
അമ്പലപ്പുഴ: കണ്ടെയ്‌നര്‍ വൈദ്യുത ലൈന്‍ തകര്‍ത്ത് റോഡിന് കുറുകെ കിടന്നു. വന്‍ ദുരന്തം ഒഴിവായി. മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. ദേശീയ പാതയില്‍ വളഞ്ഞ വഴി എസ്.എന്‍. കവലയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം.
വടക്കു ഭാഗത്തു നിന്ന് കഞ്ഞിപ്പാടം റോഡിലേക്ക് തിരിഞ്ഞ കണ്ടെയ്‌നര്‍ റോഡിന് കുറുകെ മുകളില്‍ കിടന്ന വൈദ്യുത ലൈനുകളിലുടക്കുകയായിരുന്നു. ഇതോടെ റോഡില്‍ വന്‍ ഗതാഗതക്കുരുക്കുമായി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വാഹനത്തില്‍ കുടുങ്ങിയ വൈദ്യുതലൈന്‍ കമ്പികള്‍ ചുമട്ടു തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് നീക്കിയ ശേഷമാണ് അപകട ഭീഷണി മാറിയത്. സമീപത്തെ ഗോഡൗണില്‍ നിന്ന് പലചരക്ക് സാധനങ്ങള്‍ കയറ്റുമതിക്കായി കൊണ്ടുപോകാനെത്തിയ കണ്ടെയ്‌നറാണ് ദുരന്ത ഭീതിയിലാക്കിയത്.
ഈ സമയം കെ.എസ്.ആര്‍.ടി.സി, സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെ സമയം ഗതാഗതക്കുരുക്കില്‍പ്പെട്ടു. അപകടത്തെത്തുടര്‍ന്ന് ഈ പ്രദേശത്ത് വൈദ്യുത ബന്ധവും തകര്‍ന്നു.



