വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള റീച്ചില്‍ ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ ഷാഫി പറമ്പില്‍ എം.പി.യുടെ നേതൃത്വത്തില്‍ നിര്‍ണായക ഇടപെടല്‍. എം.പിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കളക്‌ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ പദ്ധതി പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് അഴിയൂര്‍വെങ്ങളം റീച്ചിലെ സര്‍വീസ് റോഡുകള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ ഗതാഗതയോഗ്യമാക്കാന്‍ എം.പി ആവശ്യപ്പെട്ടു. സര്‍വീസ് റോഡുകളിലെ െ്രെഡനേജ് സംവിധാനത്തിലെ പാളിച്ചകള്‍ മൂലം ഉണ്ടാകുന്ന വെള്ളക്കെട്ടുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി മുന്‍ഗണന നല്‍കി പരിഹാരം കാണും. വീതി കുറഞ്ഞ സര്‍വീസ് റോഡുകളില്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും, മണ്ണിടിച്ചില്‍ ഉണ്ടായ മുക്കാളിയില്‍ അപകടഭീഷണി നേരിടുന്ന കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കുന്ന കാര്യം പ്രത്യേകം പരിഗണിക്കാനും യോഗത്തില്‍ തീരുമാനമായി.
മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ അണ്ടര്‍പാസുകളും ഓവര്‍പാസുകളും വേണമെന്ന ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ ഷാഫി പറമ്പില്‍ എം.പി യോഗത്തില്‍ ഉന്നയിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ ചേമഞ്ചേരിയിലെ വെറ്റിലപ്പാറ, കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ അണേല, വടകരയിലെ പാലയാട്ടുനട, കെ.ടി ബസാര്‍, നാദാപുരം റോഡ്, മീത്തലെ മുക്കാളി എന്നിവിടങ്ങളിലെ അണ്ടര്‍പാസുകള്‍ക്കായുള്ള ആവശ്യങ്ങളും, പഴങ്കാവിലെ ഓവര്‍പാസിന്റെ സാധ്യതകളും പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റിയോട് നിര്‍ദ്ദേശിച്ചു. കൂടാതെ, അഴിയൂര്‍ വെങ്ങളം ദേശീയപാതയില്‍ കൂടുതല്‍ ഫൂട്ട് ഓവര്‍ബ്രിഡ്‌ജുകള്‍ അനുവദിക്കുന്ന കാര്യവും അതോറിറ്റി പരിശോധിക്കും.
പ്രശ്‌നങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി റെവന്യൂ, ദേശീയപാത വിഭാഗം ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തില്‍ ഈ വരുന്ന 9ന് പ്രാഥമിക പരിശോധന നടത്തും. ഇതിന് പിന്നാലെ ഷാഫി പറമ്പില്‍ എം.പി., എം.എല്‍.എമാര്‍, ജില്ലാ കളക്‌ടര്‍ എന്നിവരടങ്ങുന്ന സംയുക്‌ത സംഘം നേരിട്ട് സ്‌ഥലം സന്ദര്‍ശിച്ച് അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളും. ഷാഫി പറമ്പില്‍ എം.പിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊയിലാണ്ടി എം.എല്‍.എ കെ. പ്രവീണ്‍ കുമാര്‍, വടകര എം.എല്‍.എ കെ.കെ രമ, ജില്ലാ കളക്‌ടര്‍, കൊയിലാണ്ടി, വടകര മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ജില്ലാ പഞ്ചായത്ത് അംഗം. ഷഹീന്‍, ചേമഞ്ചേരി, ചെങ്ങോട്ട്‌കാവ്, മൂടാടി, തിക്കോടി, ഒഞ്ചിയം, ചോറോട്, അഴിയൂര്‍ എന്നീ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ദേശീയപാത വിഭാഗം പ്ര?ജക്‌റ്റ് ഡയറക്‌ടര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും പങ്കെടുത്തു.




