ബെയ്‌ജിങ്: വിനാശം വിതച്ച് ബാവി ചുഴലിക്കാറ്റ് ചൈനയിലേക്ക്. കൊടുങ്കാറ്റിലും പേമാരിയിലും മണ്ണിടിച്ചിലിലും വിവിധ രാജ്യങ്ങളിലായി അന്‍പതിലധികം മരണം. കാലവര്‍ഷക്കെടുതിക്കൊപ്പം ബാവിയും ആഞ്ഞടിച്ചതോടെ മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള മഴക്കെടുതികളില്‍ ഫിലിപ്പീന്‍സില്‍ മാത്രം പതിനഞ്ചോളം പേര്‍ മരിച്ചു. തയ്‌വാനിലും ബാവി കൊടിയനാശത്തിനു വഴിവച്ചു. തലസ്‌ഥാനമായ തായ്‌പേയിയില്‍ സ്‌കൂളുകള്‍ക്ക് ഇന്നലെ അവധി നല്‍കി.
ജപ്പാന്‍, ഹോങ്കോങ് ഉള്‍പ്പെടെ വിവിധയിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗത്തില്‍ ഇന്ന് ചൈനയിലെ ഷാങ്‌ഹായിക്കു തെക്കന്‍പ്രവിശ്യയില്‍ ചുഴലിക്കാറ്റ് കരതൊടുമെന്ന് കാലാവസ്‌ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു. ഇതോടെ ഫ്യൂജിയാന്‍, ഷിജിയാങ് പ്രവിശ്യകളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ഷിജിയാങ്ങില്‍ മാത്രം പതിനേഴായിരത്തോളം പേരെ ഒഴിപ്പിച്ചു. 13 വരെ തെക്കന്‍ ചൈനയിലെമ്പാടും കനത്ത മഴയ്‌ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. തലസ്‌ഥാനമായ ബെയ്‌ജിങ്ങിലും ഹെബെയിലും 300-350 മില്ലീമീറ്റര്‍ മഴയാണു പ്രതീക്ഷിക്കുന്നത്.



