
ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ സാക്ഷ്യംവഹിക്കുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ ഉഷ്ണതരംഗകാലത്തിനെന്നു റിപ്പോര്‍ട്ട്. അന്തരീക്ഷ താപനില അനുദിനം ഉയരുമ്പോള്‍ കൊടുംചൂടിനെ അതിജീവിക്കാനാകാതെ മരണങ്ങളും പെരുകുന്നതായി കണക്കുകള്‍. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലെ വര്‍ധനയില്‍ ആരോഗ്യസംവിധാനങ്ങളും പ്രതിസന്ധിയില്‍.
ചൂടിന്റെ കാഠിന്യം വ്യക്തമാക്കുന്ന നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുറത്തുവച്ചിരിക്കുന്ന പാനുകളില്‍ മുട്ട ഉള്‍പ്പെടെയുള്ളവ പാകംചെയ്യുന്നതാണ് ഇവയിലൊന്ന്. കൊടുംചൂടില്‍ റെയിലുകള്‍ ഉരുകി ഒട്ടിപ്പിടിച്ച് ട്രാം സര്‍വീസുകള്‍ മുടങ്ങിയതായാണ് ജര്മനിയില്നിന്നുള്ളതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ലീപ്സിഗിലാണത്രേ ഈ സംഭവം. വ്യാപാരസ്ഥാപനങ്ങളിലെ ചോകേ്ലറ്റ് ഉള്‍പ്പെടെയുള്ളവ ഉരുകിയൊലിച്ചുപോകുന്നതാണു മറ്റൊരു ദൃശ്യത്തിലുള്ളത്. വെയിലേറ്റ് ഷോപ്പിങ് കാര്‍ട്ടും ചെരുപ്പും ഉരുകുന്നതും വാഴപ്പഴം തനിയെ അടര്‍ന്നുവീഴുന്നതും കാണാം. പ്രക്ഷോഭകാരികളെ നേരിടാന്‍ പോലീസ് ഉപയോഗിക്കുന്ന ജലപീരങ്കികളിലെ വെള്ളത്തില്‍ ജനം കുളിക്കുന്നതാണ് മറ്റു ചില വീഡിയോകളുടെ ഉള്ളടക്കം. അതേസമയം, ഈ ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ചരിത്രത്തിലെ ഏറ്റവും കാഠിന്യമേറിയ ഉഷ്ണതരംഗമാണ് യൂറോപ്പില്‍ പിടിമുറുക്കിയിരിക്കുന്നതെന്നതിന് വിവിധ രാജ്യങ്ങളിലെ താപനില തെളിവാണ്. കഴിഞ്ഞ വാരാന്ത്യം ചെക് റിപ്പബ്ലിക്, ജര്‍മനി, പോളണ്ട് എന്നീ രാജ്യങ്ങളില്‍ 40 ഡിഗ്രി മുതല്‍ 42 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരുന്നു താപനില. ഭൂമിയില്‍ ഏറ്റവും വേഗത്തില്‍ ചൂടുപിടിക്കുന്ന ഭൂഖണ്ഡം യൂറോപ്പാണെന്നും രാജ്യാന്തര ശരാശരിയേക്കാള്‍ ഇരട്ടിവേഗത്തിലാണ് മേഖലയില്‍ ചൂടുകൂടുന്നതെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്റോസ് അഥനോം ഗബ്രിയേസസ് സാക്ഷ്യപ്പെടുത്തുന്നതിലൂടെ സാഹചര്യം ആശങ്കാജനകമാണെന്നു വ്യക്തം.




