
വടക്കേക്കാട്:മലബാര്‍ സ്വതന്ത്ര സുറിയാനി സഭ സ്‌ഥാപകന്‍ കാട്ടുമാങ്ങാട്ടെ പരിശുദ്ധ അബ്രഹാം മാര്‍ കൂറിലോസ് വലിയ ബാവയുടെ 224 -ാം ഓര്‍മ്മപെരുന്നാള്‍ 9,10 തിയ്യതികളില്‍ ആഘോഷിക്കും.
തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഭദ്രാസന ഇടവക പള്ളിയില്‍ സഭ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസ്സോലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷത്തിന്റെ കൊടിയേറ്റം നടന്നു.ഇന്ന് രാവിലെ 7.15ന് വിശുദ്ധ കുര്‍ബാനയോടെ ആഘോഷത്തിന് തുടക്കമാവും. വൈകിട്ട് 3.45 ന് കുന്നംകുളം സെന്റ് തോമസ് കുന്നത്തെ പള്ളിയില്‍ നിന്നും തൊഴിയൂരിലെ ബാവയുടെ കബറിങ്കലേക്ക് പദയാത്ര, അഞ്ചിന് അഞ്ഞൂര്‍ മാര്‍ ബഹനാന്‍ ചാപ്പലില്‍ നിന്നും ഘോഷയാത്ര, തുടര്‍ന്ന് സിറില്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലിത്തയുടെ അധ്യക്ഷതയില്‍ നടക്കുന്ന അനുസ്‌മരണ സമ്മേളനം ഡോ. സാമുവല്‍ മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും. മോര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പാലിത്ത മുഖ്യപ്രഭാഷണം നടത്തും.
ഏഴിന് പെരുന്നാള്‍ സന്ധ്യാ നമസ്‌കാരം, ഖബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, കൈമുത്ത്, ആശീര്‍വ്വാദം, അത്താഴസദ്യ എന്നിവയും വെള്ളിയാഴ്‌ച രാവിലെ 8 ന് പ്രഭാത നമസ്‌കാരം, 8.30ന് വിശുദ്ധ ഒമ്പതിന്മേല്‍ കുര്‍ബാന, തുടര്‍ന്ന് മാര്‍ ബഹനാന്‍ ചാപ്പലിലേക്ക് പ്രദക്ഷിണം, ധൂപപ്രര്‍ത്ഥന, ശ്ലൈഹിക വാഴ്‌പ്പ്,കൈമുത്ത്, പൊതുസദ്യ എന്നിവയും ഉണ്ടാകും. ഭാരവാഹികളായ സഭ വൈദിക ട്രസ്‌റ്റി ഫാ.തോമസ് കുര്യന്‍,സഭ അല്‍മായട്രസ്‌റ്റി ഗീവര്‍ മാണി പനക്കല്‍,സഭ സെക്രട്ടറി ബിനോയ് പി മാത്യു, ആഘോഷ കമ്മിറ്റി ചെയര്‍മാനും ഇടവക വികാരിയുമായ ഫാ.ബെന്ന്യാമിന്‍ ചിറ്റിലപ്പിള്ളി, ഇടവക സെക്രട്ടറി ജോഷി ജോസ് പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



