
ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പത്താമത് ഞാറ്റുവേല മഹോത്സവം 2026-ന്റെ അനുബന്ധ പരിപാടികള്‍ക്ക് പൊറത്തിശ്ശേരി കോട്ടപ്പാടത്ത് നടന്ന മഡ് ഫുട്‌ബോള്‍, മഡ് റേസ് മത്സരങ്ങളോടെ തുടക്കമായി.
കേരള പാലീസ് ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്‌റ്റനും സന്തോഷ് ട്രോഫി കേരള ടീം അംഗവുമായിരുന്ന വിപിന്‍ തോമസ് മത്സരങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്. ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
എട്ട് ടീമുകള്‍ പങ്കെടുത്ത മഡ് ഫുട്‌ബോള്‍ മത്സരത്തില്‍ ഫൈവ് സ്‌റ്റാര്‍ ഇരിങ്ങാലക്കുടയും ഭാവി കലാസമിതി ഇരിങ്ങാലക്കുടയും ഫൈനലില്‍ ഏറ്റുമുട്ടി. നിശ്‌ചിത സമയത്ത് സമനിലയായതിനെ തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒരു ഗോളിന് ഭാവി കലാസമിതി ജേതാക്കളായി. മഡ് റേസില്‍ 25 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ സംഗീത്, അജിത്, ആന്‍സണ്‍ എന്നിവര്‍ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്‌ഥാനങ്ങള്‍ നേടി. 25 മുതല്‍ 45 വയസ്സ് വരെയുള്ള വിഭാഗത്തില്‍ ജിതിന്‍ ഒന്നാം സ്‌ഥാനവും സലീഷ് രണ്ടാം സ്‌ഥാനവും കരസ്‌ഥമാക്കി. 45 വയസ്സിന് മുകളിലുള്ള വിഭാഗത്തില്‍ ഡെയ്‌സണ്‍, സുനില്‍, കൃഷ്‌ണന്‍ എന്നിവര്‍ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്‌ഥാനങ്ങള്‍ കരസ്‌ഥമാക്കി. മത്സരങ്ങളുടെ നിയന്ത്രണം റഫറിമാരായ ലാലു മാസ്‌റ്റര്‍, ഷാജി മാസ്‌റ്റര്‍, അമല്‍ എന്നിവര്‍ നിര്‍വഹിച്ചു.സമാപന സമ്മേളനത്തില്‍ തൃശ്ശൂര്‍ റേഞ്ച് ഇന്റേണല്‍ സെക്യൂരിറ്റി ഡിവൈ.എസ്.പി ബിജോയ് പി.ആര്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്‌തു.എയ്‌മര്‍ ഹോസ്‌പിറ്റല്‍ ഡയറക്‌ടര്‍ അഭിദ് അക്‌ബര്‍, കൗണ്‍സിലര്‍മാരായ വിനീത, സിന്ധു ഗിരീഷ്‌കുമാര്‍, എം.എസ്. ദാസന്‍, കെ.എന്‍. സുഭാഷ്, ഷാജി മാസ്‌റ്റര്‍, ഫെനി എബിന്‍ എന്നിവര്‍ സംസാരിച്ചു.



