തിരുവനന്തപുരം: കനത്തമഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ സംസ്ഥാനത്ത് പലയിടത്തും എലിപ്പനി ഭീഷണി. കഴിഞ്ഞ ദിവസം എറണാകുളത്തും കോഴിക്കോട്ടുമായി രണ്ടുപേര്‍ക്ക് ജീവന് നഷ്ടമായതോടെ ഈ മാസം മാത്രം ഇതേവരെ ആറുപേര്‍ക്കാണ് എലിപ്പനിമൂലം ജീവന് നഷ്ടമായത്. വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നത് ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഇപ്പോഴുണ്ടാകുന്ന പകര്‍ച്ചവ്യാധി മരണങ്ങളില്‍ അമ്പതു ശതമാനത്തിലധികവും എലിപ്പനി മൂലമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രഫസര്‍ ഡോ. എ. അല്‍ത്താഫ് ചൂണ്ടിക്കാട്ടി. ഓരോ വര്‍ഷവും മുന്നൂറിനും നാനൂറിനും ഇടയില്‍ മരണം സംഭവിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമാവുമ്പോള്തന്നെ കൃത്യമായ ചികിത്സ തേടിയാല്‍ മരണം ഒഴിവാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിക്കുന്നവരിലധികവും കൂലിത്തൊഴിലാളികളാണെന്ന് അടുത്തിടെ പുറത്തുവന്ന പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആരോഗ്യവകുപ്പിന്റെ 2025-ലെ തൊഴില്‍വിഭാഗം തിരിച്ചുള്ള വിശകലനത്തിലാണ് എലിപ്പനി ബാധിച്ച് മരിച്ചവരില്‍ 36.72% കൂലിത്തൊഴിലാളികളാണെന്ന് കണ്ടെത്തിയത്. മഴക്കാലത്ത് ചെളിവെള്ളത്തിലും വെള്ളക്കെട്ടിലും ജോലിചെയ്യുന്നവരാണ് രോഗത്തിന്റെ ഏറ്റവും വലിയ ഇരകള്‍. കൃഷിയും അനുബന്ധജോലികളും ചെയ്യുന്നവര്‍ (10.94%), വീട്ടുവളപ്പില്‍ കൃഷിയിലും ഗാര്‍ഡനിങ്ങിലും ഏര്‍പ്പെടുന്നവര്‍ (10.16%), നിര്‍മാണത്തൊഴിലാളികള്‍ (9.38%), തൊഴിലുറപ്പ് തൊഴിലാളികള്‍ (7.81%) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മരണക്കണക്ക്. കെട്ടിക്കിടക്കുന്ന മലിനജലം വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പരക്കുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ഗുരുതരമായ ഈ സ്ഥിതിവിശേഷം കണക്കിലെടുത്ത് സംസ്ഥാനത്ത് എലിപ്പനി ചികിത്സാ മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ്.
പ്രതിരോധമരുന്ന്
ഉയര്‍ന്ന അപകടസാധ്യതയുള്ളവര്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ 200 മില്ലിഗ്രാം ഡോക്സിസൈക്ലിന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രതിരോധമരുന്നായി കഴിക്കാം.
എലിപ്പനി വരുന്നതെങ്ങനെ?
എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു.
രോഗ ലക്ഷണങ്ങള്‍
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.
ശ്രദ്ധിക്കേണ്ടവ
മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കൈയ്യുറ, മുട്ട് വരെയുള്ള കാലുറ, മാസ്ക് എന്നിവ ഉപയോഗിക്കുക.
കൈകാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ മലിനജലത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കുക.
മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക.
ഭക്ഷണം തുറന്നു വയ്ക്കാതിരിക്കുക. എലികള്‍ക്ക് കടന്നു ചെല്ലാന്‍ സാധ്യതയില്ലാത്ത രീതിയില്‍ അടച്ചു സൂക്ഷിക്കുക.
വെള്ളത്തിലിറങ്ങിയാല്‍ കൈയും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല
മണ്ണുമായും മലിനജലവുമായും സമ്പര്‍ക്കം വരുന്ന കാലയളവില്‍ ആഴ്ചയിലൊരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക 200 മില്ലിഗ്രാം (100 മില്ലിഗ്രാമിന്റെ രണ്ടു ഗുളിക) ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കുന്നത് വഴി എലിപ്പനി പ്രതിരോധം ലഭിക്കുന്നു.
സ്വയംചികിത്സ പാടില്ല.
ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുണ്ടെന്ന് മന്ത്രി
തിരുവനന്തപുരം: എലിപ്പനിക്ക് ആവശ്യത്തിനുള്ള മരുന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്.
മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.




Comments