കോട്ടയം: ചൂട്ടുവേലിയില്‍ അപകടഭീഷണിയായി ബദാം മരം. സമീപത്തെ ഓട്ടോ സ്‌റ്റാന്‍ഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന വന്‍മരം എപ്പോള്‍ വേണമെങ്കിലും മറിഞ്ഞുവീഴുമെന്ന സ്‌ഥിതിയിലാണ്.
വൈദ്യുതിലൈനിനും പള്ളിയുടെ കുരിശടിക്ക് മുകളിലേക്കും മരം കടപുഴകിവീഴാനുള്ള സാധ്യതയേറെയാണ്. മരത്തിന് കീഴില്‍ പാര്‍ക്ക് ചെയ്‌തിരിക്കുന്ന ഓട്ടോറിക്ഷകളും അപകടഭീഷണിയിലാണ്. കൂടാതെ, വിദ്യാര്‍ഥികളും ബസ് കാത്തുനില്‍ക്കുന്ന സ്‌ഥലം കൂടിയാണിത്.
ധാരാളം വാഹനങ്ങള്‍, കാല്‍നടയാത്രികര്‍ എന്നിവര്‍ ഉള്‍പ്പെടെ കടന്നുപോകുന്ന റോഡാണ്. നെഞ്ചിടിപ്പോടെയാണ് ഓട്ടോറിക്ഷാത്തൊഴിലാളികള്‍ ഇവിടെ വാഹനം പാര്‍ക്ക് ചെയ്‌തിടുന്നത്. അധികം വീതിയില്ലാത്ത റോഡായതിനാല്‍ അപകട സാധ്യതയേറുന്നു. പി.ഡബ്ലൂ.ഡി. റോഡ് പുറമ്പോക്കില്‍ നില്‍ക്കുന്ന ഈ മരം വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് ഓട്ടോറിക്ഷാത്തൊഴിലാളികള്‍ നിരവധി പരാതികള്‍ കലക്‌ടര്‍ക്കും മുനിസിപ്പാലിറ്റിയിലും ഉള്‍പ്പെടെ നല്‍കിയെങ്കിലും നടപടികളുണ്ടായില്ല. മഴക്കാലമായാല്‍ ശക്‌തമായ കാറ്റിലും മഴയിലും മരം വീഴുമെന്ന സ്‌ഥിതിയായതിനാല്‍ ഓട്ടോറിക്ഷാത്തൊഴിലാളികള്‍ക്ക് ഇവിടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ കഴിയാത്ത സ്‌ഥിയാണ്.
മരം എത്രയുംവേഗം വെട്ടിമാറ്റണമെന്ന് ഓട്ടോറിക്ഷാത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.




