
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പില്‍ യൂസര്‍നെയിം അവതരിപ്പിക്കാന്‍ മെറ്റ. ഇതോടെ ഫോണ്‍ നമ്പറുകള്‍ പങ്കിടാതെ തന്നെ ഉപയോക്താക്കള്‍ക്ക് പരസ്പരം ആശയവിനിമയം നടത്താന്‍ സാധിക്കും. ആശയവിനിമയം കൂടുതല്‍ സ്വകാര്യവും സുരക്ഷിതവുമാക്കാന്‍ മാറ്റം ഉപകരിക്കുമെന്നാണ് അവകാശവാദം.
രാജ്യാന്തരതലത്തില്‍ 300 കോടിയിലധികം ഉപയോക്താക്കള്‍ വാട്ട്സ്ആപ്പിനുണ്ട്. ഇതുവരെ ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള പ്രധാന മാര്‍ഗമായി ഉപയോഗിച്ചിരുന്നത് ഫോണ്‍ നമ്പറുകളായിരുന്നു. ഫോണ്‍ നമ്പര്‍ ലഭിച്ചാല്‍ അതിലേക്ക് ആര്‍ക്കും സന്ദേശങ്ങള്‍ അയയ്ക്കാമെന്ന അവസ്ഥയാണു മാറുന്നത്. വരാനിരിക്കുന്ന ഈ ഫീച്ചര്‍ ഫോണ്‍ നമ്പറിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നു മെറ്റ അറിയിച്ചു. ഡിജിറ്റല്‍ തട്ടിപ്പുകള്‍ ഒഴിവാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണു പുതിയ സംവിധാനം. ഇന്ത്യന്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് സ്ഥാപകനായ കുനാല്‍ ഷാ വാട്ട്സ്ആപ്പിന്റെ ചുമതലയേല്‍ക്കുന്ന സമയത്താണു പുതിയ അപ്ഡേറ്റ് വരുന്നത്. പ്ലാറ്റ്ഫോമിന്റെ വലിയ ആഗോള സ്വാധീനം പ്രയോജനപ്പെടുത്തിക്കൊണ്ട്, അതിവേഗം വളരുന്ന ഓണ്‍ലൈന്‍ പേയ്മെന്റ് വിപണിയില്‍ വലിയൊരു പങ്ക് സ്വന്തമാക്കാനും വാട്ട്സ്ആപ്പിനെ ഒരു 'സൂപ്പര്‍ആപ്പ്' ആക്കി മാറ്റാനും കമ്പനി ലക്ഷ്യമിടുന്നു.
യൂസര്‍നെയിമുകള്‍ വരുന്നതോടെ, ഫോണ്‍ നമ്പര്‍ മറ്റുള്ളവര്‍ക്ക് സ്വയമേവ ദൃശ്യമാകില്ല. ഉപയോക്താക്കള്‍ക്ക് തനതായ യൂസര്‍നെയിം തെരഞ്ഞെടുക്കാം. ഫോണ്‍ നമ്പറിന് പകരം യൂസര്‍നെയിം ഉപയോഗിക്കാനാകും. യൂസര്‍നെയിമുകള്‍ 3 മുതല്‍ 35 അക്ഷരങ്ങള്‍ വരെ നീളമുള്ളതായിരിക്കണം.അതൊരു സാമൂഹിക മാധ്യമ ഐഡന്റിറ്റി എന്നതിലുപരി, സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള ഫീച്ചറായിട്ടാണു രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നു മെറ്റ അറിയിച്ചു. ഒരാള്‍ക്ക് ആദ്യമായി സന്ദേശം അയയ്ക്കണമെങ്കില്‍ കൃത്യമായ യൂസര്‍നെയിം അറിഞ്ഞിരിക്കണം.
ആരൊക്കെയാണു തങ്ങളെ ബന്ധപ്പെടേണ്ടതെന്ന് തീരുമാനിക്കാന്‍ ഉപയോക്താക്കള്‍ക്ക് 'യൂസര്‍നെയിം കീ' സെറ്റ് ചെയ്യാം. യൂസര്‍നെയിം വഴി ആദ്യമായി സന്ദേശം അയക്കുന്നതിന് ഈ കീ ആവശ്യമാണ്, ഇത് സുരക്ഷയുടെ മറ്റൊരു തലം കൂടി നല്കുന്നു. ഈ കീ എപ്പോള്‍ വേണമെങ്കിലും മാറ്റാനാകും.
യൂസര്‍നെയിം മുന്‍കൂട്ടി റിസര്‍വ് ചെയ്യാം?
വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ യൂസര്‍നെയിം മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സൗകര്യമുണ്ട്. അതിനായി വാട്ട്സ്ആപ്പില്‍ സെറ്റിങ്സ് സെലക്ട് ചെയ്യുക. അതില്‍ അക്കൗണ്ട് തെരഞ്ഞെടുത്തശേഷം 'സെലക്ട് യൂസര്നെയമില്' ക്ലിക് ചെയ്യുക.
ഇന്‍സ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും നിലവില്‍ അക്കൗണ്ടുകളുള്ള കമ്പനികള്‍ക്കും സംഘടനകള്‍ക്കും ക്രിയേറ്റര്‍മാര്‍ക്കും വാട്ട്സ്ആപ്പില്‍ അവരുടെ യൂസര്‍നെയിമുകള്‍ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. വ്യാജ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ യൂസര്‍നെയിമുകള്‍ വാട്ട്സ്ആപ്പ് തടഞ്ഞുവയ്ക്കും.
എപ്പോഴാണ് ലഭ്യമാകുക?
ഘട്ടം ഘട്ടമായിട്ടായിരിക്കും മാറ്റം കൊണ്ടുവരിക. ഈ ആഴ്ച മുതല്‍ ഉപയോക്താക്കള്‍ക്ക് യൂസര്‍നെയിം റിസര്‍വ് ചെയ്യാം.
ഈ ഫീച്ചര്‍ ഈ വര്‍ഷം അവസാനത്തോടെ ഔദ്യോഗികമായി ലോഞ്ച് ചെയ്യും.വരുന്ന മാസങ്ങളില്‍ ക്രമേണ ലഭ്യമാക്കും. ഇന്ത്യയില്‍ ഇത് ലഭ്യമാകുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ആപ്പില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും.
വലിയ ഉപയോക്തൃ അടിത്തറയുള്ളതിനാലാണു റിസര്‍വേഷനുകള്‍ നേരത്തെ ആരംഭിച്ചതെന്ന് വാട്ട്സ്ആപ്പ് പറയുന്നു.'വാട്ട്സ്ആപ്പില്‍ 300 കോടിയിലധികം ആളുകള്‍ ഉള്ളതിനാല്‍ പലരുടെയും പേരുകള്‍ ഒരേപോലെ വരാന്‍ സാധ്യതയുണ്ട്, അതുകൊണ്ടാണു റിസര്‍വേഷനുകള്‍ നേരത്തെ ആരംഭിക്കുന്നത്, അതുവഴി എല്ലാവര്ക്കും തങ്ങള്‍ക്ക് ആവശ്യമുള്ള യൂസര്‍നെയിം തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും'- കമ്പനി അറിയിച്ചു.




