച്ച സമ്പത്ത് കൈക്കലാക്കിയെന്ന അതീവ ഗൗരവമുള്ള ആരോപണമാണ്.
ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഏറ്റവും സവിശേഷമായ ആശയങ്ങളിലൊന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ക്ഷേത്രത്തിലെ പ്രതിഷ്ഠിത വിഗ്രഹം ഒരു ആരാധനാവസ്തു മാത്രമല്ല;നിയമത്തിന്റെ കണ്ണില്‍ അത് ഒരു 'ജൂറിസ്റ്റിക് പേഴ്സണ്‍' അഥവാ നിയമപരമായ വ്യക്തിയാണ്. അതിന് സ്വത്ത് കൈവശം വയ്ക്കാം. സംഭാവനകള്‍ സ്വീകരിക്കാം. അതിന്റെ പേരില്‍ കേസുകള്‍ നടത്താം. അതിന്റെ അവകാശങ്ങള്‍ കോടതിയില്‍ സംരക്ഷിക്കപ്പെടുകയും ചെയ്യും.
ഈ നിയമസങ്കല്പ്പം ഒരിക്കല്‍ക്കൂടി ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നത് അയോധ്യയിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ്.
നിയമവ്യക്തി എന്നത് എന്താണ്?
നിയമത്തില്‍ വ്യക്തി എന്നത് എല്ലായ്പ്പോഴും മനുഷ്യന് മാത്രമല്ല. ഒരു കമ്പനി, സര്‍വകലാശാല, ട്രസ്റ്റ്, സഹകരണ സംഘം എന്നിവയും നിയമപരമായി വ്യക്തിത്വമുള്ള സ്ഥാപനങ്ങളാണ്. ഇവയ്ക്ക് സ്വത്ത് വാങ്ങാനും വില്‍ക്കാനും കേസില്‍ കക്ഷിയാകാനും കഴിയും.
അതുപോലെ തന്നെയാണ് ഹിന്ദു ക്ഷേത്രങ്ങളിലെ പ്രതിഷ്ഠിത ദേവതകള്‍ക്കും ഇന്ത്യന്‍ നിയമം പ്രത്യേക സാഹചര്യത്തില്‍ നിയമവ്യക്തിത്വം നല്‍കിയത്.
ഇത് മതപരമായ വിശ്വാസത്തെ നിയമം അംഗീകരിച്ചതല്ല;മറിച്ച്, ദേവതയുടെ പേരില്‍ സമര്‍പ്പിക്കപ്പെടുന്ന സ്വത്തുക്കളുടെ ഉടമസ്ഥാവകാശം വ്യക്തമായി നിര്‍വചിക്കാനുള്ള നിയമപരമായ സംവിധാനമാണ്.
നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള നിയമതത്വം
ഈ ആശയം ഇന്നലെയോ ഇന്നോ രൂപപ്പെട്ടതല്ല. 1921ല്‍ അന്നത്തെ പരമോന്നത അപ്പീല്‍ കോടതിയായിരുന്ന പ്രിവി കൗണ്‍സില്‍ വിദ്യാ വരുതി തീര്‍ഥ സ്വാമികളും ബാലുസാമി അയ്യരും തമ്മിലുള്ള കേസില്‍ നിര്‍ണായകമായ നിരീക്ഷണം നടത്തി.
ഹിന്ദുമതവിശ്വാസികള്‍ അവരുടെ ഭക്തി പ്രകടിപ്പിക്കുന്നത് ക്ഷേത്രങ്ങളിലെ പ്രതിഷ്ഠിത ദേവതകള്‍ക്ക് സമര്‍പ്പിക്കുന്ന ദാനങ്ങളിലൂടെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഈ സംഭാവനകള്‍ ക്ഷേത്രഭരണസമിതിക്കോ പൂജാരിക്കോ അല്ല, മറിച്ച് ദേവതയുടെ പേരിലാണെന്ന് വിധി വ്യക്തമാക്കി. അതിലൂടെ ദേവതയ്ക്ക് സ്വത്ത് സ്വീകരിക്കാനും കൈവശം വയ്ക്കാനും നിയമപരമായ ശേഷിയുണ്ടെന്ന തത്വം ഉറപ്പിക്കപ്പെട്ടു.
ഇന്ത്യന്‍ ക്ഷേത്രനിയമത്തിന്റെ അടിത്തറയായി ഇന്നും ഈ വിധി കണക്കാക്കപ്പെടുന്നു.
യഥാര്‍ഥ ഉടമ ആര്?
ഇവിടെയാണ് ഇന്ത്യന്‍ നിയമത്തിന്റെ മറ്റൊരു പ്രത്യേകത. ക്ഷേത്രത്തിലെ സ്വത്തിന്റെ ഉടമ ക്ഷേത്ര ട്രസ്റ്റോ ഭരണസമിതിയോ അല്ല. നിയമപരമായി ആ സ്വത്തിന്റെ യഥാര്‍ഥ ഉടമ ദേവത തന്നെയാണ്.
ട്രസ്റ്റിമാര്‍, മഹന്ത്, ദേവസ്വം ഭരണസമിതി എന്നിവരെല്ലാം വെറും മാനേജര്‍മാര്‍ മാത്രമാണ്.
1951ലെ അംഗുര്ബാല മല്ലിക്കും ദേബബ്രത മല്ലിക്കും തമ്മിലുള്ള കേസില്‍ ജസ്റ്റിസ് ബി.കെ. മുഖര്‍ജി വളരെ വ്യക്തമായി പറഞ്ഞതാണ്.
പദ്മനാഭസ്വാമി ക്ഷേത്ര വിധി
2020ലെ ശ്രീ പത്മനാഭസ്വാമി ക്ഷേത്ര കേസില്‍ സുപ്രീംകോടതി ഈ നിയമതത്വം കൂടുതല്‍ ശക്തിപ്പെടുത്തി.
തിരുവിതാംകൂര്‍ രാജാവായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യം ശ്രീപദ്മനാഭസ്വാമിക്ക് സമര്‍പ്പിച്ചതും പിന്നീട് ഭരണാധികാരികള്‍ സ്വയം 'പദ്മനാഭ ദാസന്' എന്ന നിലയിലാണ് രാജ്യം ഭരിച്ചതെന്നും കോടതി വിശദമായി പരാമര്‍ശിച്ചു.
കോടതി വ്യക്തമായി പറഞ്ഞു: ക്ഷേത്രത്തിലേക്ക് ഭക്തര്‍ സമര്‍പ്പിക്കുന്ന സംഭാവനകളുടെ യഥാര്‍ഥ ഉടമ ദേവത തന്നെയാണ്. ഭരണസമിതി അതിന്റെ സംരക്ഷകനും നടത്തിപ്പുകാരനും മാത്രമാണ്.
ഈ വിധി ക്ഷേത്രസമ്പത്തിന്റെ നിയമപരമായ സ്വഭാവം സംബന്ധിച്ച നിര്‍ണായക നാഴികക്കല്ലായി മാറി.
അയോധ്യ വിധിയിലും ഇതേ തത്വം
2019ലെ രാമജന്മഭൂമി കേസില്‍ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചും ഇതേ ആശയം ആവര്‍ത്തിച്ചു.
ഹിന്ദു വിഗ്രഹം ഒരു ഭക്തന്റെ ആത്മീയ ലക്ഷ്യത്തിന്റെ ദൃശ്യരൂപമാണെന്നും അതിന് നിയമപരമായ വ്യക്തിത്വമുണ്ടെന്നും കോടതി വ്യക്തമാക്കി.
അതിനാലാണ് കേസില്‍ 'ഭഗവാന് ശ്രീരാം ലല്ലാ വിരാജ്മാന്' തന്നെ ഒരു കക്ഷിയായിരുന്നത്.
ഒരു ആരാധ്യവിഗ്രഹം സ്വയം കോടതിയില്‍ ഹാജരാകില്ലെങ്കിലും അതിന്റെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ 'നെക്സ്റ്റ് ഫ്രണ്ട്' മുഖേന കേസ് നടത്താമെന്നതാണ് ഇന്ത്യന്‍ നിയമം.
ദേവത നിയമപരമായി ഒരു 'പ്രായപൂര്‍ത്തിയാകാത്ത വ്യക്തി'
ഇന്ത്യന്‍ നിയമത്തിലെ ഏറ്റവും കൗതുകകരമായ ആശയം ഇതാണ്. 1967 ല്‍ സുപ്രീംകോടതി വിഗ്രഹത്തെ ഒരു മൈനറിന്റെ സ്ഥാനത്താണ് പരിഗണിച്ചത്. അതായത് ദേവതയ്ക്ക് സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭക്തര്‍ക്കോ താല്പര്യമുള്ള വ്യക്തികള്‍ക്കോ കോടതിയുടെ അനുമതിയോടെ അതിന്റെ താല്പര്യം സംരക്ഷിക്കാന്‍ കഴിയും.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ സ്വത്ത് സംരക്ഷിക്കുന്നതുപോലെയാണ് നിയമം ദേവതയുടെ സ്വത്തും സംരക്ഷിക്കുന്നത്.
ഇതുകൊണ്ടുതന്നെ ക്ഷേത്രസമ്പത്ത് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണം ഉയര്‍ന്നാല്‍ അത് വെറും സാമ്പത്തിക കുറ്റകൃത്യമല്ല;നിയമപരമായി സംരക്ഷണം അര്‍ഹിക്കുന്ന ഒരു 'നിയമവ്യക്തിയുടെ' സ്വത്ത് കൈവശപ്പെടുത്താനുള്ള ശ്രമമായാണ് അത് വിലയിരുത്തപ്പെടുന്നത്.
ആദായനികുതി നിയമവും
അംഗീകരിക്കുന്നു
ക്ഷേത്രവിഗ്രഹത്തിന്റെ നിയമവ്യക്തിത്വം മതനിയമത്തില്‍ മാത്രം ഒതുങ്ങുന്നില്ല.
1969ലെ യോഗേന്ദ്ര നാഥ് നാസ്കറും ആദായനികുതി കമ്മിഷണറും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി ഹിന്ദു ദേവതയെ ആദായനികുതി നിയമപ്രകാരം ഒരു 'വ്യക്തി' ആയി കണക്കാക്കാമെന്ന് വിധിച്ചു.
ദൈവത്തെ നിയമം മനുഷ്യനായി കാണുന്നില്ലെങ്കിലും, ഭക്തന് സമര്‍പ്പിച്ച സമ്പത്തിന്റെ പ്രതിനിധിയായി ദേവത പ്രവര്‍ത്തിക്കുന്നതിനാല്‍ നിയമപരമായ വ്യക്തിത്വം അംഗീകരിക്കാമെന്നാണ് കോടതിയുടെ നിലപാട്.
രാമക്ഷേത്ര കേസിന്റെ യഥാര്‍ഥ നിയമപ്രാധാന്യം
അയോധ്യയിലെ ആരോപണങ്ങള്‍ സത്യമാണോ അല്ലയോ എന്നത് അന്വേഷണവും കോടതിവിധിയും തീരുമാനിക്കേണ്ട വിഷയമാണ്.
എന്നാല്‍, ഈ കേസ് വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് ഇന്ത്യന്‍ നിയമത്തിന്റെ അതുല്യമായ ഒരു സങ്കല്പത്തെയാണ്.
ഭക്തര്‍ സമര്‍പ്പിക്കുന്ന സംഭാവനകള്‍ ട്രസ്റ്റിന്റെ വരുമാനമല്ല;അവ ദേവതയുടെ സ്വത്താണ്.
ട്രസ്റ്റിമാര്‍ക്ക് ആ സ്വത്ത് ഉപയോഗിക്കാനുള്ള അധികാരമുണ്ട്;എന്നാല്‍, ഉടമസ്ഥാവകാശമില്ല.
അതിനാല്‍ ക്ഷേത്രസമ്പത്ത് സംബന്ധിച്ച ഏതൊരു ക്രമക്കേടും വെറും സാമ്പത്തിക ക്രമക്കേടായി മാത്രം കാണാനാവില്ല. അത് നിയമം വ്യക്തിത്വം നല്‍കിയിരിക്കുന്ന ഒരു സാങ്കല്പിക വ്യക്തിയുടെ സ്വത്തിനെതിരായ വിശ്വാസവഞ്ചനയെന്ന നിലയിലും വിലയിരുത്തപ്പെടുന്നു.
ഇന്ത്യന്‍ നിയമത്തിന്റെ അപൂര്‍വമായ പാരമ്പര്യം
ലോകത്തെ ഭൂരിഭാഗം നിയമവ്യവസ്ഥകളിലും ദൈവത്തിനോ വിഗ്രഹത്തിനോ നിയമപരമായ വ്യക്തിത്വം നല്കുന്ന രീതി കാണാറില്ല. എന്നാല്‍, ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ നൂറ്റാണ്ടിലേറെക്കാലമായി രൂപപ്പെടുത്തിയ ന്യായപ്രമാണങ്ങളിലൂടെ ക്ഷേത്രദേവതയെ സ്വത്തിന്റെ ഉടമയായി അംഗീകരിക്കുകയും, അതിന്റെ താല്പര്യം സംരക്ഷിക്കാന്‍ ട്രസ്റ്റിമാര്‍ക്ക് വിശ്വാസപരമായ ഉത്തരവാദിത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇത് മതവിശ്വാസത്തെ നിയമമാക്കുന്ന സമീപനമല്ല;മതപരമായ സമര്പണങ്ങളുടെയും ദാനങ്ങളുടെയും നിയമപരമായ സംരക്ഷണം ഉറപ്പാക്കാനുള്ള സവിശേഷമായ ഒരു തത്വസംഹിതയാണ്. അതുകൊണ്ടുതന്നെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍, അത് ഒരു സാധാരണ സാമ്പത്തിക ക്രമക്കേടിനെക്കാള് ഗുരുതരമായ വിശ്വാസലംഘനമായി ഇന്ത്യന്‍ നിയമം കാണും. ക്ഷേത്രത്തിലെ വിഗ്രഹം ആരാധനയുടെ പ്രതീകം മാത്രമല്ല, നിയമത്തിന്റെ കണ്ണില്‍ അവകാശങ്ങളുള്ള ഒരു 'നിയമവ്യക്തി'യുമാണെന്നതാണ് ഈ ചര്‍ച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം.
കെ.ജെ. ജോര്‍ജ്





