മുക്കം: തോരാമഴയെ തുടര്‍ന്ന് കാരശേരിയില്‍ 70 വര്‍ഷം പഴക്കമുള്ളതും നിരവധിപേര്‍ ഉപയോഗിക്കുന്ന പൊതുക്കിണറടക്കം രണ്ട് കിണറുകള്‍ ഇടിഞ്ഞ് വീണു.
കുടിവെള്ളം മുട്ടി. കാരശേരി പഞ്ചായത്തിലെ പൊതുക്കിണര്‍ ഇടിഞ്ഞുതാഴ്‌ന്നതോടെ കുടിവെള്ളത്തെ ആശ്രയിച്ചവര്‍ ദുരിതത്തിലായി. കാരശേരി കറുത്തപറമ്പ് റോഡില്‍ ആയുര്‍വേദ ഹോസ്‌പിറ്റലിന് സമീപമുള്ള വലിയ കിണറാണ് ഇന്നലെ രാത്രിയോടെ പൂര്‍ണ്ണമായും ഇടിഞ്ഞുപോയത്. മോട്ടോറുകള്‍ ചളിയിലായി. 70 വര്‍ഷത്തോളം പഴക്കമുള്ള ഈ കിണര്‍ പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ പ്രധാന കുടിവെള്ള സ്രോതസായിരുന്നു.
വേനല്‍ക്കാലത്ത് പോലും വറ്റാത്ത കിണര്‍ പെട്ടെന്ന് ഇടിഞ്ഞുതാഴ്‌ന്നത് പ്രദേശവാസികളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ കിണറിന്റെ പരിസരപ്രദേശങ്ങളില്‍ ഇനിയും മണ്ണ് ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതര്‍ എത്രയും പെട്ടെന്ന് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതിശക്‌തമായ കാലവര്‍ഷക്കെടുതിയില്‍ കാരശേരി ഗ്രാമപഞ്ചായത്ത് കുമാരനെല്ലൂര്‍ ഒന്നാം വാര്‍ഡില്‍ സെറീന ചക്കിങ്ങല്‍ എന്നവരുടെ വീട്ടിലെ കിണറാണ് താഴ്‌ന്നു. വാര്‍ഡ് മെമ്പര്‍ ജംഷീദ് ഒളകര, വില്ലേജ് ഓഫീസര്‍ ഷിജേഷ്, വില്ലേജ് ഫീല്‍ഡ് അസിസ്‌റ്റന്റ് ഓഫീസര്‍ കെ. മുബഷിര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.




