മോസ്കോ: യുൈക്രന് യുദ്ധം മൂലമുണ്ടായ ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യ ഇന്ത്യയില്‍നിന്നു പെട്രോള്‍ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യ ഇതിനകം 60,000 മെട്രിക് ടണ്‍ പെട്രോള്‍ റഷ്യയിലേക്ക് അയച്ചുകഴിഞ്ഞു.
40,000 ടണ്‍ വരെ വഹിക്കുന്ന രണ്ടു കപ്പലുകള്‍ കൂടി റഷ്യയിലേക്ക് അയച്ചിട്ടുണ്ട്. ഏത് ഇന്ത്യന്‍ റിഫൈനറിയാണ് റഷ്യക്കു പെട്രോള്‍ നല്കുന്നതെന്നു വ്യക്തമായിട്ടില്ല. റഷ്യയിലെ എണ്ണ ശുദ്ധീകരണശാലകള്ക്കുനേരേ യുൈക്രന് നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളാണ് രാജ്യത്തിന്റെ ചില മേഖലകളില്‍ കടുത്ത ഇന്ധനക്ഷാമം സൃഷ്ടിച്ചിരിക്കുന്നത്. പ്രതിസന്ധി നേരിടാന്‍ അയല്‍രാജ്യമായ ബലാറസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്ന് പ്രതിമാസം 4,00,000 ടണ്‍ പെട്രോള്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് റഷ്യ.
അതിനിടെ, റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ജൂണില്‍ റെക്കോഡ് വര്‍ധന രേഖപ്പെടുത്തിയെന്ന് വ്യവസായികവൃത്തങ്ങള് പറഞ്ഞു. ഹോര്‍മൂസ് കടലിടുക്ക് അടച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി നേരിടാനാണ് ഇന്ത്യ റഷ്യയില്‍നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചത്. ജൂണില്‍ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ പകുതിയിലധികവും റഷ്യന്‍ ക്രൂഡ് ഓയിലാണ്. മേയില്‍ ഇത് 36.5 ശതമാനമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ ജൂണില്‍ പ്രതിദിനം 27 ലക്ഷം ബാരല്‍ റഷ്യന്‍ എണ്ണയാണ് വാങ്ങിയത്.



