
മൂന്നാര്‍: ദേശീയപാതയില്‍ മലയിടിച്ചില്‍ ഭീഷണി യെത്തുടര്‍ന്ന് പഴയ മൂന്നാര്‍ വഴിയുള്ള ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങള്‍ കടത്തിവിടുന്ന ബൈപാസ് റോഡ് സംഗമിക്കുന്നിടത്തെ പാലം വഴി ഭാരവാഹനങ്ങള്‍ കടത്തിവിടരുതെന്ന് ആവശ്യം. പോലീസ് സ്‌റ്റേഷനു സമീപമുള്ള പാലം അപകടാവസ്‌ഥയിലാണ്. 2018ലെ പ്രളയത്തില്‍ സംരക്ഷണഭിത്തി തകര്‍ന്നതിനെത്തുടര്‍ന്ന് പാലത്തിന് ചരിവ് സംഭവിച്ചിരുന്നു.
കുറ്റിയാര്‍ പുഴയില്‍ കരിങ്കല്‍ തൂണുകളില്‍ സ്‌ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് പാലത്തിന്റെ പല ഭാഗവും അടര്‍ന്നുപോയ നിലയിലാണ്. 126 വര്‍ഷം മുന്‍പ് ബ്രിട്ടിഷുകാര്‍ നിര്‍മിച്ച പാലമാണിത്. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍പെട്ട മൂന്നാര്‍ പോസ്‌റ്റ് ഓഫീസ് കവലയില്‍നിന്നു പോലീസ് സ്‌റ്റേഷന്‍ ഭാഗത്തെ ബന്ധിപ്പിക്കുന്ന പാലമാണിത്.
മലയിടിച്ചില്‍ ഭീഷണിയെത്തുടര്‍ന്ന് പഴയ മൂന്നാര്‍ വഴി ഗതാഗതം നിരോധിച്ചതോടെ വട്ടവട, കുണ്ടള, കാന്തല്ലൂര്‍ മേഖലകളില്‍ നിന്നുള്ള ഗ്രാന്റീസ് കയറ്റിയ ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ അപകടാസ്‌ഥയിലുള്ള ഈ പാലം വഴിയാണ് കടന്നു പോകുന്നത്. പാലം അപകടാവസ്‌ഥയിലായാല്‍ മൂന്നാര്‍ ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്.
ദേശീയപാതയില്‍ ഗതാഗതം പുനരാരംഭിക്കുന്നതു വരെ ഈ പാലം വഴിയുളള ഭാരവാഹനങ്ങള്‍ നിരോധിക്കാന്‍ പോലീസും ജില്ലാ ഭരണകൂടവും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



