ചെങ്ങന്നൂര്‍: കൊഴുവല്ലൂര്‍ സിന്തറ്റിക് ടര്‍ഫ് നിര്‍മ്മാണം രണ്ടാം ഘട്ടത്തിലേക്ക്. 2024 - 25 വര്‍ഷത്തെ സംസ്‌ഥാന ബജറ്റില്‍നിന്നു 2.14 കോടി രൂപ ചെലവഴിച്ചാണ് മുളക്കുഴ പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ ടര്‍ഫ് കോര്‍ട്ട് നിര്‍മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 84,70,000 ചെലവഴിച്ച് കണ്‍വെര്‍ജ് സ്‌പോര്‍ട്‌സ് ഇന്‍ഫ്ര കമ്പനിയുടെ നേതൃത്വത്തില്‍ 95 ശതമാനം പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. 45 മീറ്റര്‍ നീളത്തിലും 25 മീറ്റര്‍ വീതിയിലുമുള്ള സിന്തറ്റിക് ടര്‍ഫ്, ഗ്രൗണ്ടിന്റെ കിഴക്കുഭാഗത്തുള്ള ആര്‍.ആര്‍. റിട്ടേണിംഗ് വാള്‍, ടര്‍ഫിന്റെ രണ്ടു വശത്തുമായി ഡ്രൈനേജ് സിസ്‌റ്റം എന്നിവയാണ് നിലവില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
ഗ്രൗണ്ടിന്റെ വടക്കു ഭാഗത്തുള്ള റിട്ടേണിംഗ് വാളിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ഇതു പൂര്‍ത്തിയാകുന്നതോടെ ആദ്യഘട്ട പ്രവൃത്തികള്‍ അവസാനിക്കും. രണ്ടാംഘട്ട നിര്‍മാണത്തിന് 1,30,00,000 രൂപയുടെ ഭരണാനുമതി ലഭിച്ചു. പ്രൈം ടെക് എന്‍ജിനീയറിങ് കമ്പനിയ്‌ക്കാണ് രണ്ടാംഘട്ട നിര്‍മ്മാണ ചുമതല. ഡ്രൈനേജ് വര്‍ക്ക്, ഗ്രൗണ്ടിന്റെ വടക്കുഭാഗത്ത് റിട്ടേണിങ് വാള്‍, ടര്‍ഫ് പന്ത്രണ്ടര മീറ്റര്‍ നീളം വര്‍ധിപ്പിക്കല്‍ എന്നിവ ഉണ്ടാകും. ഇതോടെ ടര്‍ഫിന്റെ നീളം 57 മീറ്റര്‍ ആയി വര്‍ധിക്കും.
ചുറ്റും ഒന്‍പത് മീറ്റര്‍ ഉയരത്തില്‍ ഫെന്‍സിങ്ങിന്റെ നിര്‍മാണം, 12 മീറ്റര്‍ ഉയരത്തിലുള്ള നാല് പോളുകളിലായി 30 എണ്ണം 200 വാട്ട്‌സ് പവര്‍ ഉള്ള ലൈറ്റു കള്‍, കൂടാതെ ടര്‍ഫിലേക്ക് വരുന്ന ഭാഗത്തേക്ക് ആറ് തെരുവു വിളക്കുകള്‍ എന്നിവ സ്‌ഥാപിക്കും. ടോയ്‌ലറ്റ് ബ്ലോക്ക് കെട്ടിടം, രണ്ട് ഷോപ്പ് ബില്‍ഡിംഗ്, കളിമണ്ണ് കൊണ്ട് നിര്‍മ്മിക്കുന്ന വോളിബോള്‍, ബാഡ്‌മിന്റണ്‍ കോര്‍ട്ടുകള്‍ എന്നിവയും ഉണ്ടാകുമെന്ന് സജി ചെറിയാന്‍ എം.എല്‍.എ. അറിയിച്ചു.




