
കൊയിലാണ്ടി: നഗരസഭാ പരിധിയില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന തെരുവ് നായ്‌ക്കളുടെ ആക്രമണം ജനങ്ങളുടെ ജീവനും സുരക്ഷയ്‌ക്കും ഗുരുതര ഭീഷണിയായി മാറിയ സാഹചര്യത്തില്‍, അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി മുനിസിപ്പല്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ തെരുവ് നായ്‌ക്കളുടെ ശല്യവും ആക്രമണവും രൂക്ഷമായിരിക്കുകയാണെന്നും, കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഭയമില്ലാതെ പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമാനുസൃതവും ഫലപ്രദവുമായ അടിയന്തര നടപടികള്‍ നഗരസഭ സ്വീകരിക്കണമെന്ന് സെക്രട്ടറിയോട് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഉപരോധ സമരത്തിന് യു.ഡി.എഫ് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ ശ്രീജ റാണി നേതൃത്വം നല്‍കി. ഡെപ്യൂട്ടി ലീഡര്‍ കെ.എം നജീബ്, കൗണ്‍സിലര്‍മാരായ രമ്യ മനോജ്, കെ.എം ഷമീം, റാഷിദ് മുത്താമ്പി, ആയിഷ ജാസ്‌മിന്‍, നിഷ ആനന്ദ് ജസ്ലു, ലാലിഷ, തസ്‌നിയ, ദിനേശന്‍, ഷാദിയ, ഖാദര്‍, ഹൈറുന്നിസ എന്നിവര്‍ പങ്കെടുത്തു.



