
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ വന്‍ ലഹരി വേട്ട. അടച്ചിട്ട മുറിയില്‍നിന്ന് എട്ട് ലക്ഷം രൂപയോളം വില വരുന്ന ഹാന്‍സ് പോലീസ് പിടികൂടി. അമ്പലപ്പുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിര്‍ വശമുള്ള കൊച്ചീത്തറ ബില്‍ഡിങ്ങില്‍നിന്നാണ് 16 വലിയ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാന്‍സ് പിടികൂടിയത്. കടയുടമ അമ്പലപ്പുഴ ഗൗരി സദനത്തില്‍ രഞ്‌ജിത് ലാല്‍ രക്ഷപ്പെട്ടു. ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്നുള്ള കടമുറിയിലാണ് ചാക്കുകളിലായി സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് സംഘം നടത്തിയ തെരച്ചിലിലാണ് ഇവ കണ്ടെടുത്തത്. ഒരു ചാക്കില്‍ 50 വലിയ പാക്കറ്റ് ഹാന്‍സാണുള്ളത്. ഇത്തരത്തില്‍ പൊട്ടിക്കാത്ത 16 ചാക്കും പൊട്ടിച്ച നിലയിലുള്ള രണ്ട് ചാക്കുകളിലുമായിരുന്നു ഹാന്‍സുണ്ടായിരുന്നത്.
ഇദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് പിടികൂടിയ ആഡംബര കാറിലും ചാക്കുകളില്‍ ഹാന്‍സുണ്ടായിരുന്നു. എട്ട് ലക്ഷം രൂപ വരുന്ന ഹാന്‍സാണ് പിടികൂടിയത്. നേരത്തെയും നിരോധിത പുകയില ഉല്‍പ്പന്നം വിറ്റ കേസില്‍ പ്രതിയായ ആളാണ് രഞ്‌ജിത് ലാല്‍. ഹാന്‍സ് കടത്താനുപയോഗിച്ച കാറും പോലീസ് കസ്‌റ്റഡിയിലെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണമാരംഭിച്ചതായി പോലീസ് അറിയിച്ചു.
അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എന്‍ രാജേഷ്, അമ്പലപ്പുഴ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ പ്രതീഷ്‌കുമാര്‍ എം, സബ്ബ് ഇന്‍സ്‌പെക്‌ടര്‍ സജിമോന്‍ പി.പി, പ്ര?ബേഷന്‍ സബ്ബ് ഇന്‍സ്‌പെക്‌ടര്‍ അമല്‍ ചന്ദ്രന്‍, അസിസ്‌റ്റന്റ് സബ്ബ് ഇന്‍സ്‌പെക്‌ടര്‍ അബ്‌ദുള്‍ സലീം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് ഷെഫീക്ക്, രതീഷ് വി.ജി, സുരാജ്, റോബിന്‍സണ്‍, വിനില്‍ , സിവില്‍ പോലീസ് ഓഫീസര്‍മാരായ അമ്പാടി കെ.എസ്, അരുണ്‍കുമാര്‍ എസ്, വിജിത്ത്, തന്‍സിം ജാഫര്‍, അഭിജിത്ത്, മഞ്‌ജു മത്തായി ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ്, ഹോം ഗാര്‍ഡ് ഇര്‍ഷാദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.



