
കോട്ടയം: പ്രിയദര്‍ശിനി സര്‍വീസുകള്‍ ആരംഭിച്ചതോടെ വരുമാനത്തില്‍ വന്‍ നഷ്‌ടമുണ്ടായെന്നാരോപിച്ചു സ്വകാര്യ ബസുകള്‍ നടത്തിയ പണിമുടക്കില്‍ വലഞ്ഞു പൊതുജനം. ജില്ലയില്‍ ആകെയുള്ള 950 സ്വകാര്യ ബസുകളില്‍ സര്‍വീസ് നടത്തിയതു നാലെണ്ണം മാത്രം. മുണ്ടക്കയത്തും പൊന്‍കുന്നത്തും രണ്ടു വീതം ബസുകള്‍ മാത്രമാണു സര്‍വീസ് നടത്തിയതെന്ന് ഉടമകളുടെ സംഘടനകള്‍ പറഞ്ഞു. പണിമുടക്കിന്റെ ഭാഗമായി ജില്ലാ ആസ്‌ഥാനത്ത് പ്രതിഷേധ പ്രകടനവും ധര്‍ണയും സംഘടിപ്പിച്ചിരുന്നു.
സ്വകാര്യ ബസുകള്‍ മാത്രം സര്‍വീസ് നടത്തുന്ന റൂട്ടുകളിലാണ് യാത്രാ ക്ലേശം രൂക്ഷമായത്. കോട്ടയം- മെഡിക്കല്‍ കോളജ്, ഏറ്റുമാനൂര്‍, പാലാ, അയര്‍ക്കുന്നം, പള്ളിക്കത്തോട് റൂട്ടുകളിലെല്ലാം യാത്രക്കാര്‍ മണിക്കൂറുകള്‍ കാത്തു നിന്നാണ് ലക്ഷ്യ സ്‌ഥാനത്തെത്തിയത്. എം.സി. റോഡിലും കെ.കെ. റോഡിലും യാത്രാ ദുരിതമുണ്ടായി. ചങ്ങനാശേരിയില്‍ നിന്നു മുണ്ടക്കയം, മണിമല, കറുകച്ചാല്‍ റൂട്ടുകളില്‍ യാത്രക്കാര്‍ വലഞ്ഞു.
കെ.എസ്.ആര്‍.ടി.സി. സര്‍വീസുണ്ടായിരുന്നുവെങ്കിലും പാലാ പൊന്‍കുന്നം, മണിമല, എരുമേലി റൂട്ടുകളിലും എരുമേലി - മുണ്ടക്കയം, എരുമേലി - തുലാപ്പള്ളി റൂട്ടുകളിലും യാത്രക്കാര്‍ ദുരിതത്തിലായി. മുണ്ടക്കയത്തു നിന്ന് ഇളംകാട്, കോരുത്തോട്, പുഞ്ചവയല്‍ റൂട്ടുകളില്‍ ഗതാഗത ക്ലേശമുണ്ടായി. ഈരാറ്റുപേട്ടയില്‍ നിന്നു കാഞ്ഞിപ്പള്ളി ഉള്‍പ്പെടെയുള്ള റൂട്ടുകളില്‍ യാത്രക്കാര്‍ വലഞ്ഞു. തൊടുപുഴ റൂട്ടുകളിലും യാത്രക്കാര്‍ക്ക് ഏറെ സമയം കാത്തു നില്‍ക്കേണ്ടി വന്നു.
പാലായില്‍ നിന്നു കൊടുങ്ങൂര്‍, രാമപുരം, ഉഴവൂര്‍, കടനാട് റൂട്ടുകളിലാണു യാത്രക്കാര്‍ ഏറെ വലഞ്ഞത്. വൈക്കത്തു നിന്നു പാലാ, കടുത്തുരുത്തി, എറണാകുളം മേഖലകളിലേക്കു യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടായി. ഏറ്റുമാനൂര്‍, കടുത്തുരുത്തി മേഖലകളില്‍ നിന്നു എറണാകുളം റൂട്ടിലാണ് ഏറെ ബുദ്ധിമുണ്ടായത്. കുമരകം - ചേര്‍ത്തല, വൈക്കം റൂട്ടുകളിലും യാത്രക്കാര്‍ വലഞ്ഞു. സമരം, സംബന്ധിച്ചു മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ പലരും യാത്ര ഉപേക്ഷിക്കുകയോ, സ്വന്തം വാഹനങ്ങളിലോ, സ്വകാര്യ വാഹനങ്ങളിലോ യാത്ര നടത്തിയതിനാല്‍ പല സമയങ്ങളിലും തിരക്ക് കുറവായിരുന്നു. രാവിലെയും െൈവകിട്ടും ഉള്‍പ്പെടെ തിരക്കേറിയ സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്‌തതും യാത്രക്കാര്‍ക്കു ഗുണകരമായി.



