
കട്ടപ്പന: കാഞ്ചിയാര്‍ കോഴിമല ഇല്ലിക്കമേട് -അമ്പലപ്പടി ഭാഗത്ത് ജനകീയ ഫെന്‍സിങ് സ്‌ഥാപിച്ചു. 800 മീറ്റര്‍ ഫെന്‍സിങ് സ്‌ഥാപിക്കാന്‍ 3.5 ലക്ഷം രൂപ ചിലവാകുമെന്നതിനാലും കാലതാമസം നേരിടുമെന്നതിനാലുമാണ് ജനകീയ പെന്‍സിങ് സ്‌ഥാപിക്കാന്‍ തീരുമാനിച്ചത്.
മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായിരുന്നു. വനാതിര്‍ത്തിയില്‍ അടക്കം താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയായ സാഹചര്യത്തിലാണ് ജനകീയ ഫെന്‍സില്‍ എന്ന ആശയത്തിലേക്ക് അയ്യപ്പന്‍ കോവില്‍ റെയിഞ്ച് ഫോറസ്‌റ്റ് ഓഫീസ് ഉദ്യോഗസ്‌ഥര്‍ എത്തിയത്. പഴയ ഫെന്‍സിങ് ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി ചെയ്‌ത് 30,000 രൂപയ്‌ക്ക് 800 മീറ്ററില്‍ ഫെന്‍സിങ് പൂര്‍ത്തീകരിച്ചു. മുമ്പും കാട്ടാന ശല്യം രൂക്ഷമായിരുന്ന കാഞ്ചിയാര്‍ പുതിയ പാലത്തില്‍ 500 മീറ്റര്‍ ഫെന്‍സിങ് ഇത്തരത്തില്‍ നിര്‍മ്മിച്ചിരുന്നു. 28 ദിവസം കൊണ്ടാണ് കോഴിമല വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വനപാലകരും, പി.അര്‍.ടി അംഗങ്ങളും കര്‍ഷകരും ചേര്‍ന്ന് കാടുവെട്ടി തെളിച്ച ഫെന്‍സിങ് സ്‌ഥാപിച്ചത്. കാഞ്ചിയാര്‍ പഞ്ചായത്ത് അംഗം ജെയ്‌മോന്‍ അഴകംപറമ്പില്‍ ഉദ്‌ഘാടനം ചെയ്‌തു.
റെയിഞ്ച് ഫോറസ്‌റ്റ് ഓഫീസര്‍ കെ.വി. രതീഷ്, എസ്.എഫ്.ഒമാരായ മനോജ്, നിഷാദ്, ബി.എഫ്.ഒമാരായ മജോ, കവിത, വച്ചര്‍മാരായ വിന്‍സെന്റ്, ബേബി ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ഫെന്‍സിങ് നിര്‍മാണത്തിന് പ്രത്യേക പരിശീലനം ലഭിച്ച ഫോറെസ്‌റ്റ് ബീറ്റ് അസിസ്‌റ്റന്റ് ബേബി ജോണിന്റെ നേതൃത്വത്തില്‍ ദിവസവേതന വച്ചര്‍മാരായ ബിജു, ദിവാകരന്‍, കരുണാകരന്‍, ഗോകുല്‍ എന്നിവരാണ് ഫെന്‍സിങ് നിര്‍മിച്ചത്.



