
തവനൂര്‍: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പോസ്‌റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രം ആരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് തവനൂരില്‍ സ്‌ഥാപിച്ച പോസ്‌റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിന്റെ (പി.ഒ.പി.എസ്.കെ.) ഉദ്‌ഘാടനം കേന്ദ്ര പെട്രോളിയം- പ്രകൃതി വാതക- ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ഉദ്‌ഘാടനം ചെയ്‌തു. വിദേശ കാര്യ മന്ത്രാലയം, തപാല്‍ വകുപ്പ് എന്നിവയുടെ കീഴില്‍ രാജ്യത്തെ 455- മത്തെയും കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസിന് കീഴിലെ മൂന്നാമത്തെതുമായ പോസ്‌റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രമാണ് തവനൂര്‍ സബ് പോസ്‌റ്റ് ഓഫീസില്‍ മന്ത്രി ഉദ്‌ഘാടനം ചെയ്‌തത്. തുടര്‍ന്ന് തവനൂര്‍ കേളപ്പജി കോളജ് ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ എം.പി. അബ്‌ദുസമദ് സമദാനി എം.പി. മുഖ്യാതിഥിയായി.
മലപ്പുറം പോലെ കൂടുതല്‍ ജനസംഖ്യയും പാസ്‌പോര്‍ട്ട് അപേക്ഷകരുമുള്ള ജില്ലയില്‍ എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഇതു വഴി കഴിയുമെന്ന് കേന്ദ്രസസഹ മന്ത്രി സുരേഷ് ഗോപി ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പോസ്‌റ്റ് ഓഫീസുകളുമായി പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ബന്ധിപ്പിക്കുന്നതു വഴി എല്ലാവര്‍ക്കും എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. തിരൂര്‍- പൊന്നാനി- ഗുരുവായൂര്‍- ഇരിങ്ങാലക്കുട വഴി യുള്ള റെയില്‍വേ പദ്ധതി അനുമതിക്കായി കേന്ദ്ര റെയില്‍വേ മന്ത്രിക്ക് സമര്‍പ്പിച്ചുവെന്നും അദ്ദേഹം തത്വത്തില്‍ അംഗീകരിച്ചതായും മന്ത്രി അറിയിച്ചു.
തവനൂര്‍ കാര്‍ഷിക കോളജില്‍ മന്ത്രി മരം നടുകയും വൃക്ഷത്തൈ വിതരണം ചെയ്ുകയും ചയെയ്‌തു. എം.എല്‍.എ.മാരായ വി.എസ്. ജോയ്, കെ.പി. നൗഷാദലി, ആബിദ് ഹുസൈന്‍ തങ്ങള്‍ സംബന്ധിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ഡോ. ബിനോയ് ജോര്‍ജ്, കോഴിക്കോട് നോര്‍ത്തേണ്‍ റീജ്യണ്‍ പോസ്‌റ്റല്‍ സര്‍വീസസ് ഡയറക്‌ടര്‍ വി.ബി. ഗണേഷ് കുമാര്‍, തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ്, വാര്‍ഡ് അംഗം പി.ടി. ശ്രീനിവാസന്‍ പ്രസംഗിച്ചു. കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ. അരുണ്‍ മോഹന്‍ സ്വാഗതവും തിരൂര്‍ പോസ്‌റ്റല്‍ ഡിവിഷന്‍ സൂപ്രണ്ട് എം.കെ. ഇന്ദിര നന്ദിയും പറഞ്ഞു.



