തൊടുപുഴ: കാലാവസ്‌ഥയിലെ അപ്രതീക്ഷിത മാറ്റങ്ങള്‍ക്കിടെ ഇടുക്കി ജില്ലയില്‍ പകര്‍ച്ചവ്യാധി ഭീതി ശക്‌തമാകുന്നു. ദിനംപ്രതി നിരവധി പേരാണ് പനി ബാധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി, കാഷ്വാലിറ്റി വിഭാഗങ്ങളിലായി ചികിത്സ തേടിയെത്തുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെ ആവശ്യത്തിന് ഡോക്‌ടര്‍മാരില്ലാത്തത് ആശുപത്രി സേവനങ്ങളെ ഗുരുതരമായി ബാധിക്കുകയാണ്.
നിലവില്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും കാഷ്വാലിറ്റി ഡ്യൂട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് സ്‌പെഷാലിറ്റി ഡോക്‌ടര്‍മാരാണ്. കാഷ്വാലിറ്റിയിലെ തിരക്കുകള്‍ നിയന്ത്രിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഒ.പിയില്‍ സാധാരണ രോഗികളെ പരിശോധിക്കാന്‍ ആവശ്യത്തിന് ഡോക്‌ടര്‍മാരെ നിയോഗിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്. ഇതുമൂലം ആശുപത്രികളില്‍ വലിയ തിരക്കും രോഗികളുടെ നീണ്ട കാത്തിരിപ്പും പതിവാകുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാലാവസ്‌ഥയില്‍ ഉണ്ടായ പെട്ടെന്നുള്ള മാറ്റങ്ങളാണ് ജില്ലയില്‍ വ്യാപകമാകുന്ന വൈറല്‍ പനികള്‍ക്ക് പ്രധാന കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. കടുത്ത പനി, കഠിനമായ ശരീരവേദന, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളോടെ എത്തുന്നവരെ പരിശോധനയ്‌ക്ക് വിധേയരാക്കി ആവശ്യമായ ചികിത്സ നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പെട്ടെന്നുണ്ടാകുന്ന തണുപ്പും തുടര്‍ച്ചയായ കാലാവസ്‌ഥാ വ്യതിയാനവും പകര്‍ച്ചവ്യാധികള്‍ക്ക് അനുകൂല സാഹചര്യം സൃഷ്‌ടിക്കുന്നതായാണ് ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ ഡെങ്കിപ്പനിയും എലിപ്പനിയും (ലെപ്‌റ്റോസ്‌പൈറോസിസ്) വര്‍ധിക്കുന്നതും ആശങ്ക ഇരട്ടിയാക്കുന്നു. ഇടവിട്ടുള്ള മഴ കാരണം തോട്ടം മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ വ്യാപനത്തിന് വഴിയൊരുക്കുകയാണ്.
അതേസമയം, കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ എലിയുടെ മൂത്രം കലരുകയും ആളുകള്‍ മുന്‍കരുതലുകളില്ലാതെ അതിലിറങ്ങുകയും ചെയ്യുന്നതാണ് എലിപ്പനി പടരാനുള്ള പ്രധാന കാരണം. പ്രത്യേകിച്ച് തോട്ടം മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
വൈറല്‍ പനിക്കൊപ്പം ഡെങ്കിയും എലിപ്പനിയും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാവുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ ഷിഗെല്ല പോലുള്ള മറ്റ് ഗുരുതര പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നത് ആശ്വാസകരമാണെങ്കിലും ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.
മഴക്കാലം ശക്‌തമാകുന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാത്ത പക്ഷം സ്‌ഥിതി കൂടുതല്‍ സങ്കീര്‍ണമാകാനിടയുണ്ടെന്ന മുന്നറിയിപ്പും ഉയരുന്നു. ഡെങ്കിയും എലിപ്പനിയും വ്യാപിക്കുന്ന സാഹചര്യത്തില്‍ ഡോക്‌ടര്‍മാരുടെ കുറവ് സാധാരണക്കാരായ രോഗികളെ സാരമായി ബാധിക്കുന്നതിനാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.




