ബര്‍ലിന്‍: ജര്‍മ്മനിയിലെ വടക്കന്‍ നഗരമായ സ്റ്റേഡില്‍ യുവജനക്ഷേമ കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
'ഡങ്കേഴ്സ്ട്രാസെ' തെരുവിലെ കേന്ദ്രത്തിലാണ് വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് മറ്റ് സുരക്ഷാ ഭീഷണികളൊന്നുമില്ലെന്നു പോലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത രണ്ടുപേരില്‍ ഒരാളാണ് വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം. വെടിവയ്പ്പിലേക്ക് നയിച്ച കാരണത്തെക്കുറിച്ചും സംഭവത്തിന്റെ കൃത്യമായ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയെ അപേക്ഷിച്ച് ആയുധ നിയമങ്ങള്‍ കര്‍ശനമായ ജര്‍മ്മനിയില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമാണ്. ലോവര്‍ സാക്സനി സംസ്ഥാനത്തിലുള്‍പ്പെട്ട സ്റ്റേഡില്‍ അമ്പതിനായിരത്തോളമാണു ജനസംഖ്യ.



