
ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രി പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ ആശുപത്രി അധികൃതരും സ്‌കൂള്‍ അധികൃതരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ബോയ്‌സ് സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിക്ക് മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങളില്‍നിന്ന് ചില്ലകള്‍ ഒടിഞ്ഞുവീണ് വന്‍ അപകടത്തിന് സാധ്യതയുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
എന്നാല്‍, ഈ മരങ്ങള്‍ മുറിച്ചുമാറ്റേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്ന നിലപാടില്‍ സ്‌കൂള്‍ അധികൃതരും ഉറച്ചുനിന്നതോടെയാണ് തര്‍ക്കം ഉടലെടുത്തത്.ഗവ. മോഡല്‍ വി.എച്ച്.എസ് സ്‌കൂള്‍ കോമ്പൗണ്ടില്‍ കുട്ടികള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭീഷണിയായ മരങ്ങളും ശിഖരങ്ങളും സ്‌കൂള്‍ അധികൃതര്‍ മുന്‍കൈയെടുത്ത് മുറിച്ചുമാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്ത് പരിശോധനയും നടത്തി. എന്നാല്‍, പഴയ ബോയ്‌സ് സ്‌കൂളിനോട് ചേര്‍ന്നുള്ള മരങ്ങളെച്ചൊല്ലിയാണ് ഇപ്പോള്‍ തര്‍ക്കം ഉടലെടുത്തിരിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഗവ. ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ ലയിപ്പിച്ചാണ് നിലവിലെ മോഡല്‍ സ്‌കൂള്‍ രൂപീകരിച്ചത്. എന്നാല്‍, ലയനം നടന്നിട്ടും പഴയ ഗവ. ബോയ്‌സ് സ്‌കൂള്‍ കെട്ടിടം മോഡല്‍ സ്‌കൂളിന്റെ അധീനതയില്‍ വിട്ടുകിട്ടിയിട്ടില്ല. തന്നെയുമല്ല, വെറും രണ്ട് വര്‍ഷത്തേക്ക് താല്‍കാലികമായി ജില്ലാ ആശുപത്രിക്ക് വിട്ടുനല്‍കിയ ഈ കെട്ടിടം, ആറ് വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ആരോഗ്യവകുപ്പിന്റെ കൈവശം തന്നെയാണ്.
കെട്ടിടം തങ്ങളുടെ അധീനതയിലല്ലാത്തതിനാല്‍, അതിന് മുകളിലേക്ക് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റേണ്ട ചുമതല ആശുപത്രി അധികൃതര്‍ക്ക് തന്നെയാണന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.
മരം മുറിക്കുന്നത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ നിരന്തരം നോട്ടീസ് നല്‍കിയപ്പോഴും സ്‌കൂള്‍ അധികൃതര്‍ ഇതേ നിലപാടാണ് വ്യക്‌തമാക്കിയത്. നിലവില്‍ അധ്യാപകരും ജീവനക്കാരും സ്വന്തം കൈയില്‍ നിന്ന് പണം പിരിച്ചാണ് സ്‌കൂള്‍ വളപ്പിലെ മറ്റ് മരങ്ങള്‍ വെട്ടിമാറ്റിയത്. അതിനാല്‍, ആശുപത്രി പ്രവര്‍ത്തിക്കുന്ന ഭാഗത്തെ മരങ്ങള്‍ കൂടി വെട്ടിമാറ്റി അധിക സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ രേഖാമൂലം ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചു.വിവാദം കൂടുതല്‍ വഷളാക്കേണ്ടെന്ന തീരുമാനത്തിലാണ് ഇപ്പോള്‍ ആശുപത്രി അധികൃതര്‍.
തര്‍ക്കങ്ങള്‍ മാറ്റിവച്ച്, ആശുപത്രിയുടെ സ്വന്തം ചെലവില്‍ തന്നെ അപകടഭീഷണിയായ മരങ്ങള്‍ വെട്ടിമാറ്റാന്‍ തീരുമാനിച്ചു. രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി അടുത്ത ദിവസങ്ങളില്‍ തന്നെ ഇതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.



