സിപിഎമ്മിന് കേരളത്തിലെ പുലയരെ പേടിയാണോ? കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഇഎംഎസില്‍ നിന്നും പിണറായിയില്‍ എത്തി നില്ക്കുമ്പോള് അങ്ങിനെ ചിന്തിക്കാന്‍ ന്യായമുണ്ട്. വര്‍ഗ്ഗ സിദ്ധാന്തത്തിന് കീഴില്‍ ജാതിയുടേയും മതത്തിന്റെയും വേരുകള്‍ അറുത്ത് 'സഖാവ്' എന്ന ഒറ്റ സംഞ്ജകൊണ്ട് സകല മനുഷ്യരേയും സമന്മാരാക്കി അവതരിപ്പിച്ച ലോകത്തെ ഏറ്റവും വലിയ പുരോഗമന പ്രത്യയശാസ്ത്രം കേരളത്തില്‍ 'പുലയ' നില് തട്ടി ജാതിചിന്തയുടെ കുപ്പക്കുഴിയില് വീഴുന്നത് തുടര്ച്ചാകുമ്പോള് പ്രത്യേകിച്ചും. പുതിയ സര്‍ക്കാരിന്റെ ആറുമാസം നീണ്ട കാലയളവിലെ ദളിത് പീഡനങ്ങളും വര്‍ഗ്ഗീയ വിദ്വേഷങ്ങളും മനുഷ്യന്റെ വേര്‍തിരിവ് നിറത്തിലും കുലത്തിലുമല്ല തൊഴിലാളി മുതലാളി വര്‍ഗ്ഗങ്ങളില്‍ മാത്രമാണെന്ന് പഠിപ്പിച്ചിരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ദളിതന്റെ കാര്യത്തില്‍ ഇടതില്ല പകരം 'പക്ഷ' മുണ്ട് എന്ന് വന്നിരിക്കുന്നതായി ആര്‍ക്കും തോന്നിയേക്കാം.
പുതിയ മന്ത്രിസഭ അധികാരത്തില്‍ എത്തിയ ശേഷം ഏറ്റവും ഒടുവിലെ സംഭവമായി കുറിക്കപ്പെട്ടത് സിപിഐ യുടെ ചിറ്റൂര്‍ എംഎല്‍എ ക്ക് നേരെ പാര്‍ട്ടി ജില്ലാ സെക്രട്ടറി നടത്തിയ ജാതിയാക്ഷേപമാണ്. തൊട്ടുമുമ്പായിരുന്നു എസ്എഫ്ഐ നേതാക്കള്‍ നാട്ടകം പോളിടെക്നിക്കില്‍ വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചതും ഹോസ്റ്റലില്‍ 'പുലയക്കുടി' സ്ഥാപിച്ച് അയിത്തമാചരിച്ചതും. അതിന് ശേഷവും മുമ്പുമായി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലായിരുന്നു എസ്എഫ്ഐ ക്കാരുടെ 'പുലയ'ാക്ഷേപം. ഗവേഷണ വിദ്യാര്‍ത്ഥികളായിരുന്നു ഇരകള്‍. അതിന് മുമ്പ് ആര്‍എല്‍വി കോളേജും പാലക്കാട്ടെ വിക്ടോറിയ കോളേജും എസ്എഫ്ഐ യുടെ ജാതിയാക്ഷേപം കണ്ടു. കഴിഞ്ഞ വര്‍ഷം കണ്ണൂരില്‍ വനിതാ ഓട്ടോഡ്രൈവര്‍ ചിത്രലേഖയ്ക്കും പാര്‍ട്ടിയാഫീസില്‍ കയറി ലോക്കല്‍ സെക്രട്ടറിയെ മര്‍ദ്ദിച്ചെന്ന് ആരോപിക്കപ്പെട്ട് സഹോദരിമാര്‍ക്ക് ജയിലില്‍ കിടക്കേണ്ടി വന്ന സംഭവത്തിലും ജാതിയാക്ഷേപം കണ്ടു. ഏറ്റവും ഒടുവില്‍ കണ്ണൂരിലെ പാര്ട്ടിമേധാവികള് മേല്‍ക്കോയ്മ നല്കുന്ന ക്ഷേത്രാചാരങ്ങളില്‍ നിന്നും 'പുലയ' വിഭാഗത്തില്‍ പെട്ടവര്‍ക്ക് അയിത്തം കല്പ്പിച്ചതില് വിവാദത്തില്‍ കുടുങ്ങിയതും മറ്റൊരു പാര്‍ട്ടിയായിരുന്നില്ല. ഇവിടെയെല്ലാം വില്ലന്മാര് ബിജെപിക്കാരോ കോണ്‍ഗ്രസോ മുസ്ളീംലീഗോ ആയിരുന്നില്ല, ഇടതുപക്ഷമായിരുന്നു.
ഗതകാല ചരിത്രം പരിശോധിച്ചാല്‍ മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ മുന്‍ മന്ത്രിയായ എംഎ കുട്ടപ്പനെ നിയമസഭാ സാമാജികനായിരിക്കുമ്പോള് നടത്തിയ വംശീയാക്ഷേപത്തില് എത്തി നില്ക്കും കാര്യങ്ങള്‍. ബിജെപിയില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ ഉണ്ടാകുന്ന വിവേചനത്തേക്കാള്‍ കേരളത്തിലെ അടിമവര്‍ഗ്ഗങ്ങളുടെ വിമോചകരായി അവകാശപ്പെടുന്ന ഇടതു പാര്‍ട്ടികളുടെ ജാതി-വര്‍ഗ്ഗീയ വിവേചനങ്ങള്‍ കീഴാളരെ കൂടുതല്‍ വേദനിപ്പിക്കും. കാലം കണ്ണാടി നോക്കുമ്പോള്‍ വേലയ്ക്കും കൂലിക്കും വേണ്ടി പടിഞ്ഞാറന്‍ പാടശേഖരങ്ങളില്‍ അവകാശവാദം ഉയര്‍ത്താനും പുന്നപ്രയ വയലാര്‍ സമരങ്ങളില്‍ പാര്‍ട്ടിയുടെ നട്ടെല്ല് നിവര്‍ത്തിപ്പിടിക്കാനും വാരിക്കുന്തങ്ങളുമായി പോലീസിന്റെ വെടിയും ലാത്തിയും ഏറ്റ അനേകം 'പുലയ' രക്തസാക്ഷികളുടെ ഓര്‍മ്മകളില്‍ കനത്ത പോറല്‍ വീഴും.
ലോകത്തിലെ സകല മനുഷ്യരുടേയും പേരുകള്‍ ജാതിയെയോ മതത്തെയോ അടയാളപ്പെടുത്തുന്നതാണ്. മുഹമ്മദും, അഹമ്മദും ഇസ്ളാമതത്തെ പ്രകാശിപ്പിക്കുന്നു. ജോസഫും യോഹന്നാനും ബിബ്ളിക്കലാകുമ്പോള് നാരായണനും കൃഷ്ണനും ഹിന്ദുദൈവ നാമങ്ങളാകുന്നു. ഇത് കൂടാതെ സിംഗും നായരും നമ്പൂതിരിയും പോലെ പേരിനൊപ്പം ജാതിവാലുകള്‍ വേറെയും. പക്ഷേ കേരളത്തിലെ ഒരു കീഴാളന് ജാതിയെ വാലായി സ്വീകരിക്കാത്തതിന് കാരണം അത് തങ്ങളുടെ അടിമ-അപരിഷ്കൃത ജീവിതത്തിന്റെ ഭൂതകാലത്തെ സൃഷ്ടിക്കുന്നു എന്നതാണ്. അടിയാള സംസ്ക്കാരത്തിന്റെ പ്രതിരൂപമാകുന്ന ജാതിവാലുകള്‍ ഹീനമായ ഭൂതകാല ഗോത്ര സംസ്കൃതിയെയും അടിമജീവിതത്തെയും ഓര്‍മ്മിപ്പിക്കും. കേരളത്തിലെ കീഴാള ഉപജാതി വര്‍ഗ്ഗങ്ങളുടെ ഒരു ബിംബമായിട്ടാണ് കേരളചരിത്രം 'പുലയന്' എന്ന സംജ്ഞ വായിച്ചെടുക്കപ്പെടുന്നത്. അയിത്തങ്ങളാല് പരസ്പരം തൊട്ടുതീണ്ടായ്മ ഇപ്പോഴും നില നിര്‍ത്തുന്ന ഉപജാതികള്‍ പട്ടികജാതികള്ക്കിടയില് ഏറെയുണ്ടെങ്കിലും ഇവയെ പൊതുസമൂഹം ഒന്നിച്ച് വേര്‍തിരിക്കാന്‍ പുലയന് എന്ന പദം ലോകം ഉപയോഗിക്കുന്നുണ്ടെന്ന് ചരിത്രം അടയാളപ്പെടുത്തുന്നു. അങ്ങിനെ നോക്കുമ്പോള്‍ സിപിഎമ്മിന്റെ 'പുലയന്' വിളിയെ കേവലം 'പുലയ' നില് മാത്രം ഒതുക്കാനാകില്ല. അത് ദളിത് സമൂഹത്തിന് മുഴുവന്‍ നേര്‍ക്കുള്ള ആക്ഷേപമായി മാറുന്നുണ്ട്.
സിപിഎം പിറക്കുന്നതിന് മുമ്പും വിഖ്യാതമായ ഒരു 'പുലയന്' വിളി കേരളം കേട്ടിട്ടുണ്ട്. ഇതില്‍ രാഷ്ട്രപിതാവ് സാക്ഷാല്‍ മഹാത്മാഗാന്ധിയില്‍ നിന്നായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അടിമവര്‍ഗ്ഗങ്ങളുടെ സംഘടിതശക്തിയുടെ തായ്വേരായിരുന്നു പ്രശസ്തമായ ഈ പുലയന് വിളി അറുത്തുകളഞ്ഞത്. കീഴാളരുടെ അസാധാരണ ഉണര്‍വ്വ് ദൃശ്യമായ നവോത്ഥാന കാലത്ത് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം, നായര്‍ സര്‍വീസ് സൊസൈറ്റി, നമ്പൂതിരി യോഗക്ഷേമസഭ, മുഹമ്മദീയ സഭ എന്നിവയുടെ സ്വാധീനത്തില്‍ അടിമവര്‍ഗ്ഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ട് 1907 ല്‍ ജാതി-മത പരിഗണന കൂടാതെ പാവപ്പെട്ടവനെന്ന മാനവീകതയില്‍ അയ്യന്‍കാളി തുടങ്ങിയ പ്രസ്ഥാനം 1934 ല്‍ മഹാത്മാഗാന്ധിക്ക് നല്കിയ സ്വീകരണത്തോടെ പ്രതിസന്ധിയലായി. അയ്യന്‍കാളിയുടെ സ്വീകരണം ഏറ്റുവാങ്ങി ഗാന്ധിജി നല്കിയ 'പുലയരാജാവ്' ബഹുമതി പ്രസ്ഥാനത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചെന്ന് വേണം കരുതാന്‍. പുലയനും പറയനും മണ്ണാനും ഈഴവര്‍ വരെ എക്സിക്യുട്ടീവ് അംഗങ്ങളായും ഉപദേശകരായും ഉണ്ടായിരുന്ന 24 കൂട്ടം അടിമജാതികളെ ഒന്നിപ്പിച്ച പ്രസ്ഥാനം ഈ 'പുലയ' വിളിയോടെ ഉപജാതി കേന്ദ്രീകൃത ആശയങ്ങളിലേക്ക് വഴിമാറുകയും നിപതിക്കുകയും ചെയ്തു. സാധുജന പരിപാലന സംഘത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ച കാരണങ്ങളില്‍ ഒന്നായി മാറിയ ഈ സംഭവത്തെ ചരിത്രപരമായവഞ്ചന എന്നാണ് അധസ്ഥിത പക്ഷ ചിന്ത.
തലമുറ മാറുന്നത് അനുസരിച്ച് സിപിഎമ്മില്‍ കൊടിയ ജാതിചിന്ത പിടിപെടുന്നു എന്ന തിരിച്ചറിവുകള്‍ ഞെട്ടിക്കുന്നതും നീറ്റുന്നതുമാണ്. ജാതിമതചിന്തകള്‍ ഊര്‍ജ്ജം നല്കുന്ന ഇന്ത്യന്‍ രാഷ്ട്രീയചേരിയില്‍ അവയുടെ വേലിക്കെട്ടുകള്‍ പൊളിച്ചടുക്കി നിലവില്‍ വരികയും അത്യാധുനികമായ ആശയത്തിന് കീഴിലെ ഏറ്റവും വലിയ പുരോഗമന പ്രസ്ഥാനമായി കണക്കാക്കപ്പെടുകയും ചെയ്യുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുള്ള വിവേചനം സവര്‍ണ്ണ മുഖമുള്ള ബിജെപിയുടേയോ കോണ്‍ഗ്രസിന്റെയോ വിവേചനങ്ങളേക്കാള്‍ ദളിതുകളെ കൂടുതല്‍ വേദനിപ്പിക്കും. കീഴാളന്റെ ജനാധിപത്യ സ്വാതന്ത്ര്യത്തിനും കൂലിവേല അവകാശങ്ങള്‍ക്ക് വേണ്ടിയുമുള്ള കമ്യൂണിസ്റ്റുകളുടെ പോരാട്ടങ്ങള്‍ക്ക് ഒപ്പം സഞ്ചരിച്ചിരുന്നവരെ ഒരു വശത്ത് നവോത്ഥാന നായകരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫ്ളെക്സുകളുടെ തണലില്‍ നമുക്ക് ജാതിയില്ല എന്ന പ്രചരണത്തിന് കീഴില്‍ നിര്‍ത്തിക്കൊണ്ട് തന്നെ മറുവശത്തു കൂടി ഇടിച്ചു വീഴ്ത്തുന്ന മനോഭാവം വര്‍ഗ്ഗീയ ശക്തികള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും പിടി മുറുക്കുന്നതിന്റെ സാഹചര്യ സമ്മര്‍ദ്ദം കൊണ്ടാണോ അബദ്ധവശാല്‍ സംഭവിക്കുന്നത് കൊണ്ടാണോ എന്ന് ആരെങ്കിലൂം സംശയിച്ചാല്‍ കുറ്റം പറയാനാകുമോ? മനുഷ്യന് മനുഷ്യനെ മനുഷ്യനായി കാണുകയും സ്നേഹിക്കുകയും ചെയ്തിരുന്നിടത്ത് തന്നെ ഒരു പ്രത്യേക വിഭാഗത്തിന് ക്ഷേമ സമിതികള്‍ ഉണ്ടാവുകയും പാര്‍ട്ടിക്കുള്ളിലെ വേര്‍തിരിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം ഹീനകരമല്ലേയെന്ന് ആര്‍ക്കും തോന്നുന്നുമില്ലേ?
ഇനി കമ്യുണിസ്റ്റുകളില്‍ വിവേചനം നേരിടുന്നു എന്ന് കരുതി മറ്റേതെങ്കിലും പാര്‍ട്ടിയിലേക്ക് പോകാമെന്ന് കീഴാളന് കരുതിയാല്‍ അവിടെയും ദളിത് കോണ്‍ഗ്രസും പട്ടികജാതി മോര്‍ച്ചയും ദളിത്ലീഗുമെല്ലാം കപ്പകഷ്ണം വെച്ച് എലിപ്പെട്ടിയുമായി കാത്തിരിക്കുകയാണെന്ന് തിരിച്ചറിയും.




