
ചെറുതോണി: ഇടുക്കി ജില്ലയുടെ നാനാവിധത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ പരമാവധി ശ്രദ്ധ നല്‍കുമെന്ന് നിയമസഭാ സ്‌പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.
ഇടുക്കി ജില്ലയുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്.
ചികിത്സാരംഗത്തും ഭൂപ്രശ്‌നങ്ങളിലുമെല്ലാം മലയോര ജനത അനുഭവിക്കുന്ന യാതനകള്‍ തനിക്ക് നേരിട്ട് അറിയാമെന്നും ഇടുക്കി മെഡിക്കല്‍ കോളജിന്റെ വികസപ്രവര്‍ത്തനങ്ങള്‍ക്കും പട്ടയം ഉള്‍പ്പെടെയുള്ള ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്കും ശാശ്വത പരിഹാരം കാണാന്‍ തന്റെ ഇടപെടല്‍ ഉണ്ടാവുമെന്നും സ്‌പീക്കര്‍ ചെറുതോണിയില്‍ പറഞ്ഞു. റോയി കെ. പൗലോസ് എം.എല്‍.എയുടെ ഓഫീസ് ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ ഉണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍ ശക്‌തമായ ഇടപെടല്‍ നടത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പ്രധാനമെന്നും ദുരന്തത്തിന് ഇടയാക്കിയ സാഹചര്യത്തേപ്പറ്റി സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നും സ്‌പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു.
എം.എല്‍.എ ഓഫീസ് അങ്കണത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ യു.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം ചെയര്‍മാന്‍ എം.കെ. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. റോയി കെ പൗലോസ് എം.എല്‍.എ ആമുഖ പ്രഭാഷണം നടത്തി.
രാഷ്‌ട്രീയ വേര്‍തിരിവുകള്‍ക്ക് അതീതമായി ഏതൊരാള്‍ക്കും എപ്പോഴും കടന്നു വരാവുന്ന സ്‌ഥാപനമാണ് എം.എല്‍.എ ഓഫീസ് എന്ന് റോയി കെ പൗലോസ് പറഞ്ഞു. ദേവികുളം എം.എല്‍.എ. എഫ്. രാജ മുഖ്യപ്രഭാഷണം നടത്തി.
ചെറുതോണി വാഴത്തോപ്പ് കവലയില്‍ ഫെഡറല്‍ ബാങ്കിന് സമീപത്താണ് എം.എല്‍.എ. ഓഫീസ് പ്രവര്‍ത്തിക്കുന്നത്.
യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കണ്‍വീനര്‍ പ്രഫസര്‍ എം.ജെ ജേക്കബ്, യു.ഡി.എഫ്. നേതാക്കളായ ഇ.എം. ആഗസ്‌തി, അഡ്വ.ജോയി തോമസ്, എ.പി. ഉസ്‌മാന്‍, മോഹനന്‍ നായര്‍, തോമസ് രാജന്‍, അഡ്വ. എം.എന്‍. ഗോപി, സാന്ദ്ര മോള്‍ ജിന്നി, ജിപ്‌സി ജിമ്മി, കോമളംമോഹന്‍ദാസ്, ആന്‍സി തോമസ്, വി.എ ഉലഹന്നാന്‍ , സിപി സലിം, അനില്‍ ആനിക്കനാട്, സാജു കാരക്കുന്നേല്‍, ജോബി തയ്യില്‍, ജോബി ചാലില്‍, ജോയി കൊച്ചുകരോട്ട്, എം.കെ. നവാസ്, ഷൈനി സജി, എം.ഡി അര്‍ജുനന്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, കെ.ബി സെല്‍വം, ജയ്‌സണ്‍ കെ. ആന്റണി, മിനി സാബു, ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.



