
ബെര്‍ലിന്‍: യാത്രയ്‌ക്കിടെ വിമാനത്തിന്റെ ജനല്‍പ്പാളി തകര്‍ന്ന് പകുതിയോളം പുറത്തേക്കു തെറിച്ച യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗ്രീസില്‍നിന്ന് ജര്‍മനിയിലേക്കു പറന്ന റയാന്‍ എയര്‍ വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍.
സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നതുകൊണ്ടും സഹയാത്രക്കാര്‍ കൃത്യസമയത്ത് ഉള്ളിലേക്കു വലിച്ചുകയറ്റിയതുകൊണ്ടും മാത്രമാണ് സെര്‍ബിയന്‍ സ്വദേശിയായ യാത്രികന്‍ രക്ഷപ്പെട്ടത്. വിനോദസഞ്ചാരിയായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗ്രീസിലെ തെസലോനികിയില്‍നിന്ന് ജര്‍മനിയിലെ മെമ്മിംഗവനിലേക്കു പോകുകയായിരുന്ന വിമാനം വടക്കന്‍ മാസിഡോണിയയ്‌ക്കു മുകളിലൂടെ പറക്കുമ്പോഴാണ് അപകടമുണ്ടായത്.
മിക്ക യാത്രക്കാരും ഉറക്കത്തിലായിരിക്കെ, ടയര്‍ പൊട്ടുംപോലെയുള്ള വലിയ ശബ്‌ദം കേള്‍ക്കുകയും വിമാനത്തിനുള്ളിലെ വായുമര്‍ദം ദ്രുതഗതിയില്‍ കുറയുകയും ചെയ്‌തു. ഇതിനൊപ്പം ഓക്‌സിജന്‍ മാസ്‌ക്കുകള്‍ താഴേക്കു വീണതായും പറയപ്പെടുന്നു. ''വിമാനത്തിനുള്ളില്‍ പെട്ടെന്ന് രൂക്ഷഗന്ധവും അനുഭവപ്പെട്ടു.
നോക്കുമ്പോള്‍ ഒരു യാത്രികന്റെ തലയും തോളും ജനലിനു പുറത്തായിരുന്നു. ഭാഗ്യത്തിന് അയാള്‍ സീറ്റ്‌ബെല്‍റ്റ് അഴിച്ചിരുന്നില്ല. ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ ചേര്‍ന്ന് ഇയാളെ ഉള്ളിലേക്കു വലിച്ച് കയറ്റി.'' സഹയാത്രികയായ ഒരു സ്‌ത്രീ മാധ്യമങ്ങളോടു പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് ഗ്രീസിലെ തെസലോനികിയിലേക്കു വിമാനം തിരിച്ചുവിട്ടു.
സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തശേഷം പരുക്കേറ്റ യാത്രികന് ഉടന്‍തന്നെ വൈദ്യസഹായം ലഭ്യമാക്കിയതായി റയാന്‍ എയര്‍ അധികൃതര്‍ പ്രസ്‌താവനയില്‍ അറിയിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുശേഷം മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയാണ് യാത്രക്കാരെ ജര്‍മനിയിലെത്തിച്ചത്.
വിമാനത്തിന്റെ എന്‍ജിനില്‍നിന്നു വേര്‍പെട്ടഭാഗം വന്നിടിച്ചതാണ് ജനല്‍ തകരാന്‍ കാരണമായതെന്ന് ഗ്രീക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.


