വാഷിങ്‌ടണ്‍: ഫ്‌ളോറിഡയിലെ പാം ബീച്ച് വിമാനത്താവളം ഇനി ഡോണള്‍ഡ് ട്രംപിന്റെ പേരില്‍. അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍(എഫ്.എ.എ) കഴിഞ്ഞദിവസമാണ് പ്രഖ്യാപനം നടത്തിയത്. പാം ബീച്ച് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിന്റെ പേര് പ്രസിഡന്റ് ഡോണള്‍ഡ് ജെ. ട്രംപ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് പുനര്‍നാമകരണം ചെയ്‌തതായും ഒന്‍പതിന് ഇതു പ്രവര്‍ത്തികമാകുമെന്നുമാണ് എഫ്.എ.എ. അറിയിച്ചത്. യു.എസിലെ ഏതെങ്കിലുമൊരു വിമാനത്താവളത്തിന് അധികാരത്തിലുള്ള പ്രസിഡന്റിന്റെ പേരിടുന്നത് ഇതാദ്യമായാണ്. ട്രംപ് ദത്തെടുത്ത സംസ്‌ഥാനമായ ഫ്‌ളോറിഡയിലാണ് അദ്ദേഹത്തിന്റെ ആഡംബര റിസോര്‍ട്ടായ മാര്‍-അ-ലാഗോ സ്‌ഥിതിചെയ്യുന്നത്. ഫ്‌ളോറിഡ വികസനത്തിനായുള്ള ട്രംപിന്റെ സംഭാവനകള്‍ പരിഗണിച്ച് കഴിഞ്ഞ മാര്‍ച്ചിലാണ് നിയമഭേദഗതിയിലൂടെ വിമാനത്താവളത്തിന്റെ പേരുമാറ്റ നടപടികള്‍ തുടങ്ങിയത്. ഫ്‌ളോറിഡയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസാണ് ഇതിനു പച്ചക്കൊടി കാട്ടിയത്.



