തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് മുന്നോടിയായുള്ള താര ലേലത്തിന്റെ പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൂള് എ, പൂള് ബി, പൂള് സി വിഭാഗങ്ങളിലായി 156 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. തിരുവനന്തപുരത്താണു താര ലേലം. ഓരോ ടീമിനും പരമാവധി 20 താരങ്ങളെയും കുറഞ്ഞത് 16 താരങ്ങളെയുമാണ് ലേലത്തിലൂടെ സ്വന്തമാക്കുക. 17 പേരെ വിവിധ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തി. ഏരീസ് കൊല്ലം സെയ്ലേഴ്സും തൃശൂര്‍ ടൈറ്റന്‍സും നാല് താരങ്ങളെ വീതവും കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സും ട്രിവാന്‍ഡ്രം റോയല്‍സും മൂന്ന് പേരെ വീതവും കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ടും ആലപ്പി റിപ്പിള്‍സ് ഒരു താരത്തെയും വീതമാണു നിലനിര്‍ത്തിയത്. കളിക്കാരുടെ പരിചയ സമ്പത്തും കളിമികവും അടിസ്ഥാനമാക്കി മൂന്ന് കാറ്റഗറികളായി തിരിച്ചു. പൂള് എയില്‍ 32 താരങ്ങളാണ്. ബി.സി.സി.ഐ. ഫസ്റ്റ്ക്ല ാസ്, ലിസ്റ്റ് എ, ഐ.പി.എല്‍, ഇന്ത്യ അണ്ടര്‍ 19 എന്നിവയില്‍ കളിച്ച താരങ്ങളാണ് എ വിഭാഗത്തില്‍. മൂന്ന് ലക്ഷം രൂപയാണ് ഇവരുടെ അടിസ്ഥാന തുക. സച്ചിന് ബേബി, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, നിധീഷ് എം ഡി തുടങ്ങിയ താരങ്ങളാണ് പൂള് എയില്‍. അണ്ടര്‍ 19, അണ്ടര്‍ 23 വിഭാഗങ്ങളില്‍ കളിച്ച ബി കാറ്റഗറിയിലെ താരങ്ങള്‍ക്ക് ഒന്നര ലക്ഷവും ജില്ലാ, സോണല്‍, സംസ്ഥാന ടൂര്‍ണമെന്റുകളില്‍ കളിച്ച സി കാറ്റഗറിയിലെ അംഗങ്ങള്‍ക്ക് 75,000 രൂപയുമാണ് അടിസ്ഥാന തുക.പൂള് ബിയില്‍ 37 താരങ്ങളും പൂള് സിയില്‍ 87 താരങ്ങളുമാണ്. ആദിത്യ ബൈജു, പവന് ശ്രീധര്‍, നിഖില്‍ തോട്ടത്ത്, റിയ ബഷീര്‍, അണ്ടര്‍ 19 താരങ്ങളായ അമയ് മനോജ്, ഹൃഷികേശ്, തോമസ് മാത്യു തുടങ്ങിയ താരങ്ങള്‍ ബി വിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ തിളങ്ങിയ അജയഘോഷ്, കൃഷ്ണദേവന്, ജോബിന് ജോബി, സഞ്ജീവ് സതീശന് തുടങ്ങിയ താരങ്ങളാണ് പൂള് സിയിലുള്ളത്. ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ലേലത്തില്‍ ചെലവഴിക്കാനാവുക. നിലനിര്‍ത്തിയ താരങ്ങളുടെ തുക കഴിച്ച് ബാക്കിയുള്ള തുക മാത്രമേ ലേലത്തില്‍ പുതിയ കളിക്കാരെ വാങ്ങാന്‍ ഓരോ ടീമിനും ഉപയോഗിക്കാനാകൂ.





