
വാഷിങ്‌ടണ്‍: കാനഡയില്‍ ഖലിസ്‌ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്‌ജാറിനെ കൊലപ്പെടുത്തിയ കേസിലടക്കം ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിക്കും കൂട്ടാളികള്‍ക്കുമെതിരേ കുറ്റം ചുമത്തി യു.എസ് നീതിന്യായ വകുപ്പ്. ചൊവ്വാഴ്‌ച കലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്‌ട്രിക്‌റ്റ് ഫെഡറല്‍ കോടതിയില്‍ കുറ്റപത്രത്തിലാണ് ബിഷ്‌ണോയിയെയും കൂട്ടാളിയായ ഗോള്‍ഡി ബ്രാര്‍ എന്നറിയപ്പെടുന്ന സതീന്ദര്‍ജീത് സിങ്ങിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. നിജ്‌ജാറിനെ വധിക്കാന്‍ ഉത്തരവിട്ടത് ബിഷ്‌ണോയി ആണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
2023 ജൂണ്‍ 18നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്‌ക്കു സമീപം കനേഡിയന്‍ പൗരനായ നിജ്‌ജാര്‍ വെടിയേറ്റു മരിച്ചത്. നിലവില്‍ അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലെ അതിസുരക്ഷ സെല്ലില്‍ കഴിയുന്ന ബിഷ്‌ണോയി, 2015 മുതല്‍ രാജ്യത്തെ വിവിധ ജയിലുകളിലായി തടവിലാണ്.
അതേസമയം, ഒളിവില്‍ കഴിയുകയാണ് ഗോള്‍ഡി ബ്രാര്‍. ഇയാളെ പിടികൂടാന്‍ വിവരം നല്‍കുന്നവര്‍ക്ക് എഫ്.ബി.ഐ 50,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ആദ്യം യു.എസ് കോടതി ബ്രാറിനെതിരേ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
കൊലപാതകങ്ങള്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് എന്നിവയുള്‍പ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങളില്‍ 33 കാരനായ ബിഷ്‌ണോയിയെയും ആറ് കൂട്ടാളികളെയും പ്രതിചേര്‍ത്തിട്ടുണ്ട്.
ഈ കോടതി ആഴ്‌ച പുറത്തുവിട്ട കുറ്റപത്ര പ്രകാരം, നിജ്‌ജാറിന്റെ കൊലപാതകമാണ് ബിഷ്‌ണോയി സംഘത്തിന്റെ കുറ്റകൃത്യങ്ങളില്‍ ഏറ്റവും പ്രധാനം. ഔദ്യോഗിക രേഖകളില്‍ 'ബിഷ്‌ണോയി ഓര്‍ഗനൈസ്‌ഡ് ൈക്രം ഗ്രൂപ്പ്' (ബിഷ്‌ണോയി ഒ.സി.ജി) എന്ന് വിശേഷിപ്പിച്ചിരിക്കുന്ന ഇവര്‍ തന്നെയാണ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്റെ വീടിന് നേരെ നടന്ന വെടിവയ്‌പ്പ്, പഞ്ചാബി നടനും ഗായകനുമായ ഗിപ്പി ഗ്രെവാളിന് നേരെയുണ്ടായ വധഭീഷണി, പ്രശസ്‌ത ഗായകന്‍ സിദ്ദു മൂസേവാലയുടെ (ശുഭ്‌ദീപ് സിങ് സിദ്ദു) കൊലപാതകത്തിനുള്ള ആസൂത്രണം എന്നിവയ്‌ക്ക് പിന്നിലെന്നും വ്യക്‌തമാക്കുന്നു.
'ബിഷ്‌ണോയി സംഘവും കൂട്ടാളികളും നടത്തുന്ന അക്രമങ്ങള്‍ പലപ്പോഴും ഇന്ത്യയിലെയും വിദേശത്തുള്ള ഇന്ത്യന്‍ സമൂഹത്തിലെയും പ്രമുഖ സാംസ്‌കാരിക, രാഷ്‌ട്രീയ, ബിസിനസ് നേതാക്കളെ ലക്ഷ്യമിട്ടുള്ളതായിരുന്നു,' എന്ന് കുറ്റപത്രത്തില്‍ പറയുന്നു.
വര്‍ഷങ്ങള്‍ക്കൊണ്ട് ബിഷ്‌ണോയിയുടെ സംഘം ഇന്ത്യ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന 'രാജ്യാന്തര ക്രിമിനല്‍ സിന്‍ഡിക്കേറ്റ്' ആയി മാറിയെന്നും യു.എസ്, കാനഡ, യു.കെ, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇവര്‍ക്ക് ശൃംഖലയുണ്ടെന്നും യു.എസ് അന്വേഷണത്തില്‍ കണ്ടെത്തി. ജയിലിലേക്ക് ഒളിച്ചുകടത്തിയ മൊബൈല്‍ ഫോണുകളും വി.ഒ.ഐ.പി ഉപകരണങ്ങളും ഉപയോഗിച്ചാണ് ബിഷ്‌ണോയി ജയിലിനുള്ളില്‍ നിന്ന് ലോകമെമ്പാടുമുള്ള തന്റെ കൂട്ടാളികളെ നിയന്ത്രിച്ചിരുന്നതെന്നും അന്വേഷണം വ്യക്‌തമാക്കുന്നു.


