
ലണ്ടന്‍: മനുഷ്യര്‍ പെട്ടെന്ന് ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായാല്‍ ലോകം എങ്ങനെയിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മെ ആ ചിന്ത ഭയപ്പെടുത്തും. നമ്മുടെ സ്ഥാനത്തേക്ക് ആര് വരും? നമ്മള് പോയിക്കഴിഞ്ഞാല്‍ ഏത് തരത്തിലുള്ള ജീവിയായിരിക്കും ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കുക? ആ ചോദ്യത്തിനുള്ള ഉത്തരം 'ബയോളജി' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ്. അന്യഗ്രഹ ജീവികളോട് സാമ്യമുള്ള ശരീരപ്രകൃതിയുള്ളതും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സവിശേഷമായ കഴിവുള്ളതുമായ നീരാളിയുടെ പേരാണു ശാസ്ത്രജ്ഞര്‍ നിര്‍ദേശിച്ചത്. ഉപകരണങ്ങള്‍ ഉപയോഗിക്കുക, പശ്ചാത്തലത്തിനനുസരിച്ച് നിറം മാറുക, ഓര്‍മ്മശക്തി, ആശയവിനിമയം തുടങ്ങിയ സങ്കീര്‍ണമായ സ്വഭാവങ്ങള്‍ നീരാളികള്‍ കാണിക്കുന്നുണ്ടെന്നു ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. അതാണ് അവ ഭൂമി ഭരിക്കുമെന്ന കണക്കുകൂട്ടലിനു പിന്നില്‍. മുമ്പ് സസ്തനികള്‍ക്ക് മാത്രം ഉള്ളതാണെന്ന് കരുതിയിരുന്ന സവിശേഷതകളാണിവ. മനുഷ്യരില്ലാത്ത ഒരു ലോകത്ത് ഭൂമിയെ ഭരിക്കാന്‍ ഒക്ടോപസുകള്‍ക്ക് കഴിഞ്ഞേക്കുമെന്നാണ് പല ശാസ്ത്രജ്ഞരും ഇപ്പോള്‍ വിശ്വസിക്കുന്നത്.
മനുഷ്യര്‍ പെട്ടെന്ന് അപ്രത്യക്ഷമായാല്‍, ജീവന്റെ നിലനില്‍പ്പ് എന്നത് ബുദ്ധിശക്തി, സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്, വിഭവങ്ങള്‍ കണ്ടെത്താനുള്ള മിടുക്ക് എന്നിവയെ ആശ്രയിച്ചിരിക്കും. നീരാളികള്‍ക്ക് ഇവയെല്ലാം കൃത്യമായുണ്ട്. അവയ്ക്ക് പസിലുകള്‍ പരിഹരിക്കാനും, ഭരണികളുടെ മൂടി തുറക്കാനും, തടവറകളില്‍നിന്ന് രക്ഷപ്പെടാന്‍ പ്ലാന്‍ ചെയ്യാനും, മനുഷ്യരുടെ മുഖങ്ങള്‍ തിരിച്ചറിയാനും വരെ കഴിയും. ഇതിലും അതിശയകരമായ കാര്യം അവയുടെ ബുദ്ധിശക്തി പ്രവര്‍ത്തിക്കുന്ന രീതിയാണ്. നീരാളികളുടെ ബുദ്ധിശക്തി അതിന്റെ കൈകളിലേക്കു വ്യാപിച്ചുകിടക്കുന്നു. ഇത് അവയ്ക്ക് സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാനും, ചുറ്റുപാടുകള്‍ മനസിലാക്കാനും, പെട്ടെന്ന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും സഹായകരമാകുന്നു.
മനുഷ്യരേപ്പോലെ കേന്ദ്രീകൃത മസ്തിഷ്കത്തിനു പകരം, നീരാളികള്ക്കുള്ളത് വികേന്ദ്രീകൃത നാഡീവ്യവസ്ഥയാണുള്ളത് . അതിനാല്‍ അവയുടെ ഓരോ കൈകള്‍ക്കും സ്വതന്ത്രമായി വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിയും. ഒരേ സമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാനും ചുറ്റുപാടുകളോട് പെട്ടെന്ന് പ്രതികരിക്കാനും ഇത് അവയെ സഹായിക്കുന്നു. പരിണാമത്തിന്റെ കാര്യത്തില്‍, ഭൂമിയിലെ ഭൂരിഭാഗം മൃഗങ്ങളെക്കാളും വലിയൊരു മേല്‍ക്കൈ ഇത് നീരാളികള്‍ക്ക് നല്‍കുന്നുണ്ട്.
നീരാളികളുടെ അതിജീവനവും സമുദ്ര ആവാസവ്യവസ്ഥയുടെ പുനര്‍ജനിയും മനുഷ്യര്‍ ഇല്ലാതാകുന്നതോടെ, നൂറ്റാണ്ടുകളായി തുടരുന്ന മലിനീകരണത്തില്‍നിന്നും അമിതമായ മത്സ്യബന്ധനത്തില്നിന്നും സമുദ്രങ്ങള്‍ പതുക്കെ കരകയറും. പവിഴപ്പുറ്റുകള്‍ വീണ്ടും വളരും, കടലിലെ ഭക്ഷണ ശൃംഖലകള്‍ സന്തുലിതമാകും, ജൈവവൈവിധ്യം വീണ്ടും തഴച്ചുവളരും. ഈ പുതിയ സമുദ്രലോകത്ത് ആധിപത്യം സ്ഥാപിക്കാന്‍ നീരാളികള്‍ക്ക് കൃത്യമായി സാധിക്കും.
നിമിഷങ്ങള്‍ക്കകം നിറവും ശരീരത്തിന്റെ ഘടനയും മാറ്റാന്‍ കഴിയുന്ന അവ പ്രകൃതിയിലെ ഏറ്റവും മികച്ച വേട്ടക്കാരാണ്. അവ വളരെ കൃത്യതയോടെ ഇരപിടിക്കുകയും ശത്രുക്കളില്‍നിന്ന് അനായാസം ഒളിച്ചിരിക്കുകയും ചെയ്യുന്നു. മനുഷ്യന് മാറ്റം വരുത്തിയ ആവാസവ്യവസ്ഥകളെ ആശ്രയിച്ചു ജീവിച്ചിരുന്ന ജീവികള്‍ ഇല്ലാതാകുമ്പോള്‍, നീരാളികളുടെ എണ്ണം അതിവേഗം വര്‍ധിക്കുകയും അവ ആ ഇടങ്ങള്‍ കൈക്കലാക്കുകയും ചെയ്യും.
കരയിലേക്ക് കയറുമോ?
പരിണാമ ശാസ്ത്രജ്ഞരില്‍ ചിലര്‍ കരുതുന്നത്, ആവശ്യത്തിന് സമയം ലഭിച്ചാല്‍ നീരാളികള്‍ കടലിനപ്പുറമുള്ള ലോകം പര്യവേക്ഷണം ചെയ്യാന്‍ തുടങ്ങിയേക്കാമെന്നാണ്. അവ ഇപ്പോള്‍ത്തന്നെ കരയോട് ചേര്‍ന്നുള്ള ഭാഗങ്ങളിലും പാറക്കെട്ടുകളിലും കയറി കൗതുകത്തോടെ കാര്യങ്ങള്‍ നിരീക്ഷിക്കാറുണ്ട്.
സാഹചര്യങ്ങള്‍ നിര്ബന്ധിതരാക്കുകയാണെങ്കില്, അവയുടെ വഴക്കമുള്ള കൈകളും, ബുദ്ധിശക്തിയും, ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയും കരയിലെ ജീവിതത്തിന് അനുയോജ്യമായ രീതിയില്‍ പരിണമിച്ചേക്കാം. പരിണാമം മുന്‍പും പല ജീവികളെയും പ്രവചനാതീതമായ രീതിയില്‍ മാറ്റിമറിച്ചിട്ടുണ്ട്. അത്തരമൊരു മാറ്റത്തിനുള്ള എല്ലാ അടിത്തറയും നീരാളികള്‍ക്കുണ്ട്.
നീരാളി ഭൂമി ഭരിക്കുമെന്ന ആശയം വെറുമൊരു ആധിപത്യത്തിന്റെ കഥ മാത്രമല്ല, മറിച്ച് അത് പ്രകൃതിയുടെ മറ്റൊരു ചിന്താരീതിയെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യന്റേതില്‍നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലും ജീവന് പരിണമിക്കാന്‍ കഴിയുമെന്ന് നീരാളിയുടെ ബുദ്ധി തെളിയിക്കുന്നു. ഭാഷയോ ആയുധങ്ങളോ ഉപയോഗിക്കുന്നതിന് പകരം, വികേന്ദ്രീകൃതമായ ചിന്തയും, ശരീരത്തിന്റെ നിറം മാറ്റാനുള്ള കഴിവും, സ്പര്ശനവുമൊക്കെയാണ് അവയുടെ ശക്തി.
സ്വതന്ത്രമായി പരിണമിക്കാന്‍ അവസരം ലഭിച്ചാല്‍, നീരാളികള്‍ പുതിയൊരു തരം ബുദ്ധിശക്തിയുടെ പ്രതീകമായി മാറും;കീഴടക്കലിലല്ല, മറിച്ച് അതിജീവനത്തിലും അവബോധത്തിലും അധിഷ്ഠിതമായ ഒന്ന്. മനുഷ്യന് ശേഷമുള്ള ഒരു ലോകത്ത് അവ കടലിലെ ചിന്തകരും പര്യവേക്ഷകരും എന്ജിനീയര്മാരുമൊക്കെയായി മാറിയേക്കാം.
മനുഷ്യര്‍ ഇല്ലാതായാലും ഭൂമിയിലെ ജീവന് അവസാനിക്കില്ല, അത് മറ്റൊരു രൂപത്തിലേക്ക് മാറും. ആഴക്കടലിന്റെ പരപ്പില്‍ നീരാളികള്‍ അവയുടെ പരിണാമം തുടര്‍ന്നേക്കാം;ഒരു കാലത്ത് നമ്മുടേത് എന്ന് നമ്മള് വിളിച്ച ഈ ഗ്രഹത്തില്‍ ബുദ്ധിയുടെയും നേതൃത്വത്തിന്റെയും പുതിയ അര്‍ത്ഥങ്ങള്‍ എഴുതിച്ചേര്‍ത്തുകൊണ്ട്.




