
രാജസ്ഥാനിലെ ഭീൽവാഡ ജില്ലയിലെ കരേഡ പട്ടണത്തിലെ മൊബൈൽ ഷോപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് ഉൾപ്പെട്ട സംഘത്തിന്റെ കവർച്ച. തിങ്കളാഴ്ച രാത്രി നടന്ന മോഷണത്തിൽ ഏകദേശം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 35 മുതൽ 40 വരെ സ്മാർട്ട്ഫോണുകളാണ് സംഘം കവർന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
കരേഡ ടൗണിലെ ബസ് സ്റ്റാൻഡിന് സമീപത്തെ മതേശ്വരി മൊബൈൽ ഷോപ്പിലാണ് മോഷണം നടന്നത്. കടയുടെ മേൽക്കൂരയിലൂടെ അകത്തുകയറിയ മോഷ്ടാക്കൾ ഷട്ടർ കുത്തിത്തുറന്ന് വിലകൂടിയ മൊബൈൽ ഫോണുകളുമായി കടന്നുകളയുകയായിരുന്നുവെന്ന് കടയുടമ ലക്ഷ്മൺ സെൻ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ കട തുറന്നപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. വിലപിടിപ്പുള്ള മൊബൈൽ ഫോണുകളുടെ പെട്ടികൾ കാലിയായി കിടക്കുന്നതും സാധനങ്ങൾ കടയ്ക്കുള്ളിൽ ചിതറിക്കിടക്കുന്നതുമാണ് കണ്ടത്.
പരാതിയെ തുടർന്ന് കരേഡ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കടയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സാമ്യമുള്ള മുഖംമൂടി ധരിച്ചിരുന്നതായി വ്യക്തമായത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.






