
കൊയിലാണ്ടി: സമൂഹമാദ്ധ്യമങ്ങളില്‍ ഇതിനകം വന്‍ ജനപ്രീതി നേടിയ കൊയിലാണ്ടിക്ക് സമീപം ചേലിയയിലെ വാട്ടര്‍ വില്ലേജ് ഫാം ടൂറിസം പദ്ധതിക്ക് ഔദ്യോഗിക തുടക്കം.
വാട്ടര്‍ വില്ലേജില്‍ നടന്ന ചടങ്ങില്‍ കൊയിലാണ്ടി എം.എല്‍.എ അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. വാട്ടര്‍ വില്ലേജ് അടക്കം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി പ്രാദേശിക ടൂറിസം ഹബ് വികസിപ്പിക്കുമെന്ന് പ്രവീണ്‍കുമാര്‍ പറഞ്ഞു. ടൂറിസം മേഖലയില്‍ സ്വകാര്യ പങ്കാളിത്തം നിര്‍ണായകമായതിനാല്‍ സംസ്‌ഥാന സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. പദ്ധതികള്‍ക്ക് ചുവപ്പു നാടകളുടെ തടസം ഒഴിവാക്കും. ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ വാട്ടര്‍ വില്ലേജില്‍ സംഘടിപ്പിക്കുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.ചേലിയ വാട്ടര്‍ വില്ലേജ് മാനേജിംഗ് ഡയറക്‌ടര്‍ ഹാഷിം ചെറേക്കാട് ഭാവി വികസന പദ്ധതികളുടെ സമര്‍പ്പണം നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.
ചെങ്ങോട്ടുകാവ് ബ്‌ളോക്ക് പഞ്ചായത്ത് അംഗം ദേവി, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം ഷുക്കൂര്‍, ഇലാഹിയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ബഷീര്‍, കാഫ് പ്രസിഡന്റ് ജീവന്‍, പി.പി. ഉണ്ണികൃഷ്‌ണന്‍, ഹമീദ് ചെന്നമംഗലൂര്‍ എന്നിവര്‍ സംസാരിച്ചു. ഡോ.സി.പി. അന്‍സാര്‍ സ്വാഗതവും ഷമീം നന്ദിയും പറഞ്ഞു.



