കാബൂള്‍: അതിര്‍ത്തിയില്‍ അഫ്ഗാന് പ്രവിശ്യകളിലേക്കു കടന്നുകയറി പാകിസ്താന് നടത്തിയ കര, വ്യോമാക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 36 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. 160 ലധികം പേര്‍ക്ക് പരുക്കേറ്റെന്നും അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാര്‍. പാകിസ്താന്റേത് ഭീരുത്വം നിറഞ്ഞ പ്രവൃത്തിയും ക്രൂര കുറ്റകൃത്യവുമാണെന്നും അഫ്ഗാന് അപലപിച്ചു.
അതേസമയം, ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളില്‍ 29 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണു പാകിസ്താന്റെ അവകാശവാദം. നിരപരാധികള്ള്ക്കെതിരായ സമീപകാല ഭീകരാക്രമണങ്ങള്‍ക്കുള്ള മറുപടിയാണിതെന്നു പാക് വാര്‍ത്താവിനിമയ മന്ത്രി അത്തൗല്ല തരാര്‍ പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തുന്ന ഭീകരസംഘടനകള്‍ക്ക് അഫ്ഗാനിസ്ഥാന് അഭയം നല്‍കുന്നതായി പാകിസ്താന് ഏറെക്കാലമായി ആരോപിച്ചിരുന്നു. ഈ വാദം പലവട്ടം താലിബാന് സര്‍ക്കാര്‍ തള്ളുകയും ചെയ്തിരുന്നു.
സാധാരണക്കാര്ക്കുനേരേ പ്രകോപനമില്ലാതെ പാകിസ്താന് ആക്രമണങ്ങള്‍ നടത്തിയതായി കാബൂളും മുമ്പ് ആരോപിച്ചിരുന്നു. ഭീകരരെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ എന്നാണ് അപ്പോഴും പാകിസ്താന്റെ മറുപടി. ഇക്കുറിയും സാധാരണക്കാരുടെ വീടുകളെയാണ് ആക്രമിച്ചതെന്നു താലിബാന് സര്‍ക്കാര്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ പക്തിയ, പക്തിക, കുനാര്‍ പ്രവിശ്യകളിലെ തീവ്രവാദികളുടെ ഒളിത്താവളങ്ങളാണ് ലക്ഷ്യമിട്ടതെന്ന് പാകിസ്താനും.
അര്‍ധസൈനിക വിഭാഗമായ സിന്ധ് റേഞ്ചേഴ്സിലെ മൂന്ന് അംഗങ്ങള്‍ ശനിയാഴ്ച കറാച്ചിയിലെ ആസ്ഥാനത്ത് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പാകിസ്താന്റെ തിരിച്ചടി. ശനിയാഴ്ച നടന്നത് ചാവേര്‍ ആക്രമണമാണ്. ആക്രമണത്തില്‍ മൂന്ന് ഭീകരരും മരിച്ചു. നാലാമത്തെ അഫ്ഗാന് പൗരനെ അറസ്റ്റ് ചെയ്തതായി പാകിസ്താന് ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്നാണ് പിറ്റേന്നുതന്നെ പാകിസ്താന് പ്രത്യാക്രമണത്തിനിറങ്ങിയത്.
ശനിയാഴ്ചത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജമാഅത്ത്-ഉല്-അഹ്റാര്‍ ഏറ്റെടുത്തു. ടി.ടി.പിയില്‍നിന്നു പിളര്‍ന്ന വിഭാഗമാണ് ജമാഅത്ത്-ഉല്-അഹ്റാര്‍. പാകിസ്താന് താലിബാന് എന്നറിയപ്പെടുന്ന ടിടിപിയെയും ജമാഅത്ത്-ഉല്-അഹ്റാറിനെയും പാകിസ്താനും ഐക്യരാഷ്ട്രസഭയും നിരോധിച്ചിട്ടുണ്ട്.
മുന്‍ ആക്രമണങ്ങളില്‍ ഇവയ്ക്ക് പങ്കുണ്ടെന്നു കാട്ടിയാണ് നിരോധനം. നാളുകളോളം നീണ്ട ഏറ്റുമുട്ടലുകള്‍ക്കു ശേഷം കഴിഞ്ഞ ഒക്ടോബറില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു. എന്നാല്‍, അത് വൈകാതെ പൊളിഞ്ഞു.



