ആലപ്പുഴ: കേരള സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആലപ്പുഴ ജില്ലയിലെ സിറ്റിങ്ങില്‍ 24 പരാതികള്‍ തീര്‍പ്പാക്കി. കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ 35 പരാതികളാണ് പരിഗണിച്ചത്. ബാക്കിയുള്ള പരാതികള്‍ തുടര്‍നടപടികള്‍ക്കായി മാറ്റിവച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗങ്ങളായ ടി.സി ജലജമോള്‍, പി. ഷാജേഷ് ഭാസ്‌കര്‍ എന്നിവര്‍ സിറ്റിങ്ങില്‍ പങ്കെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഫോട്ടോ ദുരുപയോഗം ചെയ്‌തുവെന്ന പരാതിയില്‍ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. മറ്റൊരു കേസില്‍, സ്‌കൂള്‍ മാനേജ്‌മെന്റിന്റെ തര്‍ക്കം നിലനില്‍ക്കെയും ബില്‍ഡിങ്ങിന് താല്‍ക്കാലിക ഫിറ്റ്‌നസ് നല്‍കിയ നടപടി പുനഃപരിശോധിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. രണ്ടു കേസുകളില്‍ നവജാത ശിശുക്കള്‍ക്കുണ്ടായ ജനന വൈകല്യം കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിഷയത്തില്‍ ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.




