ടെല്‍അവീവ്: യു.എസ്. മധ്യസ്ഥതയില്‍ സമാധാന കരാര്‍ ഒപ്പുവച്ചതിനു പിന്നാലെ ലെബനനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നു വ്യക്തമാക്കി ഹിസ്ബുള്ളയും രംഗത്തെത്തിയതോടെ പ്രതിസന്ധി രൂക്ഷമാകുന്നു.
തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ തന്ത്രപ്രധാന തുരങ്കം തകര്‍ന്നു. 200 മീറ്ററിലധികം നീളവും 25 മീറ്ററിലധികം ആഴവുമുള്ള ഈ തുരങ്കത്തില്‍ വന്‍ആയുധശേഖരം ഉണ്ടായിരുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു അറിയിച്ചു.
ഇസ്രയേലിനെയും അവിടെയുള്ള ജനങ്ങളെയും ലക്ഷ്യമിട്ട് നിര്‍മിച്ച നിരവധി ലോഞ്ച് ഷാഫ്റ്റുകളും (മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍) തുരങ്കത്തിലുണ്ടായിരുന്നെന്ന് നെതന്യാഹു ആരോപിച്ചു.
ആക്രമണവിവരം ഇസ്രയേല്‍ അമേരിക്കയെയും ലെബനനിലെ യു.എസ്. പ്രതിനിധിയെയും മുന്‍കൂട്ടി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേലിനു മുന്നറിയിപ്പുമായി ഹിസ്ബുള്ള രംഗത്തെത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം സ്ഥാപിക്കുന്നതിനും ഹിസ്ബുള്ളയെ നിരായുധരാക്കുന്നതിനുമായി യു.എസിന്റെ മധ്യസ്ഥതയില്‍ ലെബനനും ഇസ്രയേലും വെള്ളിയാഴ്ച ത്രികക്ഷി കരാറില്‍ ഒപ്പുവച്ചിരുന്നു. ഈ കരാര്‍ നിലനില്‍ക്കെയാണു പുതിയ സംഭവവികാസങ്ങള്‍.
തെക്കന്‍ ലെബനനിലെ നബാത്തിയ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇസ്രയേല്‍ നിരവധി ആക്രമണങ്ങള്‍ നടന്നതായി ലെബനന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.എ. റിപ്പോര്‍ട്ട് ചെയ്തു.
തെക്കന്‍ ലെബനനിലുണ്ടായ ഇസ്രേലി സ്റ്റണ്‍ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റതായി ലെബനന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.




