മുംബൈ: ശരദ് പവാറിന്റെ എന്‍.സി.പിയില്‍ നിന്നുള്ള ആറ് എം.പിമാര്‍ കൂറുമാറാന്‍ തയാറെടുക്കുകയാണെന്ന അഭ്യൂഹത്തില്‍ പ്രതിപക്ഷനിരയില്‍ അങ്കലാപ്പ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാനാണ് ഇത്തരമൊരു ഊഹാപോഹത്തിനു വഴിമരുന്നിട്ടത്. പവാറിന്റെ പാര്‍ട്ടി ഇപ്പോള്‍ സൂക്ഷ്‌മനിരീക്ഷണത്തിലാണെന്ന് ചവാന്‍ പറഞ്ഞു. നിരവധി എം.പിമാര്‍ അസ്വസ്‌ഥരാണ്. അവര്‍ കേന്ദ്ര സര്‍ക്കാരില്‍നിന്നു വലിയ സമ്മര്‍ദം നേരിടുന്നു.
ശിവസേനയില്‍നിന്ന് ഏക്‌നാഥ് ഷിന്‍ഡെ പക്ഷം പിളര്‍ന്നു മറുകണ്ടം ചാടിയതിനു സമാനമായ സാഹചര്യമാണ് നിലവിലെന്നും ചവാന്‍ പറഞ്ഞു.
ശിവസേന പിളര്‍ത്തി മറുകണ്ടം ചാടിയ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി കൂടിയായ ഏക്‌നാഥ് ഷിന്‍ഡെയുമായി വിധാന്‍ ഭവനില്‍ കഴിഞ്ഞദിവസം എന്‍.സി.പി. തലവന്‍ ശരദ് പവാര്‍ സൗഹൃദകൂടിക്കാഴ്‌ച നടത്തിയതാണ് രാഷ്‌ട്രീയച്ചൂട് ഉയര്‍ത്തുന്നത്‌്. കൂടിക്കാഴ്‌ച യാദൃശ്‌ചികമാണെന്നു കരുതുന്നില്ലെന്ന് പൃഥ്വിരാജ് ചവാന്‍ ഇന്നലെ വ്യക്‌തമാക്കി. മുന്‍നിശ്‌ചയപ്രകാരമാണ് ഇരുവരും കണ്ടത്. എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു- ശരദ് പവാര്‍പക്ഷം എം.പിമാരില്‍ ചിലര്‍ ചേരിമാറ്റത്തിനു തയാറെടുക്കുന്നുവെന്നതില്‍ സംശയം പ്രകടിപ്പിച്ച് ചവാന്‍ പറഞ്ഞു.
പവാറിന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസുമായി ലയിപ്പിക്കാനുള്ള സാധ്യതകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ വിവാദങ്ങള്‍.
പ്രത്യയശാസ്‌ത്രപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും വ്യക്‌തിപരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത് തെറ്റല്ലെന്നായിരുന്നു തുടക്കത്തില്‍ പൃഥ്വിരാജ് ചവാന്‍ കൂടിക്കാഴ്‌ചയെ ന്യായീകരിച്ചത്. പക്ഷേ, പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാല്‍ എന്‍.ഡി.എ. പ്രത്യയശാസ്‌ത്രപരവും രാഷ്‌ട്രീയവുമായ അജന്‍ഡ വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഭരണഘടനാ കാര്യങ്ങള്‍, അതിര്‍ത്തി നിര്‍ണയം, പ്രധാനപ്പെട്ട ഭരണഘടനാ തീരുമാനങ്ങള്‍ എന്നിവയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
അതിനിടെ, ഭരണസഖ്യത്തില്‍ നിന്നുള്ള ഏത് നിര്‍ദേശവും പരിഗണിക്കുമെന്ന് എന്‍.സി.പി എം.പി: അമോല്‍ കോല്‍ഹെ പ്രസ്‌താവിച്ചത് പുതിയ ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടു. ആറ് എം.പിമാര്‍ സഖ്യം മാറിയാല്‍, മഹാരാഷ്‌ട്രയിലെ പ്രതിപക്ഷബലത്തെ അത് സാരമായി ബാധിക്കും.
ദേശീയതലത്തില്‍ എന്‍.ഡി.എയിലെ എണ്ണവും ആത്മവിശ്വാസവും വര്‍ധിപ്പിക്കും. പ്രതിപക്ഷ പാര്‍ട്ടികളിലെ കൂറുമാറ്റങ്ങള്‍ രാഷ്‌ട്രീയ കാലാവസ്‌ഥയെ സാരമായി മാറ്റിമറിച്ചേക്കാമെന്നിരിക്കെ 20 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലേക്കാണ് എല്ലാവരുടെയും കണ്ണുകള്‍.
ശരദ് പവാര്‍-ഷിന്‍ഡെ കൂടിക്കാഴ്‌ചയ്‌ക്കെതിരേ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവായ സഞ്‌ജയ് റാവുത്ത് ആഞ്ഞടിച്ചിരുന്നു. ഇത്തരം കൂടിക്കാഴ്‌ചകള്‍ പാര്‍ട്ടിയുടെ ശിഥിലീകരണത്തിനു വഴിവച്ചവരുടെ പദവി ഉയര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, എന്‍.സി.പി (എസ്.പി) സ്‌ഥാപകന്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്‌ചയെ ന്യായീകരിച്ച് ഇന്നലെ ഏക്‌നാഥ് ഷിന്‍ഡെ രംഗത്തെത്തി. രാഷ്‌ട്രീയ എതിരാളികളെ ശത്രുക്കളായി കാണാന്‍ കഴിയില്ലെന്ന് മഹാരാഷ്ര്‌ട ഉപമുഖ്യമന്ത്രി പറഞ്ഞു. 'ശരദ് പവാര്‍ എത്തിയെന്ന് അറിഞ്ഞയുടനെ, ഞാന്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഓടി. നമ്മള്‍ രാഷ്‌ട്രീയ എതിരാളികളാണ്, ശത്രുക്കളല്ല'- നിയമസഭയില്‍ സംസാരിച്ച ഷിന്‍ഡെ പറഞ്ഞു.
കൂടിക്കാഴ്‌ച സംബന്ധിച്ച അഭ്യൂഹം 'ചായക്കോപ്പയിലെ കൊടുങ്കാറ്റ്' മാത്രമാണെന്ന് ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും പ്രതികരിച്ചു. തങ്ങളുടെ പക്ഷത്തുള്ള എട്ട് എം.പിമാരുമായും താന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഒരാള്‍പോലും എന്‍.ഡി.എ. ക്യാമ്പിലേക്കു കൂടുമാറില്ലെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിഷയത്തിലെ സഞ്‌ജയ് റാവുത്തിന്റെ പ്രതികരണം തെറ്റിദ്ധാരണമൂലമാണെന്നും സുപ്രിയ സുലെ പറഞ്ഞു.




