ലണ്ടന്‍: ഹാസ്യ പരമ്പരകളിലൂടെ പ്രസിദ്ധയായ നടി പെനിലോപ് കീത്ത് (86) അന്തരിച്ചു. ക്യാന്‍സറിനെ തുടര്‍ന്നു ചികിത്സയിലായിരുന്നു. 'ദ് ഗുഡ് ലൈഫ്' എന്ന പരമ്പരയിലെ ഗര്‍വ്വുള്ള അയല്‍ക്കാരിയായ മാര്‍ഗോ ലീഡ്ബെറ്റര് എന്ന കഥാപാത്രവും, 'ടു ദ് മാനര്‍ ബോണ്‍' എന്ന പരമ്പരയിലെ വിധവയായ പ്രഭ്വി ഓഡ്രി ഫോര്ബ്സ്ഹാമില്ട്ടണ് എന്ന കഥാപാത്രവും പെനിലോപിന് പ്രശസ്തി നേടിക്കൊടുത്തു.
സറേയില്‍ ജനിച്ച പെനിലോപ് 1963ല്‍ റോയല്‍ ഷേക്സ്പിയര് കമ്പനിയില്‍ ചേര്‍ന്നു. 1976ല്‍ 'ഡോങ്കീസ് ഇയേഴ്സ്' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച ഹാസ്യ നടിക്കുള്ള ഒലിവിയര്‍ അവാര്‍ഡ് നേടി. 1980കളിലും 90കളിലും എക്സിക്യൂട്ടീവ് സ്ട്രെസ്, നോ ജോബ് ഫോര്‍ എ ലേഡി, നെക്സ്റ്റ് ഓഫ് കിന് തുടങ്ങിയ ജനപ്രിയ സിറ്റ്കോമുകളിലും അവര്‍ അഭിനയിച്ചു. കലാരംഗത്തിനു നല്കിയ സംഭാവനകള്‍ പരിഗണിച്ച് 2014ല്‍ ബ്രിട്ടന് അവരെ ഡെയിം പദവി നല്കി ആദരിച്ചു.




