
കേരളത്തിന്റെ തീരങ്ങളില്‍നിന്ന് ഇപ്പോള്‍ ഉയരുന്ന വിലാപങ്ങള്‍ നമ്മുടെ രക്ഷാസംവിധാനങ്ങളുടെ പോരായ്മകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. കൊല്ലത്തും തിരുവനന്തപുരത്തും അടുത്തിടെ ഉണ്ടായ മത്സ്യബന്ധന ദുരന്തങ്ങളില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ നേരിടുന്ന വേദന അതിന്റെ തെളിവാണ്. അപകടം സംഭവിച്ചതിനു ശേഷമുള്ള ഓരോ നിമിഷവും നിര്‍ണായകമായിരിക്കെ രക്ഷാപ്രവര്‍ത്തനം വൈകുന്നതും വിവിധ ഏജന്‍സികള്‍ തമ്മില്‍ ഏകോപനമില്ലാത്തതും ഗുരുതരമായ വീഴ്ചയാണ്.
പുത്തന്‍തുറയിലെ രേഷ്മയ്ക്ക് ഒരേ ദിവസം പിതാവിനെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ടു. അതേ അപകടത്തില്‍ കടലില്‍ കാണാതായ മകന് ഗൗതമിനെക്കുറിച്ചുള്ള പ്രതീക്ഷയുമായി അവര്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. മുതലപ്പൊഴിയില്‍ ഷിജിനെ തേടി കുടുംബം ദിവസങ്ങളായി കാത്തിരിക്കുന്നു. പുല്ലുവിളയിലെ ജോണ്‍ മാത്യസിന്റെ കുടുംബവും കടലില്‍നിന്നൊരു പ്രതീക്ഷയുടെ വാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ്. ഇവരുടെ വേദനയില്‍ ഏറ്റവും കഠിനമായത് പ്രിയപ്പെട്ടവരുടെ വേര്‍പാടു മാത്രമല്ല; സമയബന്ധിതമായി രക്ഷാപ്രവര്‍ത്തനം നടന്നിരുന്നെങ്കില്‍ ഇവരെ രക്ഷിക്കാനാകുമായിരുന്നില്ലേ എന്ന സംശയം കൂടിയാണ്.
കടലിന്റെ സ്വഭാവവും കാലാവസ്ഥയുടെ അനിശ്ചിതത്വവും പൂര്‍ണമായി നിയന്ത്രിക്കാനാവില്ല. എന്നാല്‍, അപകടസാധ്യത കുറയ്ക്കാനും അപകടത്തില്‍പ്പെട്ടവരെ സമയബന്ധിതമായി രക്ഷിക്കാനും കഴിയും. അതിന് ദുരന്തം സംഭവിച്ചശേഷം പ്രതികരിക്കുന്ന രീതിക്കു പകരം മുന്‍കരുതലിന് പ്രാധാന്യം നല്കുന്ന തീരസുരക്ഷാ സംവിധാനം വേണം. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികളിലേക്ക് കൃത്യമായും സമയബന്ധിതമായും എത്തിക്കണം. പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ പോകാതിരിക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കുന്ന സഹായസംവിധാനവും അതോടൊപ്പം വേണം. മത്സ്യബന്ധന ബോട്ടുകളില്‍ പ്രവര്‍ത്തനക്ഷമമായ ആശയവിനിമയ സംവിധാനങ്ങളും അടിയന്തര സൂചനാ ഉപകരണങ്ങളും നിര്‍ബന്ധമാക്കുകയും അവ ഉപയോഗിക്കുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുകയും വേണം. അപകടം സംഭവിച്ചാല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ്, നാവികസേന, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ഫിഷറീസ് വകുപ്പ്, ജില്ലാ ഭരണകൂടം തുടങ്ങിയ സംവിധാനങ്ങള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്ന ദ്രുതപ്രതികരണ സംവിധാനം അനിവാര്യമാണ്. അപകടവിവരം ലഭിച്ചാല്‍ തെരച്ചില്‍ ആരംഭിക്കാനും ആവശ്യമായ സാഹചര്യത്തില്‍ ഹെലികോപ്റ്റര്‍, ഡ്രോണ്‍, റഡാര്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉടന്‍ വിന്യസിക്കാനും വ്യക്തമായ പ്രോട്ടോക്കോള്‍ വേണം. കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും നിര്‍ബന്ധമാക്കണം.
പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ അനുഭവവും രക്ഷാപ്രവര്ത്തനശേഷിയും ഈ സംവിധാനത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. പലപ്പോഴും ഔദ്യോഗിക രക്ഷാസംഘങ്ങള്‍ എത്തുന്നതിനുമുമ്പ് അപകടസ്ഥലത്ത് എത്തുന്നത് അവരാണ്. പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളില്‍ പരിശീലനം ലഭിച്ച പ്രാദേശിക രക്ഷാസംഘങ്ങള്‍ രൂപീകരിച്ച് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും ആശയവിനിമയ സംവിധാനങ്ങളും നല്‍കുന്നത് ഫലപ്രദമായിരിക്കും.
മുതലപ്പൊഴി പോലുള്ള മേഖലകളില്‍ ആവര്‍ത്തിക്കുന്ന അപകടങ്ങള്‍ പ്രത്യേകമായി പഠിക്കേണ്ടതുണ്ട്. തുറമുഖ പ്രവേശനപാത, പുലിമുട്ടുകള്‍, മണല്‍ത്തിട്ടകള്‍, അടിയൊഴുക്ക്, തിരമാലകളുടെ സ്വഭാവം തുടങ്ങിയ ഘടകങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തി അപകടസാധ്യത കുറയ്ക്കാനുള്ള സ്ഥിരമായ പരിഹാരം കണ്ടെത്തണം. ഒരേ പ്രദേശത്ത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഓരോന്നിനെയും ഒറ്റപ്പെട്ട സംഭവമായി കാണുന്നത് ശരിയല്ല. ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളോടുള്ള ഭരണകൂടത്തിന്റെ സമീപനവും കൂടുതല്‍ മാനുഷികമാകണം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ വിവിധ ഓഫീസുകളില്‍ കയറിയിറങ്ങി രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ സഹായം ആവശ്യപ്പെടേണ്ട അവസ്ഥ ഉണ്ടാകരുത്. ഒരു ഉദ്യോഗസ്ഥനെ കുടുംബവുമായി നിരന്തരം ബന്ധപ്പെടാനും രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതി കൃത്യമായി അറിയിക്കാനും ചുമതലപ്പെടുത്തണം. വിവിധ ഏജന്‍സികളില്‍നിന്ന് പരസ്പരവിരുദ്ധമായ വിവരങ്ങള്‍ ലഭിക്കുന്നതും ഒഴിവാക്കണം.
പ്രളയത്തിലും മറ്റു ദുരന്തങ്ങളിലും മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്ന മത്സ്യത്തൊഴിലാളികള്‍ സ്വന്തം തൊഴില്‍മേഖലയില്‍ അപകടത്തില്‍പ്പെടുമ്പോള്‍ അവഗണിക്കപ്പെടാന്‍ പാടില്ല. കടല്‍ അവരുടെ തൊഴില്സ്ഥലമാണ്; മരണത്തിന് വിട്ടുകൊടുക്കേണ്ട ഇടമല്ല. അവര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശമുണ്ട്. ഓരോ ദുരന്തത്തിനുശേഷവും നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിലോ അന്വേഷണത്തിന് ഉത്തരവിടുന്നതിലോ സര്‍ക്കാര്‍ ഉത്തരവാദിത്വം അവസാനിക്കരുത്. അന്വേഷണങ്ങളില്‍ കണ്ടെത്തുന്ന വീഴ്ചകള്‍ പരിഹരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസംവിധാനങ്ങള്‍ നവീകരിക്കുകയും വേണം. ഒരു ദുരന്തം അടുത്ത ദുരന്തം ഒഴിവാക്കാനുള്ള പാഠമായി മാറുമ്പോഴാണ് അതില്‍നിന്നുള്ള പഠനം അര്‍ഥവത്താകുന്നത്.



Comments