
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ സ്വകാര്യ ബസുകള്‍ നടത്തിയ പണിമുടക്ക് പൂര്‍ണം. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ അടക്കം യാത്രക്കാര്‍ വലഞ്ഞു. കെ. എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി ബസുകളില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതു മൂലം സ്വകാര്യ ബസുകള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ചാണ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനും തൊഴിലാളി സംഘടനകളും സംയുക്‌തമായി പണിമുടക്കി ആലപ്പുഴ കലക്‌ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയത്.
സംസ്‌ഥാനത്തെ പൊതുഗതാഗതം താറുമാറാക്കിയും നഷ്‌ടം പെരുപ്പിച്ചും സ്വകാര്യ മേഖലയെ തകര്‍ത്തും ഈ രംഗം ദേശീയ കുത്തകകള്‍ക്ക് കൈമാറാനുള്ള ഗൂഢനീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെ.ബി.ടി.എ. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഗോകുലം ഗോകുല്‍ദാസ് കുറ്റപ്പെടുത്തി. സ്‌ത്രീകള്‍ക്ക് സൗജന്യയാത്രയും സ്വകാര്യ ബസ് മേഖലയ്‌ക്ക് യാത്രക്കാരെ ലഭിക്കാതെ ശ്വാസം മുട്ടിച്ചും ഇല്ലാതെയാക്കിയും ലക്ഷ്യം നേടാനുള്ള ശ്രമമാണെന്നും ആലപ്പുഴയില്‍ ബസ് ഉടമകളും തൊഴിലാളികളും ചേര്‍ന്ന് സ്വകാര്യബസ് ഗതാഗതം സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെട്ട് കലക്‌ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത് അദ്ദേഹം പറഞ്ഞു.
ഡീസല്‍ നികുതിയിളവ്, കണ്‍സഷന്‍ നിരക്കില്‍ വര്‍ധനവ്, സ്വകാര്യ ബസുകളിലും സീറോ ടിക്കറ്റ്, നികുതികളില്‍ ഇളവ് തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും പ്രശ്‌നപരിഹാരത്തിന് കമ്മീഷനെ നിയോഗിച്ച് സമയം നീട്ടുകൊണ്ടുപോകുന്നതിനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഇ.എം.എസ്.സ്‌റ്റേഡിയത്തിന് മുന്‍വശം സ്വകാര്യ ബസ് ഉടമകളും സി.ഐ.ടി.യു., ബി.എം.എസ്, എസ്.ടി.ടി.യു.യൂണിയന്‍ തൊഴിലാളികളും ഒത്തുചേര്‍ന്ന് ജാഥയായി കലക്‌ടറേറ്റിന് മുന്നിലെത്തി.
ധര്‍ണയില്‍ കെ.ബി.ടി.എ.ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യന്‍ അധ്യക്ഷനായിരുന്നു.
കെ.ബി.ടി.എ. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഗോകുലം ഗോകുല്‍ദാസ് സമരം ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ സെക്രട്ടറി എസ്.എം. നാസര്‍ സ്വാഗതം പറഞ്ഞു. എം.എം. ഷെരീഫ് (സി.ഐ.ടി.യു.), പുരുഷോത്തമന്‍ (ബി.എം.എസ്.), റിയാസ് (എസ്.ടി.ടി.യു.) സജീവ്, രജീസ് അലി, ബിജുമോന്‍ പി.വി., റിനു സഞ്ചാരി, ടി.പി. ഷാജിലാല്‍, ബാബു നൗഷാദ്, എന്‍. സലിം, സനല്‍ സലിം എന്നിവര്‍ പ്രസംഗിച്ചു.



