വാഷിങ്ടണ്‍: എഐ(നിര്‍മിത ബുദ്ധി) തോറ്റതോടെ തങ്ങളുടെ മുതിര്‍ന്ന എന്‍ജിനീയര്‍മാരെ തിരിച്ചുവിളിച്ച് വാഹനനിര്‍മാതാക്കളായ ഫോര്‍ഡ്. എന്‍ജിനീയറിങ്ങിലും നിര്‍മാണരംഗത്തും നിര്‍മിത ബുദ്ധിക്ക് തങ്ങളുടെ മുതിര്‍ന്ന എന്‍ജിനീയര്‍മാരുടെ അറിവിനും അനുഭവസമ്പത്തിനും ഒപ്പമെത്താന്‍ സാധിക്കുന്നില്ലെന്നു കമ്പനി സമ്മതിച്ചു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫോര്‍ഡ് ഗുണനിലവാര പരിശോധനകള്‍ ഉള്‍പ്പെടെയുള്ള തങ്ങളുടെ എന്‍ജിനീയറിങ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്. എന്നാല്‍, ആ നീക്കം പൂര്‍ണ വിജയമാകാത്തതിനെ തുടര്‍ന്നു പരിചയസമ്പന്നരായ മുന്നൂറിലധികം എന്‍ജിനീയര്‍മാരെ കമ്പനി വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 'എഐ എന്നത് മികച്ചൊരു സംവിധാനമാണ്, എന്നാല്‍ അതിനെ പരിശീലിപ്പിക്കാന്‍ നല്കുന്ന വിവരങ്ങളുടെ അത്രമാത്രമേ അതിനും ഗുണമുണ്ടാകൂ'- വെഹിക്കിള്‍ ഹാര്ഡ്വേര് എന്‍ജിനീയറിങ് വൈസ് പ്രസിഡന്റ് ചാര്‍ലസ് പൂണ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷമായിരുന്നു എഐക്ക് കൂടുതല്‍ പ്രധാന്യം നല്‍കാനുള്ള തീരുമാനമുണ്ടായത്. വ്യവസായ വ്യവസ്ഥയിലുടനീളം എഐ വിന്യസിക്കുമെന്നു കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കുമാര്‍ ഗല്ഹോത്രയാണു പ്രഖ്യാപിച്ചത്. എന്നാല്‍ കമ്പനി ഓട്ടോമേഷനെ അമിതമായി ആശ്രയിച്ചുവെന്നും എഐ അടിസ്ഥാനമാക്കിയുള്ള പരിശോധനകള്‍ പ്രതീക്ഷിച്ച ഫലം നല്‍കിയില്ലെന്നും ചാര്‍ലസ് പൂണ് സമ്മതിച്ചു.
'ഡിസൈന്‍ ആവശ്യകതകള്‍ എഐ സിസ്റ്റത്തിലേക്ക് നല്കിയതുകൊണ്ട് മാത്രം ഉയര്‍ന്ന നിലവാരമുള്ള ഒരു ഉല്‍പ്പന്നം നിര്‍മിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെറ്റായി ധരിച്ചു'- അദ്ദേഹം വ്യക്തമാക്കി. വിരമിച്ച ശേഷം തിരിച്ചെത്തിയ എന്‍ജിനീയര്‍മാര്‍ ഇപ്പോള്‍ ഫോര്‍ഡിന്റെ എഐ സംവിധാനങ്ങളെ പരിശീലിപ്പിക്കാനും യുവ എന്‍ജിനീയര്‍മാരെ നയിക്കാനും സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
വാഹന വ്യവസായ രംഗം വളരെ പ്രാധാന്യത്തോടെ വീക്ഷിക്കുന്ന ഗുണനിലവാര റാങ്കിങ്ങില്‍ ഫോര്‍ഡ് വീണ്ടും ഒന്നാമതെത്തിയ വേളയിലാണ് എഐക്ക് പോരായ്മകള്‍ സംഭവിച്ചു എന്ന തുറന്നുപറച്ചില്‍.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിചയസമ്പന്നരായ എന്‍ജിനീയര്‍മാരുടെ ജോലി ഇല്ലാതാക്കുമെന്ന ഭയത്തിനു വിപരീതമാണ് ഫോര്‍ഡിന്റെ നീക്കം. പതിറ്റാണ്ടുകളുടെ മനുഷ്യാനുഭവത്തിന് പകരമായി എഐ ഉപയോഗിക്കുന്നതിനേക്കാള്‍, അതിനോടൊപ്പം ചേര്‍ന്നുപോകുമ്പോഴാണ് ഈ സാങ്കേതികവിദ്യ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുകയെന്ന് ഫോര്‍ഡ് വ്യക്തമാക്കുന്നു. തല്‍ക്കാലമെങ്കിലും പരിചയസമ്പന്നരായ വിദഗ്ധര്‍ക്ക് പകരമായി മറ്റൊന്നില്ല എന്നാണു ഫോര്‍ഡിനു ലഭിച്ച തിരിച്ചടി നല്കുന്ന സൂചന.




