
മെൽബൺ: ഓസ്ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ഉയർന്ന ഓൺലൈൻ വധഭീഷണിയെക്കുറിച്ച് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തയാളുടെ ഐപി വിലാസം അന്വേഷണസംഘം കണ്ടെത്തിയതായും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജൂലൈ 9-ന് മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ നടക്കുന്ന "മെൽബൺ മീറ്റ്സ് മോദി" എന്ന കമ്മ്യൂണിറ്റി പരിപാടിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഭീഷണി ഉയർന്നത്. "അബു മുസ്തഫ" എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നാണ് കമന്റ് വന്നിരിക്കുന്നത്. സ്റ്റേഡിയം അടച്ചിടുന്നതാണ് നല്ലതെന്നും, അല്ലെങ്കിൽ മോദി ഓസ്ട്രേലിയയിലേക്ക് വരുന്നത് അദ്ദേഹത്തിന്റെ മരണത്തിലേക്കായിരിക്കുമെന്നുമാണ് കമന്റിലെ ഭീഷണി.
കമന്റ് പ്രത്യക്ഷപ്പെട്ട അന്നുതന്നെ ഓസ്ട്രേലിയൻ ഫെഡറൽ പോലീസിന് വിവരം കൈമാറിയിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് പോലീസ് ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഔദ്യോഗിക സന്ദർശനത്തിനായി ഓസ്ട്രേലിയയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉഭയകക്ഷി ചർച്ചകളിലും പ്രവാസി കൂട്ടായ്മകളിലും പങ്കെടുക്കുന്നുണ്ട്. വിദേശ ഭരണത്തലവന്മാർക്ക് നേരെയുള്ള ഭീഷണികൾ അതീവ ഗൗരവത്തോടെയാണ് ഓസ്ട്രേലിയൻ സുരക്ഷാ ഏജൻസികൾ കാണുന്നത്.






