ഗുരുവായൂര്‍: കാല്‍ നടയാത്ര പോലും ദുസ്സഹമായതിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുകയാണ് ഗുരുവായൂര്‍ നഗരസഭയുടെ എട്ടാം വാര്‍ഡിലെ 19 കുടുംബങ്ങള്‍.
ടാറിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി. ഒരു വര്‍ഷം മുമ്പ് നാട്ടുകാര്‍ റോഡ് നഗരസഭയ്‌ക്ക് വിട്ടുനല്‍കിയെങ്കിലും ടാറിങ് നടപടികള്‍ എങ്ങുമെത്തിയില്ല. ഇതിനു പുറമേ ആറുമാസം മുമ്പ് അമൃത് കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത് സ്‌ഥിതി കൂടുതല്‍ വഷളാക്കി. ഇപ്പോള്‍ റോഡില്‍ ചളിനിറഞ്ഞ് നടക്കാന്‍ പോലും കഴിയാത്ത സ്‌ഥിതിയാണ്. ഇതുമൂലം വാഹനങ്ങള്‍ ഈ ഭാഗത്തേക്ക് ഓട്ടം വരാന്‍ മടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സാധിക്കാത്ത സ്‌ഥിതിയാണ്. മേഖലയില്‍ തെരുവു നായ്‌ക്കളുടെ ശല്യം രൂക്ഷമാണ്. നായ്‌ക്കളുടെ ആക്രമണം ഉണ്ടായാല്‍ പോലും ഓടി രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം ബുദ്ധിമുട്ടാണെന്നും നാട്ടുകാര്‍ പറയുന്നു. ജനനന്മ റോഡ് എന്ന് പേര് നല്‍കിയിട്ടു ണ്ടെങ്കിലും, പേരിന് പോലും ഒരു നന്മയും ഈ റോഡിന് ലഭിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പരിഭവം പറയുന്നു.
. റോഡിലൂടെ നടക്കാന്‍ കഴിയുന്ന തരത്തിലെ ങ്കിലും അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ വ്യക്‌തമാക്കുന്നു. ഇക്കാര്യം നിരവധി തവണ നഗരസഭയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അനങ്ങാപാറ നയമാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ജോയ് ചെറിയാന്‍ പറഞ്ഞു. എത്രയും വേഗം ഈ റോഡ് സഞ്ചാരയോഗ്യമാക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




